Monday 25 March 2019 03:23 PM IST

പുതിയ ‘സന്ദേശ’ത്തിന് സമയമായി, ഞാനും ശ്രീനിയും അതേക്കുറിച്ചു ചിന്തിച്ചു തുടങ്ങി! സത്യൻ വീണ്ടും ‘പണി’ തുടങ്ങി

V.G. Nakul

Sub- Editor

sathyan

‘‘കഥ നന്നാകുമോ, വിജയിക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, എക്കാലവും ഓർമിക്കുന്ന കുറേ സംഭാഷണങ്ങൾ സിനിമയിലുണ്ടാകും...’’ സന്ദേശം എഴുതാനിരിക്കുമ്പോൾ ശ്രീനിവാസൻ എനിക്കു തന്ന ഉറപ്പ് ഇതായിരുന്നു. രാഷ്ട്രീയക്കാർക്കും പ്രേക്ഷകർക്കും നിരവധി ‘സന്ദേശ’ങ്ങളുമായി പിറന്നു വീണ സിനിമ, 25 വർഷങ്ങൾക്കിപ്പുറവും ‘സന്ദേശ’മായി മാറുമ്പോൾ അതേക്കുറിച്ചുള്ള ഓർമ്മകൾ ഈ തിരഞ്ഞെടുപ്പ് കാലത്ത് ‘വനിത ഓൺലൈൻ ‘തിര’ഞ്ഞെടുപ്പ്’ പംക്തിക്കു വേണ്ടി ഓർത്തെടുക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.

‘അന്നത്തെ ജനങ്ങൾക്ക് ഇഷ്ടപ്പെടണമെന്നും വിജയിക്കണമെന്നുമുള്ള മിനിമം ആഗ്രഹമേ എനിക്കും ശ്രീനിവാസനും ഉണ്ടായിരുന്നുള്ളൂ. ഇത് പിൽക്കാലത്ത് ആഘോഷിക്കപ്പെടാൻ പോകുന്ന സിനിമയാകുമെന്നോ, ധാരാളം പരാമർശങ്ങളുണ്ടാകുമെന്നോ ഒന്നും അപ്പോൾ ചിന്തിച്ചിട്ടില്ല. സന്ദേശം ചെയ്യുന്നതിന് അഞ്ചാറു കൊല്ലം മുമ്പ് മുതൽ, ഓരോ സിനിമയെടുക്കുമ്പോഴും ഈ കഥ മനസ്സിലേക്കു കയറി വരും. വെറും ഒരു പൊളിറ്റിക്കൽ സറ്റയർ മാത്രമായിപ്പോകുമോ എന്നു ചിന്തിച്ചാണ് അന്നൊക്കെ അത് മാറ്റി വച്ചത്. സാധാരണക്കാർക്കും കുടുംബ പ്രേക്ഷകർക്കും ഇഷ്ടപ്പെടുമോ എന്നൊക്കെയുള്ള സംശയങ്ങളും ഉണ്ടായിരുന്നു.

പക്ഷേ ശ്രീനി പറഞ്ഞത് അറംപറ്റി. സിനിമയും അതിലെ ഡയലോഗുകളും ഇന്നും നിറഞ്ഞു നിൽക്കുന്നു. ‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്’ പോലെയുള്ള ഡയലോഗുകളൊക്കെ എഴുതുന്നതിനു മുമ്പാണ് ശ്രീനി അത് പറഞ്ഞതെന്നോർക്കണം. ഇതിൽ നിന്നൊക്കെ മനസ്സിലാക്കാവുന്ന ഒരു പ്രധാന കാര്യം സന്ദേശം പുറത്തിറങ്ങിയ കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ്.

പ്രതിഷേധത്തിന്റെ ഊമക്കത്തുകൾ

വിവാദം ഉണ്ടാകുമെന്നൊന്നും ഭയന്നിരുന്നില്ല. സന്ദേശത്തിൽ ആരെയെങ്കിലും കുത്തി നോവിക്കുന്ന രംഗങ്ങളുണ്ടെന്നോ മറ്റോ ഇപ്പോഴും ആരും പറയാറില്ല. വിമർശിക്കപ്പെടുന്നവർക്കു പോലും രസം തോന്നുന്ന തരത്തിലാണ് ആ സിനിമ രൂപപ്പെടുത്തിയിരിക്കുന്നത്. ശക്തമായ വിമർശനങ്ങൾക്കുള്ള ഏറ്റവും നല്ല ഉപാധി നർമമാണ്. ആർക്കും എതിർപ്പു തോന്നില്ല. ഇ.കെ നായനാർ പോലും പ്രസംഗത്തിലൂടെ അതാണല്ലോ ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ശത്രുതയോടുള്ള എതിർപ്പുകളോ വിമർശനങ്ങളോ ഉണ്ടാകില്ലെന്നുറപ്പായിരുന്നു. എങ്കിലും ഒരു വിഭാഗത്തിന്റെ ധാരാളം ഊമക്കത്തുകളുണ്ടായിരുന്നു. ‘നീയാരാടാ അതൊക്കെ തീരുമാനിക്കാൻ’ എന്ന തരത്തിൽ.

s2

ഒളിപ്പിച്ചു വച്ച കുസൃതിയും സൂത്രവും

സോഷ്യൽ മീഡിയ കാലത്താണ് സന്ദേശം വന്നിരുന്നെങ്കിൽ എന്നത് രസകരമായ ചിന്തയാണ്. ഇപ്പോൾ സഹിഷ്ണുത കുറവാണ്. ഒരു കാര്യം സംഭവിക്കുമ്പോൾ തന്നെ പ്രതികരിക്കാന്‍ വേദികളുണ്ട്. എങ്കിലും വളരെ രൂക്ഷമായി സന്ദേശത്തെ ആരും ആക്രമിക്കുമെന്ന് തോന്നുന്നില്ല. ആരെങ്കിലും വിമർശിച്ചാൽ തന്നെ ‘ഓ അത് നിങ്ങളെപ്പറ്റിയാണോ’ എന്നു വ്യാഖ്യാനിക്കപ്പെടും. അത്തരമൊരു കുസൃതിയും സൂത്രവും അതിനുള്ളിൽ ഒളിപ്പിച്ചിട്ടുണ്ട്. ജനങ്ങൾ പക്ഷേ അവരുടെ വേഷവു പ്രകൃതവുമൊക്കെ കണ്ടിട്ട്, ആ വിഭാഗം ഇന്നതാണെന്ന് തീരുമാനിക്കുകയായിരുന്നു. ചിത്രത്തിൽ മാമുക്കോയയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്, ‘‘ഞങ്ങൾ വർഗീയതയ്ക്കെതിരാണ്. പിന്നെ ഇത്തിരി കോഴി ബിരിയാണി തിന്നുന്നത് വർഗീയതയാണോ’’ എന്ന്. അത്രകാലം ഇല്ലാതിരുന്ന ഒരു വിഭാഗം അവരുടെ മുന്നണിയിലേക്കു വന്നതിനെക്കുറിച്ചാണ് ആ ഡയലോഗ്. അത്തരത്തിൽ രസകരമായ വിമർശനങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നതെല്ലാം.

ആരെയും മാർക്ക് ചെയ്യുന്നില്ല

ഇപ്പോഴാണെങ്കിലും സന്ദേശത്തിൽ യാതൊരു മാറ്റവും വരുത്തേണ്ടി വരില്ല. പക്ഷേ, കൂട്ടിച്ചേർക്കലുകൾ വേണ്ടി വന്നേനെ. അഴിമിതിയും പിൻഗാമികളെ അവരോധിക്കലുമൊന്നും സന്ദേശം ചർച്ച ചെയ്തിട്ടില്ല. സന്ദേശം ഒരിക്കലും നേതാക്കളുടെ കഥയല്ല. അതിൽ ഒരു മന്ത്രിയെ പോലും കാണിക്കുന്നില്ല. പോസ്റ്റർ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ചും നടക്കുന്ന സാധാരണ അണികള്‍ മാത്രമാണ് സന്ദേശത്തിലുള്ളത്. അതുകൊണ്ടു തന്നെ, ഒരു നേതാവിനും അത് തന്നെക്കുറിച്ചാണെന്നോ അല്ലെങ്കിൽ തന്റെ നേതാവിനെക്കുറിച്ചാണെന്നോ തോന്നില്ല. സന്ദേശം ആരെയും മാർക്ക് ചെയ്യുന്ന സിനിമയല്ല.

നല്ല രാഷ്ട്രീയത്തിന്റെ സന്ദേശം

രാഷ്ട്രീയത്തെപ്പറ്റി സിനിമയെടുക്കുക എന്നതു തന്നെ രാഷ്ട്രീയമാണ്. കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചകൾക്കു നേരെ വിരൽ ചൂണ്ടുകയാണ് സന്ദേശം ചെയ്തത്. ചിത്രത്തിൽ തിലകൻ പറയുന്നുണ്ട്, ‘രാഷ്ട്രീയം നല്ലതാണ്, അത് നല്ല ആളുകൾ ചെയ്യുമ്പോൾ’ എന്ന്. അതിനെ ഇവർ എതിർക്കുമോ ? രാഷ്ട്രീയത്തിലെ നല്ല ആളുകളല്ലാത്തവരുടെ കഥയാണ് ഈ സിനിമ. അതു ശ്രദ്ധിക്കാറില്ല. രാഷ്ട്രീയത്തെ സന്ദേശം കുറ്റം പറയുന്നില്ല. രാഷ്ട്രീയം നല്ലതാണെന്നും രാഷ്ട്രീയ പ്രവർത്തകന്റെ ഭാവി ഇന്ത്യൻ പ്രസിഡന്റ ് വരെയാണെന്നും സിനിമയിൽ തിലകന്റെ കഥാപാത്രം പറയുന്നുണ്ടല്ലോ. ഇതൊന്നും ശ്രദ്ധിക്കാതെ, മോശം ആളുകള്‍ രാഷ്ട്രീയത്തിലേക്കു വരരുത് എന്നു പറയുന്നത് അരാഷ്ട്രീയമാണെങ്കിൽ സന്ദേശം ഒരു അരാഷ്ട്രീയ സിനിമയായി ആഘോഷിച്ചോട്ടെ, എനിക്കു വിരോധമില്ല.

സന്ദേശം എന്തു കൊണ്ട് ആഘോഷിക്കപ്പെടുന്നു, എന്തു കൊണ്ട് അതിന്റെ പുതുമ നഷ്ടപ്പെടുന്നില്ല എന്നൊക്കെ ചോദിച്ചാൽ, ഇപ്പോഴും അതിലെ ഓരോ പ്രയോഗങ്ങൾക്കും സംഭാഷണങ്ങള്‍ക്കും അർത്ഥം നഷ്ടപ്പെടുന്നില്ല എന്നതാണ് കാരണം. ‘പ്രഥമ ദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു’ പോലെയുള്ള ഡയലോഗുകൾ ഉദാഹരണം. അതേ പോലെ തിലകന്റെ സാന്നിധ്യത്തിൽ ജയറാമും ശ്രീനിവാസനും തമ്മിൽ രാഷ്ട്രീയം പറഞ്ഞ് തർക്കിക്കുന്ന സീൻ, ചാനൽ ചർച്ചകളിൽ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞണം കുത്തുന്ന ശൈലിയെ ഓർമ്മിപ്പിക്കുന്നതാണ്. പിന്നെ ഒരേ വീട്ടിൽ രണ്ടു തരം രാഷ്ട്രീയ വിശ്വാസമുള്ളവരെയൊക്കെ ഇപ്പോഴും നമ്മൾക്കറിയാം. നേതാക്കൻമാരിൽ പോലും രണ്ടു മുന്നണികളെ പിന്തുണയ്ക്കുന്ന അച്ഛനും മകനുമുണ്ടല്ലോ.

s1

വരവേൽപ്പിലെ സന്ദേശം

വരവേൽപ്പും ഒരു പൊളിറ്റിക്കൽ സിനിമയാണ്. അതുകൊണ്ടു തന്നെ ഈയവസരത്തിൽ വരവേൽപ്പ് കൂടി ചേർത്തു വായിക്കണം. ഞാനും ശ്രീനിയും ഫുൾ ടൈം സിനിമാക്കാരല്ല, സാമൂഹ്യജീവികൾ കൂടിയാണ്. സിനിമ ചെയ്യുമ്പോൾ മാത്രം സിനിമാക്കാരാകുന്നവരാണ് ഞങ്ങൾ. അല്ലാത്ത സമയത്ത് കൃത്യമായി പത്രം വായിക്കുകയും സമൂഹത്തെ ശ്രദ്ധിക്കുകയും ചെയ്യുന്നതു കൊണ്ടാണ് ഇതെല്ലാം കൃത്യമായി കണ്ണിലേക്കെത്തിപ്പെടുന്നത്. സന്ദേശം പോലെ ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതല്ല വരവേൽപ്പ്. ശ്രീനിയുടെ അച്ഛന്റെ അനുഭവമാണത്. ഒരു ബസ് വാങ്ങിയതിന്റെ പേരില്‍ ട്രേഡ് യൂണിയൻ കുരുക്കുകളിൽ പെട്ട് അദ്ദേഹത്തിന്റെ വീട് വരെ നഷ്ടപ്പെട്ടു. പ്രവാസത്തിന്റെ പ്രശ്നങ്ങൾ കൂടി അതിൽ ചേർക്കുകയായിരുന്നു. വരവേൽപ്പിൽ അനുഭവത്തിന്റെ ചൂരുണ്ട്. ആരാണ് മുതലാളി ആരാണ് തൊഴിലാളി എന്ന് തിരിച്ചറിയാത്ത അവസ്ഥയിലേക്ക് കൊടികളുടെ നിറം നമ്മളെ കൊണ്ടെത്തിക്കുകയാണ്. ഒരാൾ ഒരു കുഞ്ഞ് ബിസിനസ്സ് തുടങ്ങുമ്പോഴേക്കും അതിന് മുന്നിൽ കൊടികുത്തുകയെന്നത് കേരളത്തിൽ മാത്രമുള്ള പ്രവണതയായിരുന്നു. അതിനെതിരായുള്ള സന്ദേശമാണ് വരവേൽപ്പ്.

സന്ദേശത്തിന് രണ്ടാം ഭാഗമില്ല

സന്ദേശത്തിന് രണ്ടാം ഭാഗമില്ല, അതുറപ്പിക്കാം. സന്ദേശം ആ സിനിമയിൽ തന്നെ പൂർത്തിയായി. പക്ഷേ സന്ദേശത്തിന്റെ മാതൃകയിൽ മറ്റൊരു പൊളിറ്റിക്കൽ സറ്റയറിനുള്ള സമയമായിട്ടുണ്ട്. അതിനുള്ള ആലോചനയിലാണ് ഞങ്ങൾ. അതിൽ പറയാത്ത, ഇന്നത്തെ സാഹചര്യത്തിലുള്ള ഒരു കഥയെപ്പറ്റി ഞാനും ശ്രീനിയും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.