Monday 20 May 2019 12:21 PM IST : By സ്വന്തം ലേഖകൻ

‘‘രണ്ട് അച്ഛന്‍മാരെ ഒന്നിച്ച് കാണുന്നത് അവര്‍ക്കൊരു രസകരമായ അനുഭവമായിരിക്കില്ല’’! തുറന്നു പറഞ്ഞ് ഷാഹിദ് കപൂർ

shahid

വയസ്സ് 38 ആയെങ്കിലും ബോളിവുഡിലെ എവർഗ്രീൻ യൂത്തനാണ് ഷാഹിദ് കപൂർ. ആരാധകരുടെ പ്രിയങ്കരനായ ഷാഹിദ് മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനിടെ ബി ടൗണിലെ അഭിവാജ്യ ഘടകമായി.

പുതിയ ചിത്രമായ കബീര്‍ സിങ്ങിനൊപ്പം സിംഗപ്പൂരിലെ മാഡം ടുസ്യോ മെഴുകു മ്യൂസിയത്തില്‍ പ്രശസ്ത വ്യക്തികളുടെ പ്രതിമകളുടെ കൂട്ടത്തില്‍ സ്വന്തം മെഴുകുപ്രതിമ കൂടി വച്ചതിന്റെ സന്തോഷത്തിലാണ് ഷാഹിദ്.

മ്യൂസിയത്തിലെ തന്റെ മെഴുകുപ്രതിമ അനാവരണം ചെയ്യാന്‍ പോകുമ്പോള്‍ ഭാര്യ മിറ രാജ്പുത്തിനെ മാത്രമേ ഒപ്പം കൂട്ടിയൊള്ളൂവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. കുഞ്ഞുങ്ങളായ മിഷയെയും സെയ്നെയും തന്റെ മെഴുകു പ്രതിമ കാണിക്കുന്നില്ലെന്നും താരം പറയുന്നു.

തന്റെ മെഴുക് പ്രതിമ കാണുമ്പോള്‍ കുട്ടികള്‍ക്ക് അരോചകമായി തോന്നാന്‍ സാധ്യതയുണ്ടെന്നാണ് ഇതിന് ഷാഹിദ് നൽകുന്ന വിശദീകരണം.

‘‘എന്താണിപ്പോള്‍ സംഭവിച്ചത് എന്ന പോലെയാകും അവര്‍ അതു കാണുക. രണ്ട് അച്ഛന്‍മാരെ ഒന്നിച്ച് കാണുന്നത് അവര്‍ക്കൊരു രസകരമായ അനുഭവമായിരിക്കില്ല’’.- ഷാഹിദ് പറയുന്നു.

അതേസമയം, ഭാര്യയും വീട്ടുകാരുമൊക്കെ വളരെ ആവേശത്തിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു.