Friday 21 December 2018 06:45 PM IST

പ്യുവർ വെജിറ്റേറിയനും യോഗയും; അഭിനയ ജീവിതത്തിന്റെ 25 – ാം വയസ്സിലും ശരത് ‘നിത്യഹരിത നായകൻ’

V.G. Nakul

Sub- Editor

s1

സീരിയൽ രംഗത്തെ‘നിത്യഹരിത നായക’നാണ് ശരത് ദാസ്. പ്രായത്തിന്റെ കണക്കുമായി ചേർന്നു പോകാത്ത ‘റിയൽ എവർഗ്രീൻ സ്റ്റാർ’. ‘‘അന്നു കണ്ട പോലെ തന്നെ’’ യെന്നാണ് ഇപ്പോഴും ശരത്തിനെക്കുറിച്ച് മലയാളികൾ പറയുക.

‘‘ പ്രായം നാൽപ്പതായി എന്നു പറയുമ്പോൾ പലരും വിശ്വസിക്കുന്നില്ല. ‘ഏയ്, ചുമ്മാ തമാശ പറയാതെ’ എന്നാണ് മിക്കവരുടെയും കമന്റ ്’’.– നിറഞ്ഞ ചിരിയോടെയാണ് ശരത് സംസാരിച്ചു തുടങ്ങിയത്.

‘‘അടുത്തിടെ ഒരു ടിക് ടോക് വിഡിയോ ചെയ്തു. അതിനു താഴെ വന്ന കമന്റുകളിൽ കൂടുതലും പ്രായത്തെ സംബന്ധിച്ചായിരുന്നു. ‘ഇയാൾക്ക് നാൽപ്പതു വയസ്സായെന്നോ, എന്താ ഈ പറയുന്നേ’ എന്നൊക്കെയായിരുന്നു പലരുടെയും ചോദ്യം’’.

അഭിനയ ജീവിതത്തിന് 25 വയസ്സ് തികയുന്നതിന്റെ സന്തോഷത്തിൽ ശരത് ദാസ് ‘വനിത ഓണ്‍ലൈനുമായി’ സംസാരിക്കുന്നു.

s3

‘‘എനിക്ക് ഒരു വയസ്സുള്ളപ്പോഴാണ് കുടുംബം ആലുവയിൽ നിന്ന് തിരുവനന്തപുരത്തെത്തിയത്. അച്ഛൻ വെൺമണി ഹരിദാസ് മൃണാളിനി സാരാഭായിയുടെ ‘ദർപ്പണ’യിൽ ഗായകനായിരുന്നു. കലാമണ്ഡലത്തിൽ നിന്നു കഥകളി സംഗീതം പഠിച്ച ശേഷം അച്ഛൻ അഹമ്മദാബാദിലേക്കു പോയി. മല്ലികാ സാരാഭായിയുടെ അരങ്ങേറ്റത്തിനൊക്കെ അദ്ദേഹമാണ് പാടിയത്. അതിനു ശേഷം തിരുവന്തപുരത്ത് ‘മാർഗി’യിൽ അദ്യാപകനായി വന്നു. അമ്മ സരസ്വതി. അനിയൻ ഹരിത് ദാസ്. ശരത് ദാസ് എന്നാണ് എന്റെ മൊത്തം പേര്. ആചാര പ്രകാരം വെൺമണി നാരായണൻ നമ്പൂതിരിപ്പാടെന്ന മുത്തശ്ശന്റെ പേരും എനിക്കിട്ടു. പക്ഷേ സിനിമയിലും സീരിയലിലും ശരത് എന്നു മാത്രമാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ശരത് എന്ന പേരിൽ പലരും വന്നപ്പോൾ ഞാൻ തന്നെ എല്ലായിടത്തും ശരത് ദാസ് എന്നു പറയാൻ തുടങ്ങി’’.


സാന്താ ആൻഡ് മാവേലി ഇൻ ടൗൺ; വൈറൽ ചിത്രങ്ങൾക്കു പിന്നിലെ സസ്പെൻസ് ഇതാണ്– ചിത്രങ്ങൾ

‘കരൾ കൊത്തിപ്പറക്കാൻ മരണം അരികിലുണ്ട്, അപ്പോഴും അമീറ പുഞ്ചിരിക്കുകയാണ്’; കണ്ണീരുവറ്റുന്ന ഈ കഥയൊന്നു കേൾക്കണം

'ഞാൻ തെറ്റ് ചെയ്തിട്ടില്ല, ആ ഉറപ്പിൽ നീ അഭിമാനത്തോടെ ജീവിക്കണം'; 'മീടൂ'വിൽ കുരുങ്ങി ജീവനൊടുക്കിയ മലയാളി യുവാവിന്റെ ഹൃദയനിര്‍ഭരമായ കുറിപ്പ്

‘തുമ്മിയാലും തുറിച്ചു നോക്കിയാലും ഹർത്താൽ’; നേതാക്കൻമാരുടെ തലയിൽ ‘ലൈറ്റ്തെളിക്കാൻ’ അവരിറങ്ങുന്നു

s5

ഷാജി.എൻ.കരുണിനൊപ്പം സിനിമയിൽ

ആകസ്മികമായിട്ടായിരുന്നു അഭിനയ രംഗത്തേക്കുള്ള വരവ്. 15 –ാ ം വയസ്സിലാണ് ഷാജി.എൻ.കരുണ്‍ സാറിന്റെ ‘സ്വം’ എന്ന ചിത്രത്തിൽ അഭിനയിച്ചത്. അതിൽ എന്റെ അച്ഛനും ഞാനും അച്ഛനും മകനുമായി തന്നെ അഭിനയിച്ചു. അച്ഛൻ ടി.വിയിൽ പാടുന്നത് കണ്ടാണ് ആ ഓഫർ വന്നതത്രേ. ആർട്ടിസ്റ്റ് നമ്പൂതിരി സാർ ‘സ്വം’ മ്മിന്റെ തിരക്കഥ വായിച്ച്, കഥാപാത്രങ്ങളെ സ്കെച്ച് ചെയ്തപ്പോൾ ഒരു ക്യാരക്ടറിന് അച്ഛന്റെ ഛായയായിരുന്നു. നമ്പൂതിരി സാർ തന്നെയാണ് അച്ഛനെ നിർദേശിച്ചതെന്നും പറയുന്നു. എന്തായാലും അച്ഛനെ വിളിക്കാൻ വീട്ടിൽ വന്നപ്പോൾ എന്റെ ഫോട്ടോ കണ്ട് എന്നെയും ആ സിനിമയിലേക്കു തിരഞ്ഞെടുത്തു. അതിനു ശേഷം 22 സിനിമകളിൽ അഭിനയിച്ചു. ശബ്ദം നൽകിയവ നൂറോളം വരും. സിനിമയിൽ പത്രത്തിലെ കഥാപാത്രമാണ് ഇപ്പോഴും ആളുകൾക്കു പ്രിയം. അതേ പോലെ ദേവദൂതനിലെയും മധുരനൊമ്പരക്കാറ്റിലെയും പാട്ടു രംഗങ്ങളും പലരും ഓർത്തിരിക്കുന്നു.

ശ്രീകുമാരൻ തമ്പിയോടൊപ്പം ടെലിവിഷനിൽ

1996 ൽ ശ്രീകുമാരൻ തമ്പി സാറിന്റെ ‘മോഹനദർശനം’ എന്ന ടെലിഫിലിമിലൂടെയാണ് ഞാൻ ടെലിവിഷൻ രംഗത്തെത്തിയത്. എൻ. മോഹനൻ സാറിന്റെ കഥയായിരുന്നു അത്. 2000 ൽ, എ.എൻ. നസീർ സംവിധാനം ചെയ്ത ‘മനസ്സാ’ണ് ആദ്യ മെഗാസീരിയൽ. സീരിയലുകളുടെ എണ്ണം നൂറു വരെയൊക്കെ ഞാൻ എണ്ണുന്നുണ്ടായിരുന്നു. പിന്നെ വിട്ടു. മഴവിൽ മനോരമയിലെ ‘ഭ്രമണം’ ആണ് പുതിയ സീരിയൽ. ഇപ്പോൾ കുടുംബത്തിന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ ഒരു സമയം ഒരു സീരിയൽ മാത്രം.

s2

അന്നത്തെ ന്യൂജനറേഷൻ

2002 ൽ, അക്കാലത്തെ ന്യൂജനറേഷനായാണ് വിനീത് കുമാർ, ഞാൻ, കൃഷ്ണ തുടങ്ങിയവരൊക്കെ സിനിമയിലേക്കു വന്നത്. അന്നു പക്ഷേ ഞങ്ങളെ പ്രമോട്ട് ചെയ്യാനോ സപ്പോർട്ട് ചെയ്യാനോ ഇന്നത്തത്ര മീഡിയകളുണ്ടായിരുന്നില്ല. ഇപ്പോൾ അതല്ല സ്ഥിതി, ഒരു സിനിമയിലഭിനയിച്ചാൽ പോലും താരമാകാം. സോഷ്യൽ മീഡിയയുടെ സപ്പോർട്ടു കിട്ടും.

s4

ആ കാലത്തു തന്നെ, ടെലിവിഷന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയപ്പോൾ ഞാൻ പതിയെ അതിലേക്കു മാറി. എന്നെ സംബന്ധിച്ചിടത്തോളം അതൊരു നല്ല തീരുമാനമായിരുന്നു. സിനിമയിൽ ഉറച്ചു നിൽക്കാത്തതിൽ നഷ്ടബോധം തോന്നിയിട്ടില്ല.

എനിക്കു തോന്നുന്നത് പൃഥ്വിരാജിന്റെ വരവോടെയാണ് ദീർഘകാലത്തിനു ശേഷം മലയാള സിനിമയിൽ ഒരു പുതിയ തലമുറ ശക്തമായതെന്നാണ്. ഇപ്പോൾ പുതിയ അഭിനേതാക്കളെയും സംവിധായകരെയുമൊക്കെ പ്രേക്ഷകർ സ്വീകരിച്ചു തുടങ്ങി. ഞങ്ങളുടെ തലമുറയ്ക്ക് ആ പരിഗണന കിട്ടിയിട്ടില്ല. എങ്കിലും അവഗണിക്കപ്പെട്ടു എന്ന തോന്നലില്ല. ഇപ്പോഴും ഫീൽഡില്‍ തുടരാനാകുന്നുണ്ടല്ലോ. ലാലേട്ടനുൾപ്പടെ മലയാളത്തിലെ വലിയ താരങ്ങൾക്കൊപ്പം അഭിനയിക്കാനായി എന്നത് വലിയ സന്തോഷം. മമ്മൂക്കയ്ക്കൊപ്പം കൂടി ഒരു വേഷം ചെയ്യണമെന്നുണ്ട്. അതും സാധിക്കുമെന്ന് വിശ്വസിക്കുന്നു.

സിനിമ പോലെ ജീവിതം

‘സ്വം’ മ്മിൽ എന്റെയും അച്ഛന്റെയും കഥാപാത്രങ്ങൾ മരിക്കുന്നതായാണ്. അമ്മ ആ രംഗം കണ്ടു തിയേറ്ററിലിരുന്നു കരഞ്ഞു. സിനിമയിൽ, അച്ഛന്റ കഥാപാത്രത്തിന് എന്റെ കഥാപാത്രം ബലിയിടുന്ന സീനുണ്ട്. അതിലഭിനയിക്കുമ്പോള്‍ അച്ഛൻ അടുത്തു നിന്നു കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം 2005 ൽ, അച്ഛൻ മരിച്ച്, കർമ്മങ്ങൾ ചെയ്യുമ്പോൾ എന്റെ മനസ്സിൽ അന്നത്തെ ഷൂട്ടിങ് ദിവസമായിരുന്നു. എല്ലാം വീണ്ടും ആവർത്തിക്കുന്നതു പോലെ...

s6

പ്യുവർ വെജിറ്റേറിയൻ

ഡയറ്റിങ്ങൊന്നുമില്ല. പ്യുവർ വെജിറ്റേറിയനാണ്. യോഗ ചെയ്യുന്നുണ്ട്. ജ്യൂസും പച്ചക്കറികളുമാണ് കൂടുതൽ കഴിക്കാറ്. ശരീരത്തിന് ആവശ്യമുള്ളത് അറിഞ്ഞു കഴിയ്ക്കുക എന്നതാണ് എന്റെ ശീലം. പെട്ടെന്ന് തടിയ്ക്കുന്ന ശരീരപ്രകൃതമല്ല. ഡയറ്റീഷ്യനുമായി കൺസർട്ട് ചെയ്യാറുണ്ട്. ചില ദിവസങ്ങളിൽ ധാരാളം കഴിയ്ക്കും. പിറ്റേ ദിവസം അതനുസരിച്ച് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കും. നോൺവെജ് കഴിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ എനിക്കത് ശരിയായില്ല.

കുടുംബങ്ങളുടെ ശ്രീകൃഷ്ണന്‍

‘ശ്രീമഹാഭാഗവതം’ എന്ന സീരിയലിലാണ് ശ്രീകൃഷ്ണനായി അഭിനയിച്ചത്. ഇപ്പോഴും പ്രായമുള്ളവരൊക്കെ പറയുന്നത് മനസ്സിൽ കൃഷ്ണനെ വിചാരിക്കുമ്പോൾ ശരത്തിന്റെ മുഖമാണ് തെളിയുന്നതെന്നാണ്. ‘ഭ്രമണ’ത്തിൽ ഒരു നെഗറ്റീവ് ക്യാരക്ടറാണ്. ആദ്യമായാണ് വില്ലൻ വേഷത്തിൽ അഭിനയിക്കുന്നത്. അതു കണ്ടു പലരും ചോദിക്കുന്നത് ‘ശ്രീകൃഷ്ണനായി നിന്നിട്ട് ഇപ്പോൾ കംസനായല്ലോ’ എന്നാണ്.....

കുടുംബം

ഭാര്യ മഞ്ജു ഐ.എൻ. സീനിയർ ഓർഡിയോളജിസ്റ്റാണ്. മൂത്ത മകൾ വേദ ആറാം ക്ലാസിലും ഇളയയാൾ ധ്യാന രണ്ടാം ക്ലാസിലും. കുടുംബമാണ് എപ്പോഴും എന്റെ ശക്തി.