Tuesday 16 October 2018 11:10 AM IST : By സ്വന്തം ലേഖകൻ

ഇനി ‘തിരക്കഥ, സംവിധാനം: കലാഭവൻ ഷാജോൺ’; ‘ബ്രദേഴ്സ് ഡേ’യിൽ പൃഥ്വിരാജ്

bro-1

വർഷങ്ങൾ നീണ്ട കഠിന പ്രയത്നത്തിന്റെ ഫലമാണ് കലാഭവൻ ഷാജോൺ എന്ന നല്ല നടന്റെ പിറവി. വേഗപ്പോക്ക് വേഷങ്ങളിൽ തുടങ്ങി, കോമഡി വേഷങ്ങളിൽ തിളങ്ങി, ഏത് വേഷവും ധൈര്യസമേതം ഏൽപ്പിക്കാവുന്ന തരത്തിലേക്കുള്ള ഷാജോണിന്റെ വളർച്ചയ്ക്ക് പിന്നിൽ അനുഭവ സമ്പത്തിന്റെ കരുത്തുണ്ട്. ഇനി ആ അനുഭവപരിചയത്തിന്റെ വെളിച്ചത്തിൽ സംവിധായകന്റെ തൊപ്പിയണിയുകയാണ് ഷാജോൺ. പൃഥ്വിരാജ് നായകനാകുന്ന ഷാജോണിന്റെ ആദ്യ സംവിധാന സംരംഭത്തിന് ‘ബ്രദേഴ്സ് ഡേ’ എന്നാണ് പേര്. പിറന്നാള്‍ ദിനത്തിൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പൃഥ്വിരാജാണ് പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചത്.

bro-2

‘‘കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതെ നമ്മുടെ കലാഭവന്‍ ഷാജോണ്‍) എന്നെ കാണാനെത്തി. അദ്ദേഹം തന്നെ രചിച്ച ഒരു പൂര്‍ണസ്ക്രിപ്റ്റ് എന്നെ വായിച്ചു കേള്‍പ്പിച്ചു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം, ഒപ്പം ആരെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കണം എന്ന് അഭിപ്രായവും ചോദിച്ചു. പക്ഷേ ഷാജോണ്‍ ചേട്ടന്റെ തിരക്കഥയുടെ മികവും അദ്ദേഹം അത് വിവരിച്ച രീതിയും കണ്ടപ്പോള്‍ സ്വാഭാവികമായും ആ തിരക്കഥ സംവിധാനം ചെയ്യാന്‍ അനുയോജ്യനായ ഒരേ ഒരാള്‍ അദ്ദേഹം തന്നെയാണെന്ന് എനിക്ക് തോന്നി. രസികന്‍മാരായ ഒരു സംഘത്തെക്കുറിച്ചുള്ള കഥയാണിത്. കോമഡിയും ആക്ഷനും റൊമാന്‍സും എല്ലാം ഉണ്ട്. കലാഭവന്‍ ഷാജോണിന്റെ അരങ്ങേറ്റ ചിത്രം ഇവിടെ പ്രഖ്യാപിക്കുന്നു….. ‘‘ബ്രദേഴ്സ് ഡേ”.– പൃഥ്വിരാജ് കുറിച്ചു. എന്തായാലും സംവിധായകനായ ഷാജോണിന്റെ അരങ്ങേറ്റം എങ്ങനെയാണെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.