Wednesday 21 November 2018 02:13 PM IST : By സ്വന്തം ലേഖകൻ

ആവേശക്കൊടുമുടി കയറാൻ‘അയ്യാ’യുടെ വരവ്; ‘സീതാകാത്തി’യുടെ ട്രെയിലര്‍

seetha-new

‘96’ ന്റെ വൻ വിജയത്തിനു ശേഷം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനാകുന്ന ‘സീതാകാത്തി’യുടെ ട്രെയിലര്‍ എത്തി. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുത്തൻ ഗറ്റപ്പിലാണ് സേതുപതി. ‘നടുവിലെ കൊഞ്ചം പക്കത്തെ കാണോം’ എന്ന വൻ ഹിറ്റിനു ശേഷം ഇരുവരും ഒന്നിക്കുന്ന ‘സീതാകാത്തി’യുടെ ട്രെയിലർ 75 സെലിബ്രിറ്റികള്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

വിജയ് സേതുപതിയുടെ 25-ാം ചിത്രമാണ് ‘സീതാകാത്തി’. ‘അയ്യാ’ എന്ന് ഏവരും സ്നേഹപൂര്‍വ്വം വിളിക്കുന്ന ആദിമൂലം എന്ന സിനിമാ-നാടക നടന്റെ വേഷമാണ് ചിത്രത്തില്‍ വിജയ്ക്ക്. കലയെ സ്നേഹിക്കുന്ന ഒരു നടന്റെ ജീവിതവും സിനിമാ രംഗവുമായി അയാള്‍ക്കുണ്ടാകുന്ന ഏറ്റുമുട്ടലുകളുമാണ് ട്രെയിലറില്‍ കാണുന്നത്.

ഓസ്കര്‍ ജേതാക്കളായ കെവിന്‍ ഹാനെയും അലക്സ് നോബിളുമാണ് ചിത്രത്തില്‍ സേതുപതിയുടെ മേക്കപ്പിനു പിന്നിൽ. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി വിജയ് സേതുപതിയും സംവിധായകന്‍ ബാലാജി തരണീധരനും അമേരിക്കയില്‍ പോയിരുന്നു. നാല് മണിക്കൂര്‍ സമയമെടുത്താണ് എല്ലാ ദിവസവും മേക്കപ്പ് പൂര്‍ത്തിയാക്കിയിരുന്നത്. മേക്കപ്പ് അഴിക്കാന്‍ ഒരു മണിക്കൂറും.

ദേശീയ പുരസ്കാര ജേതാവ് അര്‍ച്ചന, രമ്യ നമ്പീശന്‍, ഗായത്രി, പാര്‍വതി നായര്‍, സംവിധായകന്‍ മഹേന്ദ്ര എന്നിവരും ‘സീതാകാത്തി’യില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഡിസംബർ 20 ന് തിയേറ്ററിലെത്തും.