Tuesday 30 July 2019 04:24 PM IST

ആനിയുമായി ഒളിച്ചോടിയത് സ്‌റ്റേജിലേക്ക്, കുസുമവുമൊത്തുള്ള ‘ആദ്യ രാത്രി’ കണ്ട് പകച്ച് പുതുപ്പെണ്ണ്! സംഗീത് എന്ന ശശാങ്കൻ മിമിക്രിക്കാരനായത് ഒരു മാർഗവും ഇല്ലാതെ

V.G. Nakul

Sub- Editor

s1

മലയാളിയെ ചിരിക്കടലിൽ മുക്കിയ ‘ആദ്യരാത്രി’ സ്കിറ്റൊക്കെ കഴിഞ്ഞ്, താരമായ ശേഷം ശശാങ്കൻ ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ പോയി. പോകും വഴി കൊല്ലം എസ്.എൻ കോളേജിന്റെ എതിർ വശത്തുള്ള ബേക്കറിയിലൊന്നു കയറി. അവിടെ കാഷ് കൗണ്ടറിലിരിക്കുന്ന പെൺകുട്ടി ശശാങ്കന്റെ ആരാധികയായിരുന്നു. അങ്ങനെ പരിചയപ്പെട്ടു. പരിചയം പതിയെപ്പതിയെ പ്രണയമായതോടെ ശശാങ്കൻ കടയിലെ നിത്യസന്ദർശകനായി. എവിടെപ്പോയാലും ശശാങ്കന് ആ കടയുടെ അടുത്തെത്തുമ്പോഴേ ദാഹം തോന്നൂ. അതു പതിവായപ്പോൾ മെർലിൻ എന്ന ആനിയില്ലാതെ തനിക്കൊരു ജീവിതമില്ലെന്നു തന്നെ ശശാങ്കൻ ഉറപ്പിച്ചു. അതോടെ വിവാഹം കഴിക്കാമെന്നായി. പക്ഷേ, മെർലിന്റെ വീട്ടുകാൻ അമ്പിനും വില്ലിനും അടുത്തില്ല. മതം പാരയായി. ഒടുവിൽ ഒളിച്ചോടാൻ തന്നെ ഉറപ്പിച്ചു. ദിവസവും തീരുമാനിച്ചു.

ഒളിച്ചോടാൻ തീരുമാനിച്ച ദിവസം ശശാങ്കന് ഒഴിവാക്കാനാകാത്ത ഒരു പരിപാടിയുണ്ട്. രോഗക്കിടക്കയിലായ ഒരു സുഹൃത്തിനെ സഹായിക്കാൻ വേണ്ടി സംഘടിപ്പിച്ച, കോമഡി സ്റ്റാർസിലെ കലാകാരൻമാരും കൽപനയുമൊക്കെ പങ്കെടുക്കുന്ന സ്റ്റേജ് ഷോ. മറ്റൊന്നും ചിന്തിച്ചില്ല, പറഞ്ഞ സമയത്ത് ആനിയേയും കൂട്ടി ശശാങ്കൻ പ്രോഗ്രാം നടക്കുന്ന സ്ഥലത്തെത്തി. ശശാങ്കന് ഒരു സ്കിറ്റേയുള്ളൂ, അതും ‘ആദ്യരാത്രി’. കൽപ്പനയാണ് ഒപ്പം. അങ്ങനെ ഒളിച്ചോട്ട ദിവസം ഭർത്താവിന്റെ ‘ആദ്യരാത്രി’ ആനി വേദിയിൽ കണ്ടു.

വേദിയിൽ, വികാരപരവശനായി ശശാങ്കൻ ‘‘എന്റെ കുസുമം...’’ എന്നു നീട്ടിവിളിച്ചപ്പോൾ സദസ്സിൽ ചിരിത്തിരകൾക്കിടയിൽ ആനി പേടിയോടെ ചുറ്റും നോക്കി ഇരിപ്പുണ്ടായിരുന്നു. പരിപാടി കഴിഞ്ഞതും ആനിയേയും കൂട്ടി സ്വന്തം വീട്ടിൽ ചെന്നു പറഞ്ഞു, ‘അച്ഛാ ഞാന്‍ കല്യാണം കഴിച്ചു....’. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അച്ഛൻ കൈയിൽ ഉരുളയും വച്ച് തന്നെ നോക്കിയ നോട്ടം ശശാങ്കൻ ഇന്നും മറക്കില്ല. എന്തായാലും ശശാങ്കന്റെ വീട്ടുകാർ ചേർന്ന് അടുത്തുള്ള അമ്പലത്തിൽ വച്ച് വിവാഹം നടത്തി. പതിയെപ്പതിയെ ആനിയുടെ വീട്ടുകാരുടെ പിണക്കവും മാറി.

s4

‘ഞാൻ വെള്ളം കുടിക്കാൻ കയറിക്കയറി അവളിപ്പോൾ വീട്ടിലിരുന്നു വെള്ളം തിളപ്പിക്കുന്നു’ എന്നാണ് വിവാഹത്തെക്കുറിച്ച് ശശാങ്കന്റെ കമന്റ്. അല്ലെങ്കിൽ തന്നെ വെള്ളം ശശാങ്കന്റെ ജീവിതത്തോടു ചേർന്നു നിൽക്കുന്നതാണല്ലോ? കുസുമവുമായുള്ള ആദ്യരാത്രി കുളമാക്കുന്നതും ‘ചൂടു വെള്ളം’ തന്നെയാണ്.

വീട്ടിലെ ‘ടീം ചിരിക്കുടുക്ക’യിലെ താരങ്ങളായ ഭാര്യ ആനിയെയും ഒന്നാം ക്ലാസുകാരി ശിവാനിയെയും ചേർത്തുപിടിച്ചു ശശാങ്കൻ പറയുന്നു, ‘‘ഞാൻ ഹാപ്പിയാണു ചങ്ങാതീ...’

മിമിക്രി വേദികളിലൂടെ മലയാളികളുടെ പ്രിയങ്കരനായ ശശാങ്കൻ മയ്യനാട് ഇപ്പോഴിതാ, സിനിമാ തിരക്കഥാകൃത്തിന്റെ കുപ്പായവുമണിഞ്ഞിരിക്കുന്നു. ശശാങ്കൻ തിരക്കഥയെഴുതി ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്ത് ബിബിൻ ജോർജ് നായകനാകുന്ന ‘മാർഗംകളി’ ഉടൻ പ്രദർശനത്തിനെത്തും. സൂപ്പർ ഹിറ്റായ ട്രെയിലർ, ചിത്രം ഒരു ചിരിവിരുന്നാകുമെന്ന ഉറപ്പ്. ജീവിതത്തിലെയും സിനിമയിലെയും വിശേഷങ്ങളുമായി ശശാങ്കൻ ‘വനിത ഓൺലൈനു’മായി മനസ്സ് തുറക്കുന്നു.

s1

കലാകുടുംബത്തിലെ മിമിക്രിക്കാരൻ

കൊല്ലത്ത് മയ്യനാടാണ് നാട്. അച്ഛൻ ശശിധരൻ ക്ലാസിക്കൽ ഡാൻസറാണ്. സ്വന്തമായി ‘ഭൈരവി നൃത്ത കലാനിലയം’ എന്ന പേരിൽ ഒരു ഡാന്‍സ് സ്കൂൾ ഉണ്ട്. ബാലേ ട്രൂപ്പും ഉണ്ടായിരുന്നു. അമ്മ ശാരദ കർണാടിക് സംഗീതമൊക്കെ പഠിച്ചിട്ടുള്ള ഗായിക. ചേട്ടന്‍ ശരത്തും അനിയന്‍ സാൾട്ടസും പാടും. അനിയൻ വാദ്യോപകരണങ്ങളൊക്കെ വായിക്കും. ചേട്ടനാണ് ഇപ്പോൾ ‘ഭൈരവി’ നടത്തുന്നത്. കൂട്ടത്തിൽ ഞാനായിരുന്നു പിന്നിൽ. കലാപരമായ യാതൊന്നും കയ്യിലില്ല. ചേട്ടനും അനിയനും സമ്മാനമൊക്കെ വാങ്ങി വരുമ്പോൾ ഞാൻ എന്തു ചെയ്യും എന്നു പിടികിട്ടാതെ നിൽപ്പാണ്. അങ്ങനെയാണ് മിമിക്രി തുടങ്ങിയതും അതിൽ തന്നെ തുടർന്നതും.

സംഗീത് എന്ന ശശാങ്കൻ

ഞാൻ എന്നെ വിളിക്കുന്നത് വിമൽ കുമാർ എന്നാണ് എന്നു പറയും പോലെ എന്റെ യഥാർത്ഥ പേര് സംഗീത് ശശിധരൻ എന്നാണ്. വീട്ടിൽ വിളിക്കുന്ന പേരാണ് ശശാങ്കൻ. പത്താം ക്ലാസു വരയേ പഠിച്ചുള്ളൂ. അപ്പോഴേക്കും മിമിക്രിയിൽ സജീവമായിത്തുടങ്ങിയിരുന്നു. വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതോടെ എസ്.എസ്.എൽ.സി ജയിച്ചിട്ടും ഞാൻ മറ്റൊന്നും പഠിക്കാൻ പോയില്ല. മിമിക്രിയും ഒപ്പം കൂലിപ്പണിയും തുടങ്ങി. പെയിന്റിങ്ങും വാർക്കപ്പണിയും ഒക്കെ ചെയ്തിട്ടുണ്ട്.

s3

മിമിക്രിയിൽ ഏകലവ്യൻ

മിമിക്രി സ്വയം പഠിച്ചെടുത്തതാണ്. മിമിക്രിയിലെ ഏകലവ്യൻ എന്നു പറഞ്ഞാലും തെറ്റില്ല. തുടങ്ങിയ കാലം തൊട്ടേ സ്ക്രിപ്റ്റ് എഴുതും. എനിക്ക് അവതരിപ്പിക്കാനുള്ള സ്കിറ്റുകൾ ഞാൻ തന്നെയാണ് എഴുതിയുണ്ടാക്കുക. ഒറ്റയ്ക്കാണ് അവതരണം. താരങ്ങളിൽ എം.എസ് തൃപ്പൂണിത്തുറയെയും സുകുമാരനെയുമൊക്കയാണ് അനുകരിച്ചു തുടങ്ങിയത്. ആദ്യമായി ഒരു പ്രൊഫഷണൽ ട്രൂപ്പിൽ അംഗമാകുന്നത് കോട്ടയം ‘കലാഭാവന’യിലാണ്. പിന്നീട് ആറോളം ട്രൂപ്പുകളിൽ കളിച്ചു. പക്ഷേ ജീവിതം മാറ്റിയത് ‘കോമഡി സ്റ്റാർസും’ ‘ആദ്യരാത്രി’ സ്കിറ്റുമാണ്. അതോടെ ധാരാളം പരിപാടികൾ കിട്ടിത്തുടങ്ങി. സാമ്പത്തികമായും പിടിച്ചു നിൽക്കാം എന്ന ധൈര്യം വന്നത് അതോടെയാണ്.

s2

സിനിമ

‘ബെസ്റ്റ് ഓഫ് ലക്ക്’ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് കുറേ ചിത്രങ്ങൾ കിട്ടി. ഒരു ചാനൽ പരിപാടിക്കിടെയാണ് സംവിധായകൻ ശ്രീജിത് വിജയനെ പരിചയപ്പെട്ടത്. സംസാരത്തിനിടെ നല്ല കഥ വല്ലതുമുണ്ടോ എന്നു കക്ഷി ചോദിച്ചു. അങ്ങനെയാണ് ‘മാര്‍ഗംകളി’ പിറന്നത് പിന്നീട് ബിബിൻ ജോർജും കൂടി വന്നതോടെ സംഭവം സ്ട്രോങ്ങായി. നിർമാതാവ് ആൽവിൻ ആന്റണിയുടെ സപ്പോർട്ടും വലുതായിരുന്നു. ‘മാർഗംകളി’ ഒരു സ്ത്രീപക്ഷ സിനിമയാണ്. കലാകുടുംബത്തിൽ ‘ഒരു മാർഗവുമില്ലാതെ കളിച്ച’ മിമിക്രി കളി സിനിമയുടെ തിരക്കഥാകൃത്താകുന്നതു വരെ എത്തിച്ചതിന്റെ ആഹ്ളാദത്തിനിടെ ഇടയ്ക്ക് ശശാങ്കൻ നീട്ടി വിളിക്കും... എന്റെ ആനീ...!!!


‘എന്റെ സൗഹൃദം പലരും മുതലെടുത്തു, ഞാനിപ്പോൾ പഴയ ഗ്ലോറിയല്ല’