Friday 27 March 2020 05:38 PM IST

ഷൂട്ടിങ് നിർത്തി, സീരിയൽ പ്രവർത്തകർ കടുത്ത പ്രതിസന്ധിയിൽ! ലോക്ക് ഡൗൺ നീണ്ടാൽ ജനപ്രിയ പരമ്പരകൾ മുടങ്ങും

V.G. Nakul

Sub- Editor

serial_special

രാജ്യം ലോക്ക് ഡൗണായ സാഹചര്യത്തിൽ വീട്ടിലിരിക്കുന്നവരുടെ ആകെയുള്ള ടൈംപാസാണ് സീരിയൽ. എന്നാൽ കൊറോണ ഭീതിയിൽ ഷൂട്ടിങ് നിർത്തിവച്ചതോടെ പല സീരിയലുകളും മുടങ്ങുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ലോക്ക് ഡൗൺ നീണ്ടാൽ പല സീരിയലുകളും നിർത്തിവയ്ക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് അണിയറക്കാർ പറയുന്നത്. സീരിയലുകളുടെ ചിത്രീകരണം അവസാനിപ്പിച്ചതോടെ അഭിനയിച്ചിരുന്ന സീരിയലുകളിെല വീടുകളിലേക്കാൾ പ്രതിസന്ധിയാണ് പല സീരിയൽ താരങ്ങളുടെ വീട്ടിലും. സിനിമാ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാൻ താരങ്ങളും സംവിധായകരും അടക്കം മുന്നിട്ടിറങ്ങുന്നുണ്ടെങ്കിലും സീരിയൽ രംഗത്ത് ഇത്തരമൊരു നീക്കമില്ല. അതിന് ഒരുപരിധി വരെ കാരണം സീരിയലിലെ നായകനും നായികയും അടക്കമുള്ളവരും ദിവസ വേതനക്കാരാണെന്നതാണ്. സീരിയൽ ചിത്രീകരണം മുടങ്ങിയതോടെ പലരുടെയും കുടുംബം പ്രതിസന്ധിയിലുമാണ്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് നൂറു ശതമാനം പിന്തുണ പ്രഖ്യാപിച്ച് വീടുകളില്‍ തന്നെ കഴിയുമ്പോഴും ഇനിയെന്ത് എന്നൊരു ആശങ്ക നടീ നടന്‍മാരും സാങ്കേതിക വിഭാഗത്തിൽ ഉള്‍പ്പെടുന്നവരും അടങ്ങിയ സീരിയല്‍ പ്രവര്‍ത്തകര്‍ക്കുണ്ട്. അഭിനേതാക്കളില്‍ ബഹുഭൂരിപക്ഷവും സീരിയലുകളില്‍ നിന്നു കിട്ടുന്ന വരുമാനം കൊണ്ടു മാത്രം ജീവിക്കുന്നവരാണ്. ചുരുക്കം ആളുകള്‍ക്ക് മാത്രമാണ് സിനിമയുള്‍പ്പടെ മറ്റ് വരുമാന മാര്‍ഗങ്ങളോ ഇതര ജോലികളോ ഉള്ളത്. ദിവസക്കൂലിയാണ് നടീ നടന്‍മാര്‍ക്ക് സീരിയല്‍ ഇന്‍ഡസ്ട്രിയില്‍ ലഭിക്കുക. ഒരു ദിവസം ഇത്ര രൂപ എന്ന കണക്കിലാണ് വേതനം. അതില്‍ തന്നെ താരപ്രൗഡി, കഥാപാത്രത്തിന്റെ വലുപ്പച്ചെറുപ്പം എന്നിവ കണക്കാക്കി മാറ്റം വരും. അത്തരത്തില്‍ പരിഗണിക്കുമ്പോള്‍ ദിവസം 2000 രൂപ മാത്രം പ്രതിഫലമുള്ളവരും മുൻനിര സീരിയല്‍ താരങ്ങളുടെ കൂട്ടത്തിലുണ്ട്. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പ്രതിഫലം കൂടുതലാണ്. എന്നാലും വലിയ അന്തരം ഇല്ല.

1



പ്രതിഫലത്തിൽ നിന്ന് കോസ്റ്റ്യൂമും

ചിലര്‍ പ്രതിഫലമായി 20,000 രൂപ വരെ വാങ്ങുന്നുണ്ടെങ്കിലും ആ തുകയില്‍ നിന്നു കഥാപാത്രത്തിനാവശ്യമായ കോസ്റ്റ്യും, ആഭരണങ്ങള്‍ എന്നിവയ്ക്കുള്ള പണം കണ്ടെത്തണം. എല്ലാം കിഴിച്ച് മിച്ചം വരുന്ന തുക കൊണ്ടാണ് പല കുടുംബങ്ങളും കഴിഞ്ഞു പോകുന്നത്. മാസത്തില്‍ പകുതി ദിവസമേ മിക്ക സീരിയലുകളുടെയും ഷൂട്ടിങ് ഉണ്ടാകൂ. ആ സ്ഥിതിക്ക് കാര്യമായ പ്രതിഫലം കിട്ടുന്നവര്‍ക്ക് പോലും രണ്ടോ അതിലധികമോ സീരിയലുകള്‍ കിട്ടിയാല്‍ മാത്രമേ വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോകാനാകൂ എന്നു സാരം. ആ അവസ്ഥയിലാണ് ലോക്ക് ഡൗണ്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി കൂടി എത്തിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ ബഹുഭൂരിപക്ഷം അഭിനേതാക്കളുടെയും വരുമാനം നിലച്ചിരിക്കുകയാണ്. സാങ്കേതിത പ്രവര്‍ത്തകരുടെ സാഹചര്യവും മറിച്ചല്ല. ദിവസേന അഞ്ഞൂറു രൂപയ്ക്ക് പണിയെടുക്കുന്ന തൊഴിലാളികള്‍ വരെ ഇവരിലുണ്ട്. അവരുടെയൊക്കെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നതയാണ് സീരിയല്‍ രംഗത്തു നിന്നുള്ള റിപ്പോര്‍ട്ട്.

'പലരും പല റേറ്റ് ആണ് വാങ്ങുന്നത്. ആര്‍ട്ടിസ്റ്റുകളുടെ വാല്യൂ അനുസരിച്ചാണ് പ്രതിഫലം നിശ്ചയിക്കുക. തമിഴിൽ നിന്നു വരുന്നവരുടെയത്ര മലയാളത്തില്‍ നിന്നുള്ളവര്‍ക്കു കിട്ടാറില്ല. ദിവസക്കണക്കാണ് പ്രതിഫലം. അതും വര്‍ക്കുള്ള ദിവസങ്ങളിൽ മാത്രം. അതില്‍ നിന്നു വേണം ക്യാരക്ടറിനാവശ്യമായ ഡ്രെസുകളും കോസ്‌മെറ്റിക്‌സുമൊക്കെ വാങ്ങാന്‍. എന്നെ സംബന്ധിച്ച് റിച്ചായിട്ടുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അതിനനുസരിച്ച് വേണം ലുക്ക്. അപ്പോള്‍ ചെലവ് കൂടും. പറയുമ്പോള്‍ വാങ്ങുന്നത് വലിയ എമൗണ്ടാണെന്നു തോന്നുമെങ്കിലും അതില്‍ പകുതിയും ഇങ്ങനെ പോകും. അതുകൊണ്ടാണ് മിക്ക ആര്‍ട്ടിസ്റ്റുകളും കടക്കാരായും സ്വന്തമായി ഒരു വീടു പോലും വാങ്ങാന്‍ ഗതിയില്ലാത്തവരുമായി കഴിയുന്നത്. ആ അവസ്ഥയില്‍ ജോലി കൂടി ഇല്ലാതായാല്‍ മിക്കവരും വലിയ പ്രതിസന്ധിയിലകപ്പെടും.

സീരിയലില്‍ 95 ശതമാനം ആളുകള്‍ക്കും മറ്റു വരുമാന മാര്‍ഗമില്ല. കൂടുതല്‍ ആളുകളും അവരുടെ നല്ല പ്രായത്തില്‍ ഈ മേഖലയിലേക്കു വരും. പഠനം പോലും പൂര്‍ത്തിയാക്കിയിട്ടുണ്ടാകില്ല. അപ്പോള്‍ മറ്റൊരു ജോലിയിലേക്കു പോകാന്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പലര്‍ക്കും പറ്റുന്നില്ല. ക്യാരക്ടര്‍ കിട്ടാതെ വരുമ്പോഴോ, ഇത്തരം പ്രതിസന്ധികളുണ്ടാകുമ്പോഴോ ആകും അതു പലരും ഓര്‍ക്കുക. പലരും ലൈം ലൈറ്റില്‍ നിന്നു പോയതു കൊണ്ട് സഹിച്ച് മുന്നോട്ടു പോകുകയാണ്. ഈ മാസം ജോലിയില്ലെങ്കില്‍ അടുത്ത മാസം എങ്ങനെ ജീവിക്കും എന്ന ആശങ്കയിലാണ് മിക്കവരും'. - നടി സോണിയ ജോസ് പറയുന്നു.



വർക്ക് ഏഴു ദിവസം മാത്രം


'സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയില്‍ 600 അംഗങ്ങളുണ്ട്. അതു കൂടാതെ നൂറില്‍ പരം ആര്‍ട്ടിസ്റ്റുകള്‍ വേറെയുമുണ്ട്. അവരില്‍ തന്നെ പകുതി ആളുകള്‍ക്ക് മാത്രമേ നല്ല അവസരങ്ങളുള്ളൂ. പതിനഞ്ച് ദിവസം ഷൂട്ട് ചെയ്യുന്നതാണ് ഒരു മാസം കാണിക്കുന്നതെന്നതിനാല്‍ മെയിന്‍ ക്യാരക്ടര്‍ ചെയ്യുന്നവര്‍ക്ക് 7 ദിവസമേ ജോലി കാണൂ. അപ്പോള്‍ തന്നെ വരുമാനത്തിന്റെ കണക്ക് ഊഹിക്കാമല്ലോ. അങ്ങനെ വരുമ്പോള്‍ രണ്ടു വര്‍ക്കെങ്കിലും ഇല്ലാതെ പിടിച്ചു നില്‍ക്കാന്‍ പാടാണ്. അപ്പോള്‍ ഇതൊന്നുമല്ലാത്തവരുടെ അവസ്ഥ ചിന്തിച്ചു നോക്കൂ. അതിഭീകരമാണത്. അപ്പോള്‍ ഒന്നോ രണ്ടോ മാസം ജോലിയില്ലാതെ വെറുതേ ഇരുന്നാല്‍ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും. നിലവില്‍ സീരിയല്‍ പ്രവര്‍ത്തകര്‍ മറ്റൊരു ജോലി കൂടി കണ്ടെത്തിയാല്‍ മാത്രമേ ഭാവിയില്‍ ഇത്തരം പ്രതിസന്ധികളെ നേരിടാനാകൂ എന്നാണ് എന്റെ വിശ്വാസം. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണെന്നതിന്റെ അനുഭവത്തിലാണ് ഞാനിത് പറയുന്നത്'.- നടന്‍ സാജന്‍ സൂര്യ പറയുന്നു.

എല്ലാ സീരിയലുകളും കഴിഞ്ഞ ആഴ്ചയോടെ പൂര്‍ണമായും ചിത്രീകരണം അവസാനിപ്പിച്ചു. മുന്‍പ് ചെയ്തു വച്ച എപ്പിസോഡുകളാണ് ഇപ്പോള്‍ ടെലികാസ്റ്റ് ചെയ്യുന്നത്. അതും അടുത്ത മാസം പകുതിക്കു മുമ്പേ തീരും. ഇനി ഷൂട്ട് ചെയ്താല്‍ മാത്രമേ പുതിയ ഭാഗങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാകൂ. അതല്ലെങ്കിൽ പ്രൈ ടൈം കാഴ്ചകൾ അവതാളത്തിലാകും.