Wednesday 14 October 2020 09:39 AM IST : By സ്വന്തം ലേഖകൻ

‘ബട്ടൻസിന് ക്ഷാമം നേരിട്ടാൽ ഞാനൊരു സമ്പന്നനാകാനുള്ള സാദ്ധ്യതയുണ്ട്’! പുരസ്കാര നിറവിൽ ‘ഒരു സത്യൻ അന്തിക്കാട് ചിത്രം’

sathyananthikkadu

വ്യത്യസ്തമായ രീതിയിൽ തന്റെ ഛായാ ചിത്രം ഒരുക്കിയ കലാകാരിയെ പരിചയപ്പെടുത്തി സംവിധായകൻ സത്യൻ അന്തിക്കാട്. ബ്രഷും ചായവുമൊന്നുമില്ലാതെ പല തരം ബട്ടൻസുകൾ കൊണ്ടാണ് ജീന നിയാസ് എന്ന ചിത്രകാരി ഈ ചിത്രം പൂർത്തിയാക്കിയത്. 24 ചതുരശ്രയടി വലുപ്പത്തിലുള്ളതാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഈ ചിത്രത്തെ മുൻ നിർത്തി ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും’ ‘ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും’ അംഗീകാരം അവർക്കു ലഭിച്ചിരിക്കുന്നു എന്നത് സന്തോഷിപ്പിക്കുന്ന വാർത്തയാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

സത്യൻ അന്തിക്കാടിന്റെ കുറിപ്പ് –

ഇതൊരു ചിത്രകാരിക്കുള്ള ആദരവാണ്. പലരും പലരുടേയും ചിത്രങ്ങൾ അതിമനോഹരമായി വരച്ചു കണ്ടിട്ടുണ്ട്. അപൂർവമായി ചിലർ എന്റെ ചിത്രവും വരച്ച് സമ്മാനിക്കാറുണ്ട്. അതിൽ നിന്നൊക്കെ വിഭിന്നമായി ജീന നിയാസ് എന്ന ചിത്രകാരി ഒരു ചിത്രത്തിലൂടെ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.

ബ്രഷും ചായവുമൊന്നുമില്ലാതെ പല തരം ബട്ടൻസ് കൊണ്ടാണ് അവർ ഈ ചിത്രം പൂർത്തിയാക്കിയത്. അതും 24 ചതുരശ്രയടി വലുപ്പത്തിൽ. ഈ ചിത്രത്തെ മുൻ നിർത്തി ‘ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും’ ‘ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും’ അംഗീകാരം അവർക്കു ലഭിച്ചിരിക്കുന്നു എന്നത് സന്തോഷിപ്പിക്കുന്ന വാർത്തയാണ്. ജീന നിയാസിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.

ഇനി എപ്പോഴെങ്കിലും കേരളത്തിൽ ബട്ടൻസിന് ക്ഷാമം നേരിട്ടാൽ ഞാനൊരു സമ്പന്നനാകാനുള്ള സാദ്ധ്യതയുണ്ട്.

കാരണം പത്തൊമ്പതിനായിരത്തി ഇരുനൂറ്റി എഴുപത്തെട്ട്‍ ബട്ടണുകൾ കൊണ്ട് തീർത്ത ഈ ചിത്രം ഞാനിവിടെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നു.