Thursday 09 January 2020 02:32 PM IST

അറിഞ്ഞപ്പോൾ ചങ്ക് പൊള്ളി, വിവാഹ സദ്യയ്ക്ക് പണം പിരിച്ചത് അമ്മയെപ്പോലെ കരുതിയ സ്ത്രീ! വെളിപ്പെടുത്തലുമായി മഹാലക്ഷ്മിയുടെ പിതാവ്

V.G. Nakul

Sub- Editor

s1

‘‘എന്റെ മോളുടെ വിവാഹത്തിന് സദ്യ നടത്താനെന്നു പറഞ്ഞു പരിചയക്കാരിൽ നിന്നൊക്കെ പണം പിരിച്ചിരിക്കുന്നു. ഞാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണ് അമ്മയെ പോലെ കരുതി ബഹുമാനിച്ചിരുന്ന ‘ആ സ്ത്രീ’, അതും അറിയപ്പെടുന്ന നർത്തകി ചെയ്തത്. അന്വേഷിച്ചപ്പോൾ ഇതവരുടെ സ്ഥിരം പരിപാടിയാണെന്നാണ് അറിയാൻ കഴിഞ്ഞത്. മരിച്ച സഹപ്രവർത്തകന്റെ േപരിൽ വരെ അവർ ഇങ്ങനെ പിരിവെടുത്തിട്ടുള്ളതായി പലരിൽ നിന്നും അറിയാൻ കഴിഞ്ഞു.’’– പറയുമ്പോൾ മുൻ കലാതിലകവും സീരിയൽ സിനിമാ താരവുമായ മഹാലക്ഷ്മിയുടെ അച്ഛൻ സർവേശ്വരന്റെ വാക്കുകൾ വിറകൊണ്ടു.

മൃദംഗവിദ്വാനും സംഗീതജ്ഞനുമായ സർവേശ്വരന്‍ ഗണേശൻ ഫെയ്സ്ബുക്കിൽ കുറിച്ച ചതിയുടെ കഥ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയാണ്. ഇതിനെക്കുറിച്ച് ‘വനിത ഓൺലൈനോട് ’ സംസാരിക്കുമ്പോൾ പലപ്പോഴും ശബ്ദം ഇടറി. ‘ഞങ്ങളെ സംബന്ധിച്ച് സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും ഇല്ല. മോളുടെ വിവാഹം ഒന്നിനും ഒരു കുറവില്ലാതെ ആഘോഷമായി നടത്തണം എന്നത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ചെയ്തതും. പക്ഷേ, അതിനിടെ മനസ്സറിവില്ലാതെ ഇങ്ങനെയൊരു അപമാനം കടന്നു വരുമെന്ന് ചിന്തിച്ചതേയില്ല. ഇത് സഹിക്കാവുന്നതിനും അപ്പുറമാണ്...’’

വിഹാഹത്തിൽ സംഭാവനകളൊന്നും സ്വീകരിക്കുന്നതല്ല എന്ന് കുടുംബം നേരത്തേ തീരുമാനിച്ചിരുന്നു. അത് ക്ഷണക്കത്തിലും കുറിച്ചു. എന്നാൽ വിവാഹദിവസം കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്ന, പ്രശസ്തയായ ഒരു സ്ത്രീ സദ്യ സംഭാവന ചെയ്തത് താനാണെന്ന പേരിൽ മണ്ഡപത്തിൽ പണം പിരിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ‘‘അവിടെ അങ്ങനെ ഒരു പിരിവ് നടക്കുന്നു എന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. കല്യാണം കഴിഞ്ഞ്, വയനാട്ടിലെ റിസപ്ഷനും കഴിഞ്ഞ്, മടങ്ങി വന്ന ശേഷം ഞങ്ങളുടെ ഡാൻസ് സ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളുടെ രക്ഷകർത്താക്കള്‍ പറഞ്ഞാണ് സംഭവം അറിഞ്ഞത്. ഞെട്ടിപ്പോയി. തിരക്കിയപ്പോൾ, ഒരുപാടു പേരുടെ കയ്യിൽ നിന്ന് അവർ പണം പിരിച്ചെന്നു മനസ്സിലായി. പ്രശസ്തരുൾപ്പടെ പലരും പണം കൊടുത്തു. എത്ര എന്ന് കൃത്യമായി പറയാൻ പറ്റില്ലെങ്കിലും ഒരു വലിയ തുക അവർ പലരിൽ നിന്നായി പിരിച്ചിട്ടുണ്ട്. ഒരുപാട് പേരുടെ വീട്ടിൽ പോയി ഞാൻ തിരക്കിയപ്പോള്‍ അവരെല്ലാം പൈസ കൊടുത്തിട്ടുണ്ട് എന്നാണ് പറഞ്ഞത്’’. – സർവേശ്വരന്‍ പറയുന്നു.

ഞാൻ പേര് പറയും

ആരിൽ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതല്ല എന്ന് കല്യാണക്കുറിയിൽ കൃത്യമായി എഴുതിയിരുന്നു. മാത്രമല്ല, കല്യാണത്തിന്റെ തീയതി ഓർമിപ്പിക്കുന്നതിനായി ഓരോ വീട്ടിലും കല്യാണം ക്ഷണിച്ചതിനൊപ്പം ഞാൻ നേരിട്ട് ഒട്ടിച്ച സ്റ്റിക്കറിലും അത് രേഖപ്പെടുത്തിയിരുന്നു. ഈ ചതി ചെയ്ത വ്യക്തിയുടെ പേര് ഇപ്പോൾ പറയുന്നില്ല. വൈകാതെ അതു ഞാൻ പത്രസമ്മേളനത്തിലൂടെ വെളിപ്പെടുത്തും. പറയാതിരിക്കാൻ പറ്റില്ല. വളരെ പ്രശസ്തയായ ഒരു സ്ത്രീയാണ് അവർ. നൃത്തരംഗത്ത് പ്രവർത്തിക്കുന്ന ആളാണ്. കല്യാണത്തിന് മുൻപന്തിയിൽ അവർ ഉണ്ടായിരുന്നു. ഞങ്ങളുമായി 35 വർഷത്തെ പരിചയമാണ്. എന്റെ അമ്മയെപ്പോലെയാണ് ഞാൻ കണ്ടിരുന്നത്. അവർ ഈ ചതി ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. ഞങ്ങളെ സംബന്ധിച്ച് സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടും ഇല്ല. മോളുടെ വിവാഹം ഒന്നിനും ഒരു കുറവില്ലാതെ ആഘോഷമായി നടത്തണം എന്നത് വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് ചെയ്തതും. പക്ഷേ, അതിനിടെ മനസ്സറിവില്ലാതെ ഇങ്ങനെയൊരു അപമാനം കടന്നു വരുമെന്ന് ചിന്തിച്ചതേയില്ല. ഇത് സഹിക്കാവുന്നതിനും അപ്പുറമാണ്. ആരോ പറഞ്ഞത്രേ, ഈ സാറിന് ആ കൊച്ചിന്റെ രണ്ട് മാല കുറച്ചെങ്കിൽ ഭക്ഷണത്തിനുള്ള കാശ് കൊടുക്കാമായിരുന്നല്ലോ, പിന്നെന്തിനാണ് ഭക്ഷണത്തിന് കാശ് പിരിച്ചതെന്ന്. അതറിഞ്ഞപ്പോൾ ചങ്ക് പൊള്ളിപ്പോയി.

s2

ഇനി നിയമത്തിന്റെ വഴി

ഇതുവരെ നിയമപരമായി നീങ്ങിയിട്ടില്ല. അവരെ നേരില്‍ കണ്ട് കാര്യങ്ങള്‍ സംസാരിച്ച ശേഷം ആകാം എന്നു കരുതി. വിളിച്ചിട്ട് അവര്‍ ഫോൺ എടുക്കുന്നില്ല. എന്റെ ഒരേ ഒരു ആവശ്യം അവർ എത്ര രൂപ പിരിച്ചോ, അത്രയും രൂപ അവർ തിരിച്ച് ഓരോരുത്തർക്കും കൊടുക്കണം എന്നതാണ്. ഞങ്ങൾ ആരും അതിൽ ഒരു രൂപ പോലും വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. ഒരാളിൽ നിന്നും യാതൊരു സംഭാവനയും സ്വീകരിക്കാതെയാണ് ഞങ്ങൾ ഈ കല്യാണം നടത്തിയത്. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്, അവർ മുമ്പും സമാനമായ പിരിവുകൾ നടത്തിയിട്ടുണ്ടെന്നാണ്. ഒപ്പം പ്രവർത്തിച്ച ഒരാള്‍ മരിച്ചപ്പോൾ, അയാളുടെ വീട്ടിൽ എത്തിയവരിൽ നിന്നും പിരിവ് നടത്തി. ഈ സ്ത്രീ ഇപ്പോൾ പത്മശ്രീയ്ക്ക് വേണ്ടി നോമിനേഷൻ കൊടുത്തിട്ടുണ്ടത്രേ. ഒരിക്കലും അവരിൽ നിന്ന് ഈ ചതി പ്രതീക്ഷിച്ചില്ല. വയനാട്ടിലെ റിസപ്ഷന് വരെ എന്റെ അമ്മയുടെ സ്ഥാനത്ത് കണ്ട് ഞാൻ അവരെ കൊണ്ടു പോയിരുന്നു... സർവേശ്വരന്റെ വാക്കുകളിൽ നിരാശ.