Saturday 25 January 2020 06:07 PM IST : By സ്വന്തം ലേഖകൻ

‘‘ആരാണ് ഈ ജോൺ ഡിറ്റോ എന്ന് എനിക്കോ നയൻതാരയ്ക്കോ അറിയില്ല’’! നയൻതാരയുടെ ‘പേരിടൽ’, പ്രതികരണവുമായി സത്യൻ അന്തിക്കാട്

sathayn-anthikkad

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. താര പ്രഭയിലും ആരാധക പിന്തുണയിലും നയൻതാരയോളം വിലയേറിയ താരങ്ങൾ തെന്നിന്ത്യയിൽ ഇല്ല. ഇപ്പോഴിതാ നയൻതാരയുടെ ‘പേരിൽ’ മലയാള സിനിമയിൽ ഒരു ചർച്ച ചൂടു പിടിക്കുകയാണ്.

ഡയാന കുര്യൻ എന്നാണ് നയൻതാരയുടെ യഥാർത്ഥ പേര്. സിനിമയ്ക്ക് വേണ്ടി നയൻതാര എന്ന സ്ക്രീൻ നെയിം സ്വീകരിക്കുകയായിരുന്നു താരം. തന്റെ ആദ്യ ചിത്രമായ ‘മനസ്സിനക്കരെ’ മുതൽ നയൻതാര എന്ന സ്ക്രീൻ നെയിമിലാണ് അവർ അറിയപ്പെടുന്നത്. ചിത്രത്തിന്റെ സംവിധായകനായ സത്യൻ അന്തിക്കാട് ആണ് തനിക്ക് ഈ പേര് നൽകിയതെന്ന് നയൻതാര അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം സംവിധായകനും എഴുത്തുകാരനും അധ്യാപകനുമായ ജോൺ ഡിറ്റോ പി.ആർ താനാണ് നയൻതാരയ്ക്ക് ഈ പേര് നിർദേശിച്ചതെന്ന അവകാശവാദവുമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് പുതിയ ചർച്ചയ്ക്ക് തുടക്കമായത്.

‘തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ സാജൻ സാറിന്റെ സ്ക്രിപ്റ്റ് അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്ന കാലം.
ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസിൽ താമസിക്കുകയായിരുന്നു.
ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റിൽ ഫോട്ടോഗ്രാഫർ സ്വാമിനാഥൻ സാറിനെക്കാണാൻ എത്തി.
വിശേഷം പറഞ്ഞ കൂട്ടത്തിൽ ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ.
‘‘ഡിറ്റോ ഒരു പേര് ആലോചിക്ക്’’ – സർ നിർദ്ദേശിച്ചു.
ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാൻ
ചിന്തിച്ചു ..
മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെൺകുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.
...നയൻതാര....
ഞാൻ പറഞ്ഞു: നയൻതാര ..

സാജൻ സാർ തലയാട്ടി...
സ്വാമിനാഥൻ സാറും തലകുലുക്കി.
പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയൻതാരയുടെ പേരും സത്യൻ സർ അനൗൺസ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പർ നായികയുടെ പേരിട്ട ഞാൻ ...
സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.
നായിക ഇതൊന്നുമറിയാതെ തലൈവർ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു’.–
എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചത്.

എന്നാൽ ജോൺ ഡിറ്റോയുടെ അവകാശ വാദം തള്ളിക്കളഞ്ഞിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ഒരു വിവാദത്തിനോ തർക്കത്തിനോ തയാറല്ല എന്ന ആമുഖത്തോടെയാണ് ചർച്ചയെക്കുറിച്ച് തന്റെ അഭിപ്രായം അദ്ദേഹം ‘വനിത ഓൺലൈനോ’ട് വ്യക്തമാക്കിയത്.

‘‘എനിക്ക് അദ്ദേഹത്തെ പരിചയമില്ല. ആരാണ് ഈ ജോൺ ഡിറ്റോ എന്ന് എനിക്കോ നയൻതാരയ്ക്കോ ചിത്രത്തിന്റെ പ്രൊഡ്യൂസർക്കോ അറിയില്ല. അതുകൊണ്ടു തന്നെ ഈ അവകാശവാദത്തിന്റെ വിശ്വാസ്യത പ്രേക്ഷകര്‍ തീരുമാനിക്കട്ടെ. ആരെയും ഒരു തരത്തിലും വിഷമിപ്പിക്കാൻ താൽപര്യമില്ല. അയാളല്ല, ഞാനാണ് പേരിട്ടത് എന്നൊക്കെ തർക്കിച്ച്, ജയിച്ചിട്ട് എന്തു നേടാൻ. ഇത്രകാലം കഴിഞ്ഞ്, ഇങ്ങനെ ഒരു അവകാശവാദം ആരും പ്രതീക്ഷിക്കുന്നില്ലല്ലോ. അതുകൊണ്ടു തന്നെ, ഇങ്ങനെ ഒരു അവകാശ വാദത്തിന് മറുപടി പറയാനോ, അവകാശവാദം ഉന്നയിക്കാനോ വയ്യ. മാത്രമല്ല, അതൊരു ക്രെഡിറ്റായിട്ട് തോന്നുന്നുമില്ല. നയൻതാര എന്ന പേര് ആരിട്ടാലും അതിന്റെ കോപ്പി റൈറ്റ് നേടാൻ ശ്രമിക്കുന്നത് എന്തിനാണ്. ആർക്കും എന്തും അനകാശപ്പെടാമല്ലോ, നോ അഭിപ്രായം...’’. അദ്ദേഹം പറയുന്നു.