Saturday 05 January 2019 12:50 PM IST : By സ്വന്തം ലേഖകൻ

റാണയുടെ സഹോദരനെതിരെ സൗമ്യ ജാനുവും! അഭിറാം വേദനിപ്പിച്ചെന്ന് നടി

saumya-new

നടി ശ്രീറെഡ്ഡിയുടെ മീടൂ വെളിപ്പെടുത്തലുകളോടെയാണ് തെലുങ്ക് താരം റാണ ദഗ്ഗുബാട്ടിയുടെ സഹോദരനും യുവ നിര്‍മ്മാതാവുമായ അഭിറാം ദഗ്ഗുബാട്ടി വാർത്തകളിൽ നിറഞ്ഞത്. ഇപ്പോഴിതാ അഭിറാമിനെതിരെ യുനടി സൗമ്യ ജാനുവും രംഗത്തെത്തിയിരിക്കുന്നു. അഭിറാമിന്റെ ഒരു നടപടി തന്നെ മാനസികമായി വേദനിപ്പിച്ചുവെന്നാണ് സൗമ്യ തുറന്നു പറഞ്ഞത്. ഒരഭിമുഖത്തിനിടെയായിരുന്നു അവരുടെ വെളിപ്പെടുത്തൽ.

2013 ല്‍ പുറത്തിറങ്ങിയ ‘തടകാ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഒരു സംഭവമാണിത്. നാഗ ചൈതന്യ, തമന്ന, ആന്‍ഡ്രിയ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തില്‍ സൗമ്യയും ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

‘‘ചിത്രത്തിന്റെ, രാമനായിഡു സ്റ്റുഡിയോയിലെ സെറ്റിലേക്ക് അഭിറാം അമിത വേഗത്തില്‍ കാറോടിച്ചെത്തി. എന്നോട് ‘ഹായ്’ പറഞ്ഞു, ഞാനും. അദ്ദേഹത്തിന് എന്നേക്കാള്‍ പ്രായക്കുറവാണ്, സ്വഭാവത്തിലും കുട്ടിത്തം. പക്ഷേ എനിക്കെന്തോ അഭിറാമിനോട് സംസാരിക്കാന്‍ ഭയമായിരുന്നു, തെലുങ്കിലെ വലിയ നിര്‍മ്മാതാവിന്റെ പേരക്കുട്ടിയാണല്ലോ. എന്നാൽ മറിച്ചാണ് കാര്യങ്ങൾ സംഭവിച്ചത്. ഞാന്‍ മിണ്ടാതിരുന്നപ്പോൾ അഹങ്കാരിയാണെന്നു കരുതിയതു കൊണ്ടാണോ എന്നറിയില്ല, അദ്ദേഹം എന്റെ വണ്ടി ഒരുപാട് ദൂരെ കൊണ്ടു പാര്‍ക്ക് ചെയ്യിച്ചു. രണ്ടു വട്ടം അതാവര്‍ത്തിക്കുകയും ചെയ്തു. എനിക്ക് വല്ലാത്ത വിഷമം തോന്നി, കാരവനിലിരുന്ന് കരഞ്ഞു. അവസാനം നാഗചൈതന്യയോട് ഞാന്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞു. അദ്ദേഹം അഭിറാമിനെ വിളിച്ച് ഇനിയെന്നോട് ഇങ്ങിനെ ചെയ്യരുതെന്ന് പറഞ്ഞു. പിന്നീട് അഭിറാം ഒന്നിനും മുതിര്‍ന്നിട്ടില്ല’’.- സൗമ്യ പറഞ്ഞു.

എന്തായാലും സൗമ്യയുടെ വാക്കുകൾ അഭിറാമിന്റെ ‘ബാഡ് ബോയ്’ ഇമേജിനെ കൂടുതൽ ഉറപ്പിക്കുന്നതാണെന്നാണ് ചർച്ചകൾ.