Friday 08 March 2019 12:29 PM IST : By സ്വന്തം ലേഖകൻ

സൗബിൻ അച്ഛനാകുന്നു; ഇരട്ടി മധുരത്തിന്റെ സന്തോഷത്തിൽ മലയാളത്തിന്റെ മച്ചാൻ

saubin-new-1

മലയാളി പ്രേക്ഷകരുടെ സ്വന്തം മച്ചാനാണ് സൗബിൻ ഷാഹിർ. അടുത്ത വീട്ടിലെ ചെക്കൻ ഇമേജുമായി അഭിനയത്തിൽ സ്വന്തമായ ഇടമുറപ്പിച്ച സൗബിൻ, പോയ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വന്തം വീട്ടിലെത്തിച്ചു. ഇപ്പോഴിതാ പുരസ്കാരത്തിന്റെ സന്തോഷം തീരും മുൻപേ, ഇരട്ടി മധുരം പോലെ സൗബിൻ അച്ഛനാകുവാനൊരുങ്ങുന്നതിന്റെ വാർത്തകളും പുറത്തു വരുന്നു.

സൗബിന്റെ ഭാര്യ ജാമിയ സഹീർ ആദ്യത്തെ കൺമണിയെ ഗർഭം ധരിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. തങ്ങളുടെ പുതിയ വീട്ടിൽ ഇരുവരും ചുംബിച്ചു നിൽക്കുന്നതിന്റെ ഒരു ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സൗബിൻ പുതിയ വീട്ടിലേക്കു താമസം മാറിയത്. ഈ ചിത്രം സൗബിൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.കഴിഞ്ഞ നവംബറിലായിരുന്നു സൗബിനും ജാമിയയും തമ്മിലുള്ള വിവാഹം. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നു.

saubin-new-2

സഹസംവിധായകനായി തുടങ്ങി കൊമേഡിയനും നായകനുമായ സൗബിൻ ഇപ്പോൾ മലയാളത്തിലെ യുവതാരങ്ങളിൽ പ്രമുഖനാണ്. സൗബിൻ നായകനായ ആദ്യ ചിത്രം സുഡാനി ഫ്രം നൈജീരിയ വൻ ഹിറ്റായിരുന്നു. സൗബിൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുമ്പളങ്ങി നൈറ്റ്സ് തിയേറ്ററിൽ വിജയപ്രദർശനം തുടരുകയാണ്.

പറവയെന്ന മികച്ച സിനിമയിലൂടെ സംവിധാന രംഗത്തേക്കും കടന്ന സൗബിൻ നായകനാകുന്ന പുതിയ ചിത്രം ജോൺ പോളിന്റെ അമ്പിളിയാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് ഇന്നലെ റിലീസായി.