Thursday 24 May 2018 02:37 PM IST : By സ്വന്തം ലേഖകൻ

‘10 ലക്ഷവും കടന്ന് ചക്കപ്പാട്ട്’; ആഘോഷമാക്കി സയനോരയുടെയും സംഘത്തിന്റെയും കിടിലം ഡാൻസ്–വിഡിയോ

aya-song

മോളിവുഡിലും കോളിവുഡിലുമെല്ലാം തട്ടു പൊളിപ്പൻ പാട്ടുകൾ പാടി ഹിറ്റാക്കിയ സയനോര ഫിലിപ്പിനെ അറിയാത്ത സംഗീത പ്രേമികൾ ചുരുക്കം. സയനോര ഇതാദ്യമായി സംഗീത സംവിധായികയുടെ തൊപ്പിയണിഞ്ഞ ചിത്രമായിരുന്നു സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായെത്തിയ ‘കുട്ടൻ പിള്ളയുടെ ശിവരാത്രി’. ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഒന്നിനൊന്നു മികച്ചതായിരുന്നു. പ്രത്യേകിച്ച് ചിത്രത്തിലെ ചക്കപ്പാട്ട്.

ഇറങ്ങിയ നാൾ തൊട്ടു തന്നൈ ഹിറ്റ് ലിസ്റ്റില്‍ ഇടംനേടിയ സയനോരയുടെ ചക്കപ്പാട്ട് ഇപ്പോഴിതാ ഒരു മില്യണിന്റെ തിളക്കത്തിലെത്തി നിൽക്കുകയാണ്. ചുരുങ്ങിയ നാളുകൾ കൊണ്ട് 10 ലക്ഷം കാഴ്ച്ചക്കാരാണ് യൂ ട്യൂബിൽ ഗാനത്തെ തേടിയെത്തിയത്.

കന്നി സംഗീത സംവിധാന സംരംഭത്തിലെ ഒരു ഗാനം ഒരു മില്യണിന്റെ തിളക്കത്തിൽ എത്തിയതിന്റെ സന്തോഷം സയനോര പ്രേക്ഷകരുമായി പങ്കുവച്ചിട്ടുണ്ട്. ചക്കപ്പാട്ടിന്റെ പശ്ചാത്തലത്തിൽ ഒരു കിടിലം നൃത്തം കാഴ്ച വച്ചാണ് സയനോരയും സംഘവും ഒരു മില്യണിന്റെ ആഘോഷം പങ്കുവച്ചത്.

ഗായിക രാജലക്ഷ്മി, പൂജ തുടങ്ങിയവരും ഡാൻസുമായി രംഗത്തുണ്ട്. എന്തായാലും ചക്കപ്പാട്ടിനൊപ്പമുള്ള സയനോരയുടെ ഡാൻസ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

സന്നിധാനന്ദനും ആർ.ജെ നിമ്മിയും ചേർന്നാണ് ചക്കപ്പാട്ട് ആലപിച്ചിരിക്കുന്നത്. സുരാജ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജീൻ മർക്കോസാണ്.