Monday 05 November 2018 05:21 PM IST : By സ്വന്തം ലേഖകൻ

എത്ര കുഴിച്ചാലും തീരാത്ത കഥകളുടെ ആഴ ഖനിയാണ് തന്‍റെ പ്രിയപ്പെട്ട കൊച്ചിയെന്ന് ’ഈമയൗ’ തിരക്കഥാകൃത്ത് പി.എഫ്. മാത്യൂസ്

mathew ഫോട്ടോ: ഇ. വി. ശ്രീകുമാർ

ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദീതീരത്തു നില്‍ക്കുമ്പോഴും കൊച്ചിയിലെ മറൈന്‍ഡ്രൈവാണ് ഞാ ന്‍ കാണുന്നത്. ആകാശത്തെ മുക്കാലും മറയ്ക്കുന്ന പടുകൂറ്റന്‍ കെട്ടിടങ്ങളെ മാറ്റി നിര്‍ത്തിയാല്‍ എനിക്കെന്റെ നഗരത്തെ കിട്ടുമെന്നു തീര്‍ച്ചയായിരുന്നു. കൊച്ചിയെനിക്കൊരു പ്രദേശമല്ല, ചരിത്രമല്ല, അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മുപ്പതിലേറെ സമുദായങ്ങള്‍ ഒരുമിക്കുന്ന ഇടം എന്നൊക്കെ പറയുന്ന കൗതുകവുമല്ല. കാരണം, കണ്ണു കൊണ്ടല്ല മനസ്സുകൊണ്ടാണ് ഞാന്‍ കൊച്ചിയെ കണ്ടതും തൊട്ടതും.

യൗവനത്തില്‍ സുഭാഷ് പാര്‍ക്കില്ലാത്ത കൊച്ചിയെനിക്കു ചിന്തിക്കാനാകില്ലായിരുന്നു. കൊച്ചി എന്നാല്‍ സീലോഡ് ഹോട്ടലില്‍ പാട്ടുകള്‍ പാടി പരിണമിച്ച എലോയിയുടെയും സംഘത്തിന്റെയും 13 എഡി എന്ന മ്യൂസിക് ബാൻഡാണ്. പിന്നെ, എന്തെല്ലാമാണ്. ചുവന്ന കട്ടച്ചമ്മന്തി ഉരുളക്കിഴങ്ങിനോടൊപ്പം ഒളിപ്പിച്ച് മസാലദോശ വിളമ്പുന്ന ബ്രോഡ് വേയുടെ തെക്കേ അതിരിലെ ഭാരത് കഫേയാണ്. മുടിനീട്ടിയ രാംകുമാര്‍ മാനേജരായ ഹോളിവുഡ് സിനിമ മാത്രം കളിക്കുന്ന ശ്രീധര്‍. ചരക്കുവള്ളങ്ങള്‍ ഉറങ്ങാനെത്തുന്ന, കാപ്പിപ്പൊടിയുടെയും സവാളയുടെയും മണമുള്ള ചന്തത്തോട്. ലുങ്കിയും അഴുക്കുള്ള കുപ്പായവും ചിലപ്പോള്‍ ജീന്‍സുമിട്ട് വിദേശികളോട് ഇം ഗ്ലിഷും ഫ്രഞ്ചും അറബിയും ഒക്കെ പറയുന്ന ഗൈഡ് നാരായണന്‍... അങ്ങനെ നീണ്ടുനീണ്ടു പോകുന്ന ലിസ്റ്റായി കവിതയായി ഒക്കെ വികസിക്കാവുന്നതാണെന്റെ കൊച്ചി.

ഈ.മ.യൗ എന്ന സിനിമ എഴുതുമ്പോള്‍ എന്റെ മനസ്സില്‍ ഒരു ചെല്ലാനമുണ്ടായിരുന്നു. എന്നാല്‍ ആ ചെല്ലാനമല്ല സിനി മയുടെ ചിത്രീകരണത്തിനിടയില്‍ ഞാന്‍ കണ്ടത്. എഴുതുന്ന മനസ്സ് യാഥാര്‍ഥ്യത്തെ പെരുപ്പിക്കും. സുന്ദരമാക്കുകയോ വികൃതമാക്കുകയോ ചെയ്യും.

എന്റെ മനസ്സിലെ ചെല്ലാനത്ത് പാതിരാവില്‍ അലറുന്ന ക ടലിന്റെ സ്വരത്തെ തോല്‍പിച്ചുയരുന്ന പുരുഷവിലാപം പോലെയുള്ള ദേവാസ്തവിളിയുണ്ട്. കടലിലും തീരത്തും മരിച്ച് അലയുന്ന ആത്മാക്കളെ ആട്ടിയകറ്റാനാണ് ദേവാസ്ത വിളിക്കുന്നത്. കാതോര്‍ത്താല്‍ തമിഴും പച്ചമലയാളവും കലര്‍ന്ന ഈരടികള്‍ കേള്‍ക്കാം. അതു കേള്‍ക്കുമ്പോള്‍ മനസ്സ് പേടി കൊണ്ട് വിറകൊള്ളും. കൈകാലുകള്‍ തളരാന്‍ തുടങ്ങും. പ്രേതസഞ്ചാരങ്ങളുടെ വഴി തടയുന്ന ആ പ്രാര്‍ഥനാ വിലാപം ഈസ്റ്റര്‍ നോമ്പിന്റെ സമയത്താണ് ഉയരുന്നതെങ്കിലും മ നസ്സിലെ ചെല്ലാനത്ത് അതെപ്പോഴുമുണ്ട്.

ഈ.മ.യൗ എന്ന സിനിമ ചെല്ലാനം ഹാര്‍ബറിനടുത്തുള്ള സുനാമിയെ അതിജീവിച്ച ഒരു വീട്ടിലായിരിക്കും സംഭവിക്കേണ്ടതെന്നത് ആ വീടു കണ്ടപ്പോള്‍ തോന്നി, ഒരു നിയോഗം പോലെ. പലപ്പോഴും കഥാപാത്രങ്ങളുടെ വ്യഥകളുടെ നല്ലൊരു പങ്കും ഏറ്റെടുക്കുന്നത് അവരുടെ പാര്‍പ്പിടമാണല്ലോ. ആ വീട്ടിലെ അമ്മ സുനാമി വന്നപ്പോള്‍ എലലമിട്ടെറിഞ്ഞ് ഓടിയ ഓട്ടത്തേക്കുറിച്ചു പറഞ്ഞപ്പോള്‍ ഞാനാലോചിച്ചത് അതു തന്നെയാണ്. ഈ വീടു തന്നെയാണ് വാവച്ചനാശാരിയുടെ യും പെണ്ണമ്മയുടെയും ഈശിയുടെയും പാര്‍പ്പിടം. സംവിധാ യകന്‍ ലിജോ പെല്ലിശ്ശേരിക്കും സംശയമൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹം ആദ്യ കാഴ്ചയില്‍ത്തന്നെ അതുറപ്പിച്ചിരുന്നു.

ചുവടി കടന്നു വന്ന കഥ

ചവിട്ടുനാടകത്തിലെ ഈണത്തിന്റെ അലകള്‍ ലത്തീന്‍ ക്രിസ്ത്യാനികളുടെ മരണവീട്ടിലെ കണ്ണോക്കില്‍ കേള്‍ക്കാം. ച വിട്ടുനാടകം മുഖ്യധാരയിലില്ലെങ്കിലും ഗോതുരുത്ത്്, ഫോര്‍ട്ട്‌ കൊച്ചി, ചെല്ലാനം, തുടങ്ങിയ ഇടങ്ങളിലെ സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമാണീ കലാരൂപം. പണ്ട് ഇതിന്റെ രചനയില്‍ ധാരാളം തമിഴ് ഈരടികളുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളും ആശാരിമാരും കല്‍പ്പണിക്കാരുമൊക്കെയാണ് ഇന്നും ഈ കലയെ നെഞ്ചോട് ചേര്‍ക്കുന്നത്. ഇപ്പോള്‍ നാടകത്തിന്റെ രചന (ചുവടി) തനിമലയാളത്തിലാണ്. പണ്ട് ചുവ ടികളെഴുതാന്‍ കഴിവുള്ളവര്‍ വളരെ കുറവായിരുന്നു.

‘കുട്ടിസ്രാങ്ക്’ എന്ന സിനിമ എഴുതുന്നതിനു മുന്നോടിയായി, മമ്മൂട്ടി അഭിനയിക്കുന്ന പ്രധാന കഥാപത്രത്തിന്റെ സൃഷ്ടിക്കു വേണ്ടി ഒട്ടേറെ ചവിട്ടുനാടകക്കാരെ കണ്ടു. പോഞ്ഞിക്കരയിലെ ജോസഫേട്ടന്‍ ചില നാടകങ്ങളെഴുതിയിട്ടുണ്ടെന്നും കളിച്ചിട്ടുണ്ടെന്നും കേട്ടാണ് അവിടെ ചെന്നത്. സംസാരത്തിനിടയില്‍ ‘നാടകത്തിന്റെ ചുവടി ഒന്നു കാണിച്ചു തരണ’മെന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തെ ചിരിമങ്ങി. പിന്നെ പറഞ്ഞു, ‘‘അതു നടക്കേല... ഒരാക്കും ഞാനത് കാട്ടിക്കൊടുക്കേല.’’

‘‘അതെന്താ ചേട്ടാ അങ്ങനെ...’’

‘‘അതങ്ങനേണ്... ഞാന്‍ പോകുമ്പ ശവപ്പെട്ടീലിട്ടാണ്ടങ്ങാട് പോകും..’’ അതുറച്ച തീരുമാനമായിരുന്നു. മാസങ്ങള്‍ക്കു ശേഷം ജോസഫേട്ടന്‍ ലോകത്തോടു വിടപറഞ്ഞുവെന്നു കേട്ടു. നാടകത്തിന്റെ ചുവടി കൊണ്ടുപോയോ എന്നറിഞ്ഞില്ല.

ഗോതുരുത്തില്‍ ചവിട്ടുനാടകത്തിന്റെ ചുവടി കടന്നുവന്നതിനു പിന്നിലൊരു കഥയുണ്ട്. കൊച്ചിക്കാരെ നാടകം ചൊല്ലിപ്പഠിപ്പിച്ചിരുന്ന അണ്ണാവി തന്റെ ചുവടി ഗോതുരുത്തുകാര്‍ക്കു കൊടുക്കാന്‍ തയാറല്ലായിരുന്നു. ഗോതുരുത്തിലെ ക ലാസ്‌നേഹിയായ കയറുകച്ചവടക്കാരന്‍ അണ്ണാവിയെ തന്റെ നാട്ടിലേക്കു സ്‌നേഹസല്‍ക്കാരങ്ങൾ ഏറ്റുവാങ്ങാനായി ക്ഷണിച്ചു. ഗോതുരുത്തിനെ ചുറ്റിയൊഴുകുന്ന ജലപ്പരപ്പിലൂടെ വലിയ വഞ്ചിയില്‍ നീണ്ട യാത്രയും സംഘടിയ്ക്കപ്പെട്ടിരുന്നു. ആ ഹ രം പിടിപ്പിക്കുന്ന കാഴ്ചയ്ക്കിടെ മധുരക്കള്ളു കുടിച്ച് ലഹരിയിലാറാടിയ അണ്ണാവി പാടാന്‍ തുടങ്ങി. താളത്തില്‍ വഞ്ചി യുടെ തണ്ടു വലിച്ചുകൊണ്ടിരുന്ന തുഴക്കാര്‍ തുരുത്തിനെ പ ലവട്ടം വലം വച്ചു. അണ്ണാവി പാട്ട് തുടര്‍ന്നു കൊണ്ടേയിരുന്നു. അതിനൊപ്പം കാതില്‍പ്പതിഞ്ഞ ഈരടികളത്രയും കലാകാരന്മാര്‍ കേട്ടെഴുതിക്കൊണ്ടുമിരുന്നു. അങ്ങനെയാണ് ഗോതുരുത്തില്‍ ചവിട്ടുനാടകം വന്നതെന്നു വാമൊഴിക്കഥ.

FORTKOCHI- ഫോട്ടോ: ഇ. വി. ശ്രീകുമാർ

ആ തുരുത്ത് എന്‍റെ മനസ്സ്

എനിക്കു കൊച്ചിയെന്നാല്‍ എഴുതുന്ന നേരത്ത് എന്റെ മനസ്സ് കാണിക്കുകയും കേള്‍പ്പിക്കുകയും മണപ്പിക്കുകയും തൊടുവിക്കുകയുമൊക്കെ ചെയ്യുന്ന സ്ഥലമാണ്. അത് നിങ്ങള്‍ കാണുന്ന സ്ഥലമേയല്ല. അതുകൊണ്ടാണ് ‘ചാവുനിലം’ എന്ന എന്റെ നോവലിലെ തുരുത്ത് എവിടെയാണെന്നു ചോദിക്കുമ്പോള്‍ അതെന്റെ മനസ്സാണെന്നു പറയുന്നത്.

കാലങ്ങള്‍ക്കു മുൻപ് ഞാന്‍ ആ നോവലെഴുതുന്നതിനേക്കുറിച്ചു ചിന്തിക്കുമ്പോള്‍ അതു സംഭവിക്കുന്നത് കൊച്ചിയിലെ ഒരു തുരുത്തിലായിരുന്നു. 1989 ല്‍ ഞാനെഴുത്തു തുട ങ്ങുമ്പോള്‍ ആ തുരുത്ത് എന്റെ മനസ്സിലാണുണ്ടായിരുന്നത്. മൂന്നുവട്ടം മാറ്റിയെഴുതി കടലാസിലുറപ്പിച്ചപ്പോഴും ജീവിതത്തില്‍ കാണപ്പെടുന്ന ഒരു തുരുത്തായിരുന്നില്ല. മനസ്സ് കൂട്ടിയും കുറച്ചും കണ്ടെത്തിയ ഒരിടമായിരുന്നു അത്. വെള്ളത്താല്‍ ചുറ്റപ്പെട്ട കരയായിരുന്നെങ്കിലും ഒരു തുള്ളി വെള്ളം പോലും കിട്ടാന്‍ വളരെ പ്രയാസമുള്ള ഒരിടമായിരുന്നു ആ നോവലിലെ പാഴ്‌നിലം. അങ്ങനെയുള്ള ഒരു സ്ഥലം കണ്ടെത്തേണ്ടത് എന്റെ ബാധ്യതയുമായിരുന്നില്ല. അതാണല്ലോ സാഹിത്യത്തിന്റെ പരമമായ സ്വാതന്ത്ര്യം. സ്ഥലം കണ്ടെത്തലൊക്കെ സിനിമയെടുക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരുടെ തലവേദന.

അതുകൊണ്ടു തന്നെ ഈ മണ്ണിനെക്കുറിച്ചും ഇവിടുത്തെ ലത്തീന്‍ ക്രിസ്ത്യാനികളുടെ ജീവിതത്തേക്കുറിച്ചുമെഴുതാന്‍ എനിക്ക് റിസര്‍ച്ച് ചെയ്യേണ്ടതില്ല. ഞാന്‍ ജീവിച്ച ജീവിതം. ഞാന്‍ കണ്ട മരണങ്ങള്‍. കേട്ട കണ്ണോക്കുകള്‍, കഥകള്‍. കാണാത്തതും കേള്‍ക്കാത്തതും ഉണ്ടാക്കിപ്പറയാനുള്ള മനസ്സ്.

നേരു പറയട്ടെ 'ചാവുനിലം' എന്ന നോവല്‍ അങ്ങനെ ആസൂത്രണം ചെയ്ത് എഴുതിയതല്ല. എഴുതിപ്പോയതാണ്. അതു വായിച്ച ഒരു വായനക്കാരി പേടികൊണ്ട് ഒരു രാത്രി മുഴുവന്‍ ഉറങ്ങിയില്ല എന്നു പറഞ്ഞപ്പോഴും എന്തിനാണവര്‍ പേടിച്ചതെന്നു മനസ്സിലായില്ല. അതിനു പലമട്ടിലുള്ള വായനകളുണ്ടാകാം എന്നു മാത്രം വിചാരിച്ചു. എന്നാല്‍ സിനിമ അങ്ങനെയൊന്നുമല്ല. അതിനൊരു മൂര്‍ത്തതയുണ്ടാകും. അമൂര്‍ത്തമാണെങ്കില്‍പ്പോലും വ്യക്തതയുണ്ട്. അതുകൊണ്ടു തന്നെ ചാവുനിലം സിനിമയുടെ തിരക്കഥ ഞാന്‍ തന്നെ എഴുതണമെന്ന് സംവിധായകന്‍ പറയുമ്പോള്‍ പ്രായോഗികതയുടെ പ്രളയത്തിലേക്ക് എറിയപ്പെടുകയാണ് ഞാന്‍. കാരണം ആ നോവലെഴുതുമ്പോഴുള്ള ഞാന്‍ ഇന്നില്ല. ഇന്ന് മറ്റൊരാളാണ് ആ നോവലില്‍ നിന്നു സിനിമ ആലോചിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. നോവലെഴുതുമ്പോഴുണ്ടായിരുന്ന സ്വാതന്ത്ര്യത്തിന്റെ ഭൂഖണ്ഡം സിനിമയില്‍ എഴുത്തുകാരനു പതിച്ചു കിട്ടുകയുമില്ല.

സര്‍ഗാത്മകതയുെട രുചിക്കൂട്ട്

പുരുഷന്മാര്‍ സമൂഹവേദികളില്‍ തിളങ്ങുമ്പോള്‍ അകത്തളങ്ങളില്‍ മറഞ്ഞുപോയ പ്രതിഭകളെ കൂടി ഓര്‍ക്കണം. കൊ ച്ചിയുടെ രുചിക്കൂട്ടിനെ സര്‍ഗാത്മകമാക്കിയ മഹതികളുടെ പേരുവിവരങ്ങള്‍ എവിടെയും കിട്ടില്ല. എന്നാലവരുടെ കയ്യൊപ്പു പതിഞ്ഞ വിഭവങ്ങളേക്കുറിച്ചു പറയുമ്പോള്‍ പുരുഷന്മാരുടെ കണ്ണുകളില്‍ ആരാധന കാണാം.

ഒരിക്കല്‍ മട്ടാഞ്ചേരിയില്‍ വച്ച് ‘എല്ലൂരി മുഷ്മന്‍’ എന്ന വിഭ വത്തേക്കുറിച്ചു ഞാന്‍ കേട്ടു. അവിടത്തെ നൈന മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ പണ്ടു പ്രചാരത്തിലുണ്ടായിരുന്നതാണ്. മുഴുവന്‍ കോഴിയെ ഒരെല്ലുപോലുമില്ലാതെ സ്റ്റഫ് ചെയ്യുന്ന വിഭവമാണിത്. ഇതു തീന്‍മേശയില്‍ വിളമ്പുമ്പോള്‍ കോഴിയില്‍ നിന്നൂരിയെടുത്ത എല്ലുകളെല്ലാം ഒരു ഗ്ലാസിലാക്കി പ്രദ ര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ പാചകക്കുറിപ്പറിയാവുന്നവര്‍ ഇന്ന് മട്ടാഞ്ചേരിയിലോ കൊച്ചിയിലോ ഇല്ലെന്നാണു കേട്ടത്. അതിന്റെ രുചിയറിയാവുന്നവര്‍ ധാരാളമുണ്ടുതാനും.

mathew-1

ലത്തീന്‍ ക്രിസ്ത്യാനികളുടെ കല്യാണത്തലേന്നു വിളമ്പുന്ന അത്താഴൂണ് തനതു രുചിയുടെ ആഘോഷമായിരുന്നു. മുട്ടിച്ചാറും കുടലുകറിയുമാണ് പ്രധാന വിഭവങ്ങള്‍. കല്യാണത്തിനു വാങ്ങുന്ന പോത്തില്‍ നിന്ന് എടുക്കുന്ന മുഴുത്ത എല്ലുകള്‍ പുഴുങ്ങി അതില്‍ തേങ്ങയും മഞ്ഞളുമരച്ചു ചേര്‍ത്ത് ചാറാക്കി മാറ്റുന്നതാണ് മുട്ടിച്ചാറ്.

ഇതിനൊപ്പം വിളമ്പുന്ന കുടല്‍ക്കറിയുടെയും പിന്നില്‍ ന ല്ല അധ്വാനമുണ്ട്. ചുണ്ണാമ്പിലും തിളച്ച വെള്ളത്തിലുമൊക്കെയിട്ട് കുടല്‍ വൃത്തിയാക്കുന്നതാണ് ആദ്യപടി. വൃത്തിയാക്കിയ കുടല്‍ ചെറു കഷണങ്ങളാക്കി നുറുക്കി വറുത്ത തേങ്ങാപ്പീര, വെള്ളം തൊടാതെ കല്ലിലരച്ച് ആ എണ്ണയില്‍ വേണം വേവിക്കുവാന്‍. മുട്ടിച്ചാറും കുടല്‍ക്കറിയു മില്ലെങ്കില്‍ പഴയകാലത്തെ ലത്തീന്‍കാരുടെ അത്താഴൂണിന്റെ പകിട്ടു നഷ്ടപ്പെടും.

കല്യാണത്തിന് പലതരത്തിലുള്ള ഇറച്ചിക്കറികളുണ്ടാകും. പോര്‍ച്ചുഗീസ് വിഭവമായ ഇറച്ചിവിന്താലു, ഇറച്ചി ഉല ര്‍ത്ത്, കുരുമുളകും വിനാഗിരിയും ചേര്‍ത്ത് വരട്ടിയെടുക്കുന്ന കരള്‍ കറി. ഉരുളക്കിഴങ്ങിട്ടു വയ്ക്കുന്ന കോഴിച്ചാറ്, പോര്‍ക്ക്, മീന്‍ പറ്റിച്ചത്, മീന്‍ വറുത്തത്, എന്നിവയ്ക്കു പുറമെ പേരിന് മുട്ടക്കൂസ് തോരനും അച്ചിങ്ങയും പച്ചക്കറിയായി കാണും. ഈ സദ്യയുടെ അവസാനം വിളമ്പുന്നത് മഞ്ഞനിറമുള്ള തൊടുക റിയാണ്. കഴിച്ചതെല്ലാം ദഹിപ്പിക്കാനുള്ള ‘മുസാട്ത്’ എന്ന പേരിലറിയപ്പെടുന്ന ഈ തൊടുകറി മുരിങ്ങത്തോലും ഉപ്പും വിനാഗിരിയും കടുകും കല്ലില്‍ അരച്ചാണ് ഉണ്ടാക്കുന്നത്.

കറുത്ത ജൂതന്മാരുെട നഗരം

എത്ര കുഴിച്ചാലും തീരാത്ത ആഴത്തില്‍ നിക്ഷേപിക്കപ്പെട്ട കഥകളുടെ അക്ഷയഖനിയാണ് കൊച്ചി. എവിടെ തൊട്ടാലും ചരിത്രത്തിന്റെ പ്രകമ്പനമറിയാം. എറണാകുളം ചന്തയിലൂടെ നടക്കുമ്പോള്‍ അവിടെ പഴയ കച്ചവടക്കാര്‍ മീനിനും മറ്റും വിലപറയാനായി ഉപയോഗിച്ചിരുന്ന വാക്കുകള്‍ ഹീബ്രുവാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ?

അമ്മൂമ്മയോടൊപ്പം ചന്തയില്‍ കറുത്ത ജൂതന്റെ കയ്യീന്ന് വിലക്കുറവിന് തോടു പൊട്ടിയ മുട്ടയും മറ്റും വാങ്ങാന്‍ പോയത് ഓര്‍മ വരുന്നു. ഈ ചന്തയെ രൂപപ്പെടുത്തിയതു തന്നെ കറുത്ത ജൂതന്മാരാണെന്നാണു കേട്ടിട്ടുള്ളത്. തൊട്ടടുത്തുള്ള, നൂറ്റാണ്ടുകളുടെ പ്രാര്‍ഥനകള്‍ മുഴങ്ങിയ കടവും ഭാഗം സിനഗോഗിപ്പോള്‍ വളര്‍ത്തു മത്സ്യങ്ങളുടെ വിപണന കേന്ദ്രമാണ്.

അമ്മൂമ്മയുടെ അമ്മൂമ്മയെ കാണാനുള്ള യോഗമെനിക്കുണ്ടായിരുന്നു. വൈപ്പിന്‍കരയിലെ എടവനക്കാടായിരുന്നു അ വര്‍ ജീവിച്ചിരുന്നത്. അമ്മൂമ്മയുടെ അമ്മയെ കൊച്ചമ്മച്ചോ എ ന്നു വിളിച്ചു. വല്ലപ്പോഴും ബോട്ടുകടന്ന് അവര്‍ കോമ്പാറമുക്കിലേക്കു വരും. ഇരുളു നിറഞ്ഞ ഭീകരന്‍ കഥകളുമായാണ് വരവ്. മാര്‍ അല്ലേശു പുണ്യാളന്റെ കഥകേട്ട് പേടിച്ചു വിറച്ച് ഉറക്കം മുട്ടിയ രാത്രി മറക്കാനാകില്ല.

കൊച്ചിയെ അറിഞ്ഞവരും ഇവിടെ ജീവിച്ചു മടങ്ങിയവരും അക്ഷരങ്ങളിലൂടെ കൊച്ചിയെ പകര്‍ത്തിയവരുമായ എഴുത്തുകാര്‍ ഏറെയുണ്ട്. പുതുതലമുറ എങ്ങനെയാണ് കൊച്ചിയെ വാക്കുകളിലേക്കാവാഹിക്കുന്നതെന്ന് വെളിവായിത്തുടങ്ങിയിട്ടില്ല. ഇനി വെളിപ്പെടാനിരിക്കുന്ന എഴുത്തുമനസ്സുകളെ കൊച്ചി കാത്തിരിക്കുകയാണ്.

നഗരം പരിണമിച്ചുകൊണ്ടിരിക്കുന്നു. ചരിത്രവും മിത്തും കഥകളും ഉള്ളിലൊളിപ്പിച്ച് പുറമേ എല്ലാം പരിഷ്‌കരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് പോലുള്ള മഹാനഗരമാകാനായി കൊച്ചി എന്നേ യാത്ര തുടങ്ങിയതാണ്. ഒന്നു കാതോര്‍ത്തു നോക്കിയാല്‍ ഹൃദയം മിടിക്കുന്നതും അതിന്റെ തനിമയും ചരിത്രവും പ്രകമ്പനം കൊള്ളുന്നതും കേള്‍ക്കാനാകും.

േഹാമറെ േപാലെ ഒരു കവി

ഈ.മ.യൗവ്വും ചാവുനിലവും സംഭവിക്കുന്നതിന് ഏറെ മുൻപ് മട്ടാഞ്ചേരിയിലെ ഊടുവഴിയിലൂടെ പാട്ടും പാടി ഹോമറെപ്പോലെ നടന്നുപോയ ഒരു കവിയുണ്ട്. കുരുടന്‍ പരീക്കുട്ടിക്ക. പണ്ട് വിദേശത്തു നിന്ന് പിച്ചള കെട്ടിയ ചെറിയ കുപ്പികളിലാണ് അത്തറു വന്നിരുന്നത്. അത് ചെറുവിരലിനെക്കാളും ചെറുതായ കുപ്പികളിലേക്കു പകര്‍ത്താന്‍ സിറിഞ്ച് പോലുള്ള ഉപകരണം വേണ്ടിവരും. എന്നാല്‍ കാഴ്ചയില്ലാത്ത പരീക്കുട്ടിക്ക ഒരു തുള്ളിപോലും തൂവിപ്പോകാതെ അത്തറ് പകരുമായിരുന്നു.

ഈ അത്തറു കുപ്പികളും മതഗ്രന്ഥങ്ങളുമായി മട്ടാഞ്ചേരിയിലൂടെ അലയുമ്പോള്‍ അദ്ദേഹം മനോഹരമായി പാടുമായിരുന്നു. എല്ലാം നിമിഷ രചനകള്‍. താര്‍ക്കോവ്‌സ്‌കി ചലച്ചിത്രത്തെ കാലത്തില്‍ കൊത്തുന്ന ശിൽപകലയായി പറഞ്ഞതു പോലെ കുരുടന്‍ പരീക്കുട്ടിക്ക സൃ ഷ്ടിച്ചതത്രയും കാലത്തിലായിരുന്നു. അവയില്‍ ചില തെങ്കിലും കൊച്ചിക്കാരുടെ ഭായിയായ മെഹബൂബിന്റെ സ്വരത്തില്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അതിലൊരുപാട്ട് പില്‍ക്കാലത്ത് മോഹൻലാല്‍ ഒരു സിനിമയ്ക്കുവേണ്ടി പാടിയിരുന്നു. വളരെ കൗതുകകരവും രസകരവുമായ ദൃശ്യവിവരണങ്ങള്‍ ഏറെയുണ്ട്, ഈ നീണ്ട പാട്ടില്‍.

‘തീര്‍ച്ച ഇല്ലാ ജനം, നേര്‍ച്ചാ കാണുന്നേരം

ഒരാന വിരണ്ടതിനാളുകളോടീട്ട്

ഇതെന്തൊരു തൊന്തരവാണിതു കേള്’

കാപ്പിരിമുത്തപ്പന്റെ കഥ

കൊച്ചിയിലും എടവനക്കാടും പാതിരാവുകളിലിറങ്ങി നടക്കുന്ന കാപ്പിരിമുത്തന്‍ പലര്‍ക്കും യാഥാർഥ്യമായിരുന്നു. കഥയല്ലായിരുന്നു. പാതിരാത്രി ആസ്പിൻ വാള്‍ ക മ്പനിയുടെ ബംഗ്ലാവിനടുത്തു കൂടി നടന്നു വരുമ്പോള്‍ താന്‍ കാപ്പിരിമുത്തപ്പനെ കണ്ടുവെന്ന് കൊച്ചിയിലെ കുഞ്ഞപ്പനച്ചാച്ചന്‍ എന്നോടു പറഞ്ഞിട്ടുണ്ട്. ആറടിയിലേറെ പൊക്കം. കരിമേഘത്തിന്റെ നിറം. ചുവന്നു തിളങ്ങുന്ന കണ്ണുകള്‍. ചുരുണ്ട് തലയോടിനോടു പറ്റിയ മുടി. ചുണ്ടില്‍ പുകയുന്ന ചുരുട്ട്. നൂറ്റാണ്ടുകള്‍ക്കു മുൻപേ മരിച്ചു പോയ മനുഷ്യനാണ് വന്നു നില്‍ക്കുന്നതെന്ന വിചാരം തീരെയില്ലാതെ മുത്തപ്പന്‍ പതുക്കെ അരികിലേക്കു നടന്നടുത്തു. ചോപ്പന്‍ കണ്ണുകളുടെ തുറിച്ചുനോട്ടം.

‘കര്‍ത്താവേ’ എന്ന് ഉച്ചത്തില്‍ വിളിച്ചെങ്കിലും സ്വരം പുറത്തേക്കു വന്നില്ല. പിന്നോക്കം വച്ച കാലുകള്‍ മണ്ണിലേക്കു താഴുകയാണ്. അന്ന് തന്നെ അവിടന്നു രക്ഷപ്പെടുത്തിയത് ഒരു പട്ടിയാണെന്ന് അച്ചാച്ചന്‍ പറയുന്നു.

FORTKOCHI-_05 ഫോട്ടോ: ഇ. വി. ശ്രീകുമാർ

സമൂഹമനസ്സിന്റെ അടിത്തട്ടില്‍ തങ്ങിക്കിടക്കുന്ന ഭാവനയുടെ തിരനോട്ടമാണിതെന്നൊക്കെ പറയാം. എന്നാല്‍ ഭാവനയും സത്യം തന്നെയല്ലേ. യാഥാര്‍ഥ്യത്തേക്കാള്‍ സത്യവും സുന്ദരവുമാണ് പലപ്പോഴും ഭാവന.

കാപ്പിരി മുത്തപ്പന്റെ ചരിത്രസത്യം വളരെ ലളിതമാ ണ്. 1663ല്‍ ഡച്ചുകാരോടു തോറ്റ പോര്‍ച്ചുഗീസുകാര്‍ക്ക് കൊച്ചി വിടേണ്ടി വന്നു. എന്നാല്‍ ഇവിടത്തെ വിലപിടിപ്പുള്ള സമ്പാദ്യം കൈവിടാന്‍ പറങ്കികള്‍ക്കു മനസ്സു വന്നില്ല. പിന്നീട് വീണ്ടെടുക്കാനായി വീടിന്റെ നിലവറയില്‍ മുഴുവന്‍ സ്വത്തും അവരൊളിപ്പിച്ചു. അതിനു കാവലായി കാപ്പിരിയുടെ ആത്മാവിനേയാണ് അവര്‍ നിയോഗിച്ചത്. അത്രയും കാലം അടിമയായി സേവിച്ച കാപ്പിരിയെ കൊന്ന് നിലവറയില്‍ മൂടാനവര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നില്ല.

അങ്ങനെ കൊച്ചിയിലെ നിധി കാക്കുന്ന, ഭൂതമായി മാറി കാപ്പിരി. മരത്തിന്റെ വേരില്‍ തിരി കത്തിച്ച് കള്ളും കൂരിക്കറിയും ചുരുട്ടും കൊടുത്തു സേവിക്കുന്ന ഭക്തര്‍ക്ക് താന്‍ സൂക്ഷിക്കുന്ന നിധികുംഭം കൊടുക്കാന്‍ കാപ്പിരി മുത്തപ്പന് ഒരു മടിയുമുണ്ടായിരുന്നില്ല.