Wednesday 27 March 2019 03:42 PM IST

‘‘തലസ്ഥാനം പരാജയപ്പെട്ടാൽ ഗൾഫിലേക്കു പോകാൻ ഞാനും രഞ്ജിയും തീരുമാനിച്ചിരുന്നു’’! മലയാളിയെ ത്രസിപ്പിച്ച പൊളിറ്റിക്കൽ ത്രില്ലറിന്റെ കഥ പറഞ്ഞ് ഷാജി കൈലാസ്

V.G. Nakul

Sub- Editor

shaji-kailas-new-1

‘‘തലസ്ഥാനത്തിന്റെ പ്രിവ്യൂ മദ്രാസിൽ നടത്തിയപ്പോൾ, സമ്മിശ്ര പ്രതികരണമായിരുന്നു. അന്നു ഞങ്ങളെ അവിടെയാർക്കും വലിയ പരിചയമില്ല. തമിഴർക്ക് കേരളത്തിലെ ക്യാമ്പസ് പൊളിറ്റിക്സിനെക്കുറിച്ചും ഒന്നുമറിയില്ലല്ലോ. ആ പ്രിവ്യൂ കഴിഞ്ഞ്, അഭിപ്രായം കേട്ടപ്പോൾ ഞങ്ങളാകെ തകർന്നു പോയി. കൈയീന്നു പോയി എന്ന അവസ്ഥയിലായിരുന്നു. അതോടെ സിനിമ വിജയിച്ചില്ലെങ്കിൽ ബഹ്റൈനിലേക്ക് പോകാമെന്ന് ഞാനും രഞ്ജിയും തീരുമാനിച്ചു. വേറെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കാമെന്നായിരുന്നു പ്ലാൻ. പിന്നീട് സിനിമയുടെ തട്ടകത്തിലേക്ക് നമ്മളില്ല എന്ന് സ്വയം വിധിയെഴുതുകയായിരുന്നു. നടന്‍ അശോകന്റെ സഹോദരൻ ബഹ്റൈനിലുണ്ടായിരുന്നു. അദ്ദേഹത്തോട് ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ സംസാരിച്ചു വച്ചിരുന്നു. അങ്ങനെ ഞാൻ ചെന്നൈയിൽ തന്നെ നിന്നിട്ട്, രഞ്ജിയെയാണ് പ്രിന്റുമായി തിരുവന്തപുരത്തേക്കയച്ചത്. പക്ഷേ വിധി മറ്റൊന്നായിരുന്നു. തലസ്ഥാനം സൂപ്പർ ഹിറ്റായി. മൂന്നു ദിവസം കഴിഞ്ഞ്, ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുന്നു എന്ന് നിർമ്മാതാവ് വിളിച്ചു പറഞ്ഞിട്ടാണ് ഞാൻ നാട്ടിൽ വന്നത്. പിന്നീടുള്ളതൊക്കെ ചരിത്രം...’’ .– കേരളത്തെ ഇളക്കി മറിച്ച രാഷ്ട്രീയ സിനിമകളിലൊന്നായി മാറിയ ‘തലസ്ഥാന’ത്തിന്റെ വിശേഷങ്ങൾ ഷാജി കൈലാസ് വനിത ഓൺലൈൻ ‘തിര’ഞ്ഞെടുപ്പി’ൽ പറഞ്ഞു തുടങ്ങിയതിങ്ങനെ.

ക്യാമ്പസ് പൊളിറ്റിക്സ് പശ്ചാത്തലമാക്കി, മലയാള സിനിമ കണ്ട ആദ്യത്തെ മാസ് ത്രില്ലറായിരുന്നു ‘തലസ്ഥാനം’. രഞ്ജി പണിക്കരുടെ തിരക്കഥയിൽ, ഷാജി കൈലാസ് സംവിധാനം ചെയ്ത ‘തലസ്ഥാനം’, സുരേഷ് ഗോപി എന്ന സൂപ്പർ താരത്തിന്റെയും വിജയകുമാർ എന്ന യുവനടന്റെയും നരേന്ദപ്രസാദ് എന്ന കരുത്തുറ്റ വില്ലന്റെയും പിറവി കൂടിയായിരുന്നു. ഈയാം പാറ്റകളെപ്പോലെ, ആരുടെയൊക്കെയോ പ്രലോഭനങ്ങളിൽ മയങ്ങി, ക്യാമ്പസ് പൊളിറ്റിക്സ് എന്ന അഗ്നിയിൽ വീണെരിഞ്ഞ് ജീവനും ജീവിതവും നഷ്ടപ്പെടുന്നവരുടെ കഥയായിരുന്നു ചിത്രം. കേരളം ഒരേ മനസ്സോടെ നെഞ്ചിലേറ്റിയ ഈ സൂപ്പർഹിറ്റിന്റെ പിറവിക്കു പിന്നിലെ വിശേഷങ്ങൾ പറയുമ്പോൾ ഷാജി കൈലാസിന് നൂറു നാവ്.

shaji-4

കവർ ചിത്രം സിനിമയായ കഥ

മണ്ഡൽ കമ്മിഷൻ കത്തി നിൽക്കുന്ന സമയമാണ്. ആയിടെയിറങ്ങിയ ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ കവർ ചിത്രം, ഒരു വിദ്യാർത്ഥി തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നതിന്റെതായിരുന്നു. ഈ വീക്കിലി, ‘ഇതായിരിക്കണം ക്യാമ്പസ് പൊളിറ്റിക്സിനു വേണ്ടി നമ്മൾ ചൂസ് ചെയ്യുന്ന തീം’ എന്നു പറഞ്ഞ് രഞ്ജിയുടെ കൈയിൽ കൊടുക്കുകയായിരുന്നു. ഈ വിദ്യാർത്ഥി സ്വയം തീ കൊളുത്തിയതല്ലെങ്കിലോ, ആരെങ്കിലും കത്തിച്ചതാണെങ്കിലോ എന്നായിരുന്നു അതിനു പിന്നിലെ ചിന്ത. അതിൽ നിന്നാണ് തലസ്ഥാനത്തിന്റെ കഥയും ആ സിനിമയും പിറന്നത്.

കഥാ ചർച്ചകൾക്കിടെ, എനിക്കറിയാവുന്ന ചില രാഷ്ട്രീയ നേതാക്കളുടെ സ്വഭാവം ഞാൻ രഞ്ജിക്ക് പറഞ്ഞു കൊടുത്തു. രഞ്ജി അതിനെ കുറച്ചു കൂടി തീവ്രമായി, കരുത്തോടെ തേച്ചു മിനുക്കിയെടുത്ത കഥാപാത്രമാണ് നരേന്ദ്ര പ്രസാദ് അവതരിപ്പിച്ച, ജി.പരമേശ്വരൻ എന്ന വില്ലൻ. ക്യാമ്പസ് രാഷ്ട്രീയത്തിലൊക്കെ പ്രവർത്തിച്ചിട്ടുള്ളതിനാൽ, ഈ തരത്തിലുള്ള കുറെ നേതാക്കൻമാരുമായൊക്കെ കണ്ടു സംസാരിച്ചിട്ടുണ്ട്. അങ്ങനെയാണ്, കഥാപാത്രം എങ്ങനെയായിരിക്കണം എങ്ങനെ പെരുമാറണം കുട്ടികളെ എങ്ങിനെയാണവർ കൃത്യമായി ഈ കെണിയിൽ പെടുത്തുന്നത് തുടങ്ങി പലതും ആസൂത്രണം ചെയ്തത്.

shaji-3

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ശരി തെറ്റുക

ക്യാമ്പസ് രാഷ്ട്രീയം ഒരു പ്രത്യേക രീതിയിലാണ്. കോളേജിൽ പഠിക്കുമ്പോൾ, അതിന്റെ ചോരത്തിളപ്പിൽ കുട്ടികൾ എന്തിനും തയാറാകും. പഠനം കഴിഞ്ഞ്, പിന്നീടാണ് അതിന്റെ ശരി തെറ്റുകൾ മനസ്സിലാക്കുന്നത്. ഇതൊരു റൊട്ടീനാണ്. ലീഡർഷിപ്പ് മാറുന്നില്ല. കുട്ടികൾ മാത്രം മാറുന്നു. പുതിയ കുട്ടികളും ഇതിലേക്കു തന്നെ വരുന്നു, അവരെയും ഇങ്ങനെ തന്നെ പരിശീലിപ്പിക്കുന്നു, അവര്‍ക്കും ആവശ്യമില്ലാത്ത വാഗ്ദാനങ്ങൾ കൊടുത്ത് വേണ്ടാത്തതിനൊക്കെ പ്രേരിപ്പിക്കുന്നു... ഇത് തുടർന്നുകൊണ്ടേയിരിക്കും. അന്ന് സോഷ്യൽ മീഡിയാസൊന്നുമില്ലല്ലോ, ഇപ്പോൾ ഒരു ചെറിയ പ്രശ്നമുണ്ടായാൽ പോലും സോഷ്യൽ മീഡിയ ഇടപെടുന്നുണ്ട്. അന്നങ്ങനെയല്ല, സിനിമയാണ് ഏക ജനകീയ മാധ്യമം. അതുകൊണ്ടാണ് ഞങ്ങൾ ആ രീതിയിൽ ഇടപെടാൻ തീരുമാനിച്ചത്. വിമർശനാത്മകമായി ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു തലസ്ഥാനത്തിന്റെ ലക്ഷ്യം.

മന്ത്രിയിൽ നിന്ന് ഭീഷണിയുണ്ടായിരുന്നു

ആ സിനിമ ചെയ്യുമ്പോൾ, ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനുണ്ടായിരുന്നില്ല. ഞങ്ങളാരും ഒന്നുമായിട്ടില്ല. ഒരു മുൻ വിജയത്തിന്റെയും ബാധ്യതയുമുണ്ടായിരുന്നില്ല. അങ്ങനെയൊക്കെ വരുമ്പോഴാണല്ലോ നമ്മൾ ഒത്തുതീർപ്പുകൾക്കു നിർബന്ധിതരാകുക. അതൊന്നുമില്ലാതെ, ഓപ്പണായി എന്തും ചെയ്യാമെന്നുള്ള സാഹചര്യമായിരുന്നു. അതുകൊണ്ടു തന്നെയാണ് തലസ്ഥാനം എന്ന പരീക്ഷണത്തിന് ഞങ്ങൾ തയാറായതും. ഞങ്ങളുടെ ക്യാമ്പസ് സിനിമ ഇങ്ങനെയാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു. അവിടെ ഭയം എന്ന സംഗതിയുണ്ടായിരുന്നില്ല. തലസ്ഥാനം റിലീസായ ശേഷം വലിയ ഭീഷണികളൊന്നുമുണ്ടായിട്ടില്ലെങ്കിലും സ്ഥലത്തെ പ്രധാന പയ്യൻസ് റിലീസായപ്പോൾ ഒരു മന്ത്രിയിൽ നിന്ന് ഭീഷണിയുണ്ടായിരുന്നു. പക്ഷേ ഞങ്ങളതത്ര കാര്യമാക്കിയില്ല.

shaji-2

സിനിമാസ്കോപ്പിൽ ആദ്യ സിനിമ

സിനിമയിൽ ഇൻട്രവൽ സമയത്താണ് സുരേഷ് ഗോപിയുടെ ഹരികൃഷ്ണൻ വരുന്നത്. സെക്കൻഡ് ഹാഫിൽ മാത്രമേ സുരേഷ് ചിത്രത്തിലൂള്ളൂ. വിജയകുമാറിന്റെ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തിന് കരുത്തനായ ഒരു സഹോദരൻ വേണം. അയാൾ വന്ന്, അനിയന്റെ മരണം എങ്ങനെ സംഭവിച്ചു എന്ന് അന്വേഷണം നടത്തുകയാണ്. അതിന് ഹീറോ ഇമേജുള്ള ഒരാളെയാണ് ആവശ്യം. അപ്പോൾ, നമ്മുടെ കൈയിലൊതുങ്ങുന്ന ഒരു താരം എന്ന നിലയിലാണ് സുരേഷിനെ തിരഞ്ഞെടുത്തത്. ഞാൻ സംവിധാനം ചെയ്ത ആറാമത്തെ സിനിമയാണ് തലസ്ഥാനം. എന്റെ ആക്ഷൻ മൂഡിലുള്ള സിനിമകളുടെ തുടക്കവും തലസ്ഥാനത്തിലാണ്. കഴിഞ്ഞ അഞ്ച് പടങ്ങളിലും ഞാൻ ഉപയോഗിക്കാത്ത, മാസ് മെത്തേഡാണ് ചിത്രത്തിലുണ്ടായിരുന്നത്. സിനിമാസ്കോപ്പിൽ ഞാനെടുത്ത ആദ്യ സിനിമയും തലസ്ഥാനമാണ്.

പുതിയ മുഖം തേടിയ ജി.പി

ജി.പി എന്ന കഥാപാത്രത്തിന് പരിചിതമായ ഒരു മുഖം വേണ്ട എന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. അത് ആവർത്തന വിരസതയുണ്ടാക്കുമെന്നു തോന്നി. അങ്ങനെയാണ് ‘അസ്ഥികൾ പൂക്കുന്നു’ എന്ന സിനിമ കണ്ട്, പ്രസാദ് സാറിനെ വീട്ടിൽ പോയി ക്ഷണിക്കുന്നത്. പക്ഷേ അദ്ദേഹത്തിന് ശരിയാകുമോ എന്നു സംശയമായിരുന്നു. സാറ് ഓകെയാണെങ്കിൽ ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. തുടക്കത്തിൽ ചെറിയ പതർച്ചയുണ്ടായെങ്കിലും പിന്നീട് അദ്ദേഹമാ കഥാപാത്രത്തെ ഗംഭീരമാക്കി.

ഞാൻ കണ്ട അടി

ചിത്രത്തിൽ ക്യാമ്പസിനുള്ളിലുള്ള അടിയൊക്കെ എം.ജി കോളേജിൽ എന്റെ കൺമുന്നിൽ നടന്ന സംഭവങ്ങളാണ്. അതേ സാധനം അതേ പോലെ ഷൂട്ട് ചെയ്ത് സിനിമയിൽ ചേർക്കുകയായിരുന്നു. പുതിയ കാലത്തെ ക്യാമ്പസ് പശ്ചാത്തലമാക്കി, പുതിയ കുട്ടികളുടെ കഥ പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. നല്ല തിരക്കഥ വന്നാൽ ചെയ്തിരിക്കും.....