Friday 11 January 2019 04:56 PM IST : By സ്വന്തം ലേഖകൻ

‘‘ഒരു പ്രൊഫഷനല്‍ മര്യാദ അവരില്‍ നിന്നു പ്രതീക്ഷിച്ചിരുന്നു’’; മമ്മൂട്ടിയുടെ മരയ്ക്കാർ വരുമെന്ന് ഷാജി നടേശൻ

shaji-new

ഒടുവിൽ അതുറപ്പായി, ഒരേ കഥാപാത്രമായി മലയാളത്തിന്റെ താര രാജാക്കൻമാർ തിയേറ്ററുകളിലെത്തും. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ, മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍’ ഈ വര്‍ഷം ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാവ് ഷാജി നടേശൻ.

‘കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍’ ഉപേക്ഷിച്ചതുകൊണ്ടാണ് ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ ചെയ്യുന്നതെന്ന പ്രിയദര്‍ശന്റേയും മോഹന്‍ലാലിന്റേയും വിശദീകരണങ്ങൾ ഷാജി നടേശന്‍ തള്ളി. പ്രൊജക്ട് ഉപേക്ഷിച്ചതായി ആരോടും ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഷാജി പ്രതികരിച്ചു.

‘‘പ്രൊജക്ട് ഉപേക്ഷിച്ചതായി ആരോടും ഒരിക്കലും പറഞ്ഞിട്ടില്ല. കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ ഈ വര്‍ഷം തന്നെ ഷൂട്ട് ചെയ്യും. സന്തോഷ് ശിവന്‍ മറ്റു പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ ആയിരുന്നതിനാലും ചിത്രത്തിന്റെ വന്‍ മുതല്‍ മുടക്കുമാണ് പ്രൊജക്ട് വൈകിപ്പിച്ചത്’’. – ഷാജി പറയുന്നു.

‘‘ടി.പി രാജീവന്റെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനം ഈ സ്ക്രിപ്റ്റിന് പിന്നിലുണ്ട്. ഈ സ്ക്രിപ്റ്റ് പ്രിയദര്‍ശന്‍ വായിച്ചിട്ടുണ്ട്. ടി പി രാജീവനോട് കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ സ്ക്രിപ്റ്റ് പ്രിയദര്‍ശന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങളോടുള്ള കമ്മിറ്റ്മെന്റിന്റെ പുറത്ത് രാജീവന്‍ ആ പ്രൊജക്ടിന്റെ ഭാഗമാകാന്‍ തയ്യാറായില്ല’’.– ഷാജി വ്യക്തമാക്കുന്നു.

പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാറിന് എല്ലാം ആശംസകളും നേർന്ന ഷാജി അതൊരു ഗിമ്മിക്ക് മാത്രമായി പോകരുതെന്ന് അഗ്രഹിക്കുന്നതായും ഒരു പ്രൊഫഷനല്‍ മര്യാദ അവരില്‍ നിന്നു പ്രതീക്ഷിച്ചിരുന്നതായും പറഞ്ഞു.