Monday 05 August 2019 05:29 PM IST

ഇത് റിയാസിക്കയ്ക്കുള്ള എന്റെ സമ്മാനം! ശുക്‌രിയ പാടി പോയ ശബ്നം ഇത്രയും നാൾ എവിടെ ആയിരുന്നു?

V.G. Nakul

Sub- Editor

s1

‘വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ....’ ‘അഴകിയ രാവണൻ’ എന്ന സിനിമയിലെ പാട്ട് ഏറ്റുപാടാത്ത മലയാളികൾ കാണില്ല. ശ്രോതാവിന്റെ മനസ്സിലേക്ക് നിലാവ് പോലെ കടന്നു വന്ന പത്തുവയസ്സുകാരിയുടെ ശബ്ദസൗന്ദര്യം മലയാളിയുടെ മനസ്സിലേക്കു ചേക്കേറിയത് പെട്ടെന്നായിരുന്നു. ശബ്നം എന്ന പ്രതിഭാസ്പർശം പതിഞ്ഞ ഗായികയുടെ ഏറ്റവും സുന്ദരമായ തുടക്കമായിരുന്നു ‘വെണ്ണിലാ ചന്ദനക്കിണ്ണം...’. പിന്നീടങ്ങോട്ട്, എന്നെന്നും മനസ്സിൽ തിളങ്ങുന്ന ഒരുപിടി മനോഹര ഗാനങ്ങൾ കൂടി ശബ്നത്തിന്റെ ശബ്ദത്തിൽ ആസ്വാദകർ കേട്ടു.

നിറത്തിലെ ‘ഒരു ചിക് ചിക് ചിക് ചിക് ചിറകിൽ’ എന്ന തകർപ്പൻ ഡപ്പാം കൂത്തിൽ യേശുദാസിനൊപ്പവും ശബ്നം കസറി. എന്നാൽ പെട്ടെന്ന് ഒരു നാൾ ശബ്നം സിനിമാ പിന്നണിഗാനരംഗത്തു നിന്നും ചാനൽ പരിപാടികളിൽ നിന്നും അപ്രത്യക്ഷയായി. ‘ആകാശഗംഗ’ നായകന്‍, നടന്‍ റിയാസുമായുള്ള വിവാഹ ശേഷം 9 വർഷം നീണ്ട മാറിനിൽപ്പ്. ഇപ്പോഴിതാ ശബ്നം സിനിമയിൽ ഒരു മടങ്ങി വരവിനു തയാറെടുക്കുന്നു.

അതിന്റെ മുന്നൊരുക്കം പോലെ, ‘ആകാശഗംഗ 2’ വിൽ ‘പുതുമഴയായി വന്നു നീ...’ നീ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ വർസോങ് ഒരുക്കിയാണ് ശബ്നം ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ‘ആകാശഗംഗ’ ഒന്നാം ഭാഗത്തിൽ ചിത്ര ആലപിച്ച് സൂപ്പർ ഹിറ്റായ ഈ ഗാനത്തിന്റെ ഒഫീഷ്യൽ പ്രമോഷൻ കവർ സോങ്ങാണ് ശബ്നം പാടിയിരിക്കുന്നത്. പാട്ട് യൂ ട്യൂബിൽ റിലീസ് ചെയ്തത് മികച്ച പ്രതികരണങ്ങൾ സ്വന്തമാക്കുമ്പോൾ ശബ്നം ‘വനിത ഓൺലൈനു’മായി മനസ്സ് തുറക്കുന്നു.

അപ്രതീക്ഷിതം ഈ അവസരം

കുറച്ചു നാളായി സിനിമയിൽ തിരിച്ചു വരണം എന്നു കരുതുന്നു. അത് കുറച്ചു വ്യത്യസ്തമായ ഒരു പാട്ടിലൂടെയോ കവർ സോങ്ങിലൂടെയോ ആകാം എന്നു തോന്നി. ആദ്യം ‘വെണ്ണിലാ ചന്ദനക്കിണ്ണ’ത്തിന്റെ കവർ ചെയ്യാം എന്നായിരുന്നു ചിന്ത. പക്ഷേ, അത് കുറേ പേർ പാടിക്കഴിഞ്ഞു. പിന്നീട് എന്തു ചെയ്യാം എന്നു ചിന്തിച്ചപ്പോൾ, ഖവാലി ആയാലോ എന്നായി. അതിനു ശേഷമാണ് ‘പുതുമഴയായ്’ തന്നെ മതി എന്നു തീരുമാനിച്ചത്. റിയാസിക്കയ്ക്ക് വേണ്ടി ഒരു ഡെഡിക്കേഷന്‍ പോലെയാണ് പാടിയത്. പാടിക്കഴിഞ്ഞപ്പോൾ അനുമതിക്കു വേണ്ടി വിനയേട്ടന് ഓഡിയോ അയച്ചു കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം വിളിച്ച് അഭിനന്ദിച്ചു. ഒഫീഷ്യൽ പ്രമോഷനു വേണ്ടി എടുക്കുന്നു എന്നും പറഞ്ഞു. പാട്ട് റിലീസായ ശേഷം നല്ല അഭിപ്രായങ്ങൾ ധാരാളം കിട്ടുന്നുണ്ട്. ആദ്യമായാണ് എന്റെ വോയ്സിന് ഇത്രയും അംഗീകാരം ലഭിക്കുന്നത്. ഇഷാൻ ദേവാണ് കവറിന് വേണ്ടി പാട്ട് ഒരുക്കിയത്.

s2

മാറ്റിനിർത്തിയില്ല, മാറി നിന്നു

9 വർഷം മുമ്പ് ‘അയോധ്യ’ എന്ന ചിത്രത്തിലെ ഒരു കഥകളിപ്പദമാണ് സിനിമയ്ക്കു വേണ്ടി പാടി നിർത്തിയത്. പിന്നീട് കുടുംബത്തിനൊപ്പം തിരക്കായി. മറ്റൊന്ന് മടിയായിരുന്നു. ഇതിന്റെ പിന്നാലെ നടക്കാനൊന്നും തോന്നിയില്ല. ഞാനും ഇക്കയും ഇക്കാര്യത്തിൽ ഒരേ സ്വഭാവക്കാരാണ്. അവസരം ചോദിക്കാനൊക്കെ വിമുഖരാണ്. ഇതേന്നു പറഞ്ഞു നിൽക്കാനൊന്നും പറ്റിയില്ല. ഇതൊക്കെയാണ് ഇടവേളയുണ്ടാകാന്‍ കാരണം. പിന്നീട് സിനിമയിലേക്കും ഷോസിലേക്കുമൊക്കെ പലരും വിളിച്ചിരുന്നു. പോയില്ല. മോളെ ഗർഭിണിയാകും വരെ ഒരു ടി.വി ഷോ ചെയ്തിരുന്നു. പ്രസവം കഴിഞ്ഞപ്പോൾ ഒരു സ്റ്റാർട്ടിങ് ട്രബിൾ തോന്നി. രണ്ടു വർഷം വീട്ടിൽ ഇരുന്നിട്ട് മടങ്ങി വരാൻ തോന്നിയില്ല. ചുരുക്കത്തിൽ, എന്നെ ആരും മാറ്റിനിർത്തിയതല്ല. ഞാൻ വേണ്ട എന്നു വച്ചതാണ്.

ഒമ്പതാം ക്ലാസിൽ ശുക്‌രിയാ

പത്ത് വയസ്സുള്ളപ്പോഴാണ് ‘വെണ്ണിലാ ചന്ദനക്കിണ്ണം’ പാടിയത്. എന്റെ അങ്കിളിന്റെ സുഹൃത്താണ് ഔസേപ്പച്ചൻ സാറിന്റെ കസിൻ. അങ്ങനെയാണ് ആ അവസരം കിട്ടിയത്. വിദ്യാസാഗർ സാർ ആ പാട്ടിനു വേണ്ടി ഒരു കുട്ടിയെ തേടുന്ന സമയത്താണ് ഔസേപ്പച്ചൻ സാർ വഴി ഞാൻ പാടിയ കാസറ്റ് കേട്ടതും വിളിച്ചതും. മുതിർന്ന ശബ്ദത്തിലെ തുടക്കം ‘നിറ’ത്തിലെ ‘ശുക്‌രിയാ’ആണ്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് അത് പാടിയത്. ആകെ 16 സിനിമകളില്‍ ഇതിനോടകം പാടി.

സൂഫി സംഗീതം

ചെറുപ്പം മുതലേ സൂഫിസവും സൂഫി സംഗീതവും ഒപ്പമുണ്ട്. ദൈവത്തെ ഒപ്പം കൂട്ടിയുള്ള ജീവിതം. ഖവാലിയും വലിയ ഇഷ്ടമായിരുന്നു. പക്ഷേ, കേരളത്തിൽ സൂഫി മ്യൂസിക്കിന് വലിയ സാധ്യതയില്ല. പക്ഷേ, പിജി കർണാടിക് മ്യൂസിക്കിനു പഠിച്ചപ്പോൾ ഞാന്‍ പ്രൊജക്ട് ചെയ്തത് സൂഫി സംഗീതത്തിലാണ്. ‘ലയാലി സൂഫിയ’ എന്ന പേരിൽ ഒരു ഖലാലി ബാൻഡ് രൂപീകരിച്ചിട്ടുണ്ട്. ഞാനും നാലു പെൺകുട്ടികളുമാണ് പാടുന്നത്. ഇന്ത്യയിലെ ആദ്യ ഖവാലി ഫീമെയ്ൽ ബാൻഡാണ് ‘ലയാലി സൂഫിയ’.

s3

കുടുംബം

എന്റെ നാട് കൊല്ലത്ത് കടപ്പാക്കടയിലാണ്. റിയാസിക്കയുടെത് പത്തനാപുരത്തും. ഒരു ചാനൽ പരിപാടിയിൽ എന്നെ കണ്ട് ഇഷ്ടപ്പെട്ട് ഇക്ക വന്ന് കല്യാണം ആലോചിക്കുകയായിരുന്നു. സിനിമയോടൊപ്പം ബിസിനസ്സിലും നാടകത്തിലും ഇക്ക സജീവമാണ്. കൊല്ലത്ത് ആർക്കൈവ് ഗാലറി എന്ന ഷോപ്പും ടാഗ് എന്ന പേരിൽ സർജിക്കൽ സ്റ്റീലിന്റെ ഷോപ്പുമുണ്ട്. ഇക്കയുെട ചില നാടകങ്ങൾക്കൊക്കെ ഞാൻ മ്യൂസിക് ചെയ്തിട്ടുണ്ട്. ഞങ്ങൾക്ക് രണ്ട് മക്കളാണ്. എട്ടാം ക്ലാസുകാരി നുമയും മൂന്നാം ക്ലാസുകാരൻ അർമാനും.