Tuesday 30 October 2018 02:27 PM IST : By സ്വന്തം ലേഖകൻ

‘‘നടിയാകാൻ ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടികളും അവരുടെ കഥ കണ്ടിരിക്കണം’’; സ്വന്തം ജീവിതകഥയിൽ അതിഥിയായി ഷക്കീല

shakheela-new

ഇപ്പോൾ ഇന്ത്യൻ സിനിമയിൽ ബയോപിക്കുകളുടെ കാലമാണ്. വിവിധ മേഖലകളിലെ നിരവധി പ്രശസ്തരുടെ ജീവിതമാണ് വെള്ളിത്തിരയിൽ തെളിയുന്നത്. അതിൽ ഏറ്റവും പുതിയതാണ് നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കി ഇന്ദ്രജിത്ത് ലങ്കേഷ് കന്നഡയിൽ സംവിധാനം ചെയ്യുന്ന ചിത്രം. ചിത്രത്തിൽ ഷക്കീല

അതിഥി വേഷത്തിലെത്തുന്നു. ഷക്കീലയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ റിച്ച ഛദ്ദയാണ് ഷക്കീലയുടെ വേഷത്തിൽ. പങ്കജ് ത്രിപാഠി, രാജീവ് പിള്ള, എസ്തര്‍ നൊറോണ എന്നിവരും ചിത്രത്തിലുണ്ട്. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് ഷക്കീലയെ അടുത്തറിയാനായി റിച്ച ബാംഗ്ലൂരിൽ ഷക്കീലയുമായി കൂടിക്കാഴ്ച നടത്തിയത് വാർത്തയായിരുന്നു.

“ഷക്കീലയെ കുറിച്ചൊരു സിനിമ ചെയ്യണമെന്നത് എന്നും എന്റെ ആഗ്രഹമായിരുന്നു. ഓൺ സ്ക്രീനിലെയും ഓഫ് സ്ക്രീനിലെയും അവരുടെ വ്യക്തിത്വം എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്. അവരുടെ കഥ പറയാനാണ് ഞാനാഗ്രഹിക്കുന്നത്, സിനിമകൾ കിട്ടാതെ കഷ്ടപ്പെട്ട അവരുടെ ജീവിതത്തിലെ ദുഷ്കരമായ കാലഘട്ടത്തെ കുറിച്ച്, സ്വഭാവറോളുകൾ ലഭിക്കാനായി അവർ നടത്തിയ ശ്രമങ്ങളെ കുറിച്ച് പറയാൻ ഞാനാഗ്രഹിക്കുന്നു. സൂപ്പർസ്റ്റാർ ഷക്കീലയുടെ യഥാർത്ഥ കഥയാണ് ഈ സിനിമയിലൂടെ പറയാൻ ആഗ്രഹിക്കുന്നത്. ഷക്കീലയുടെ സംസാരരീതിയും ശരീരഭാഷയും സൂക്ഷ്മാംശങ്ങളുമെല്ലാം മനസ്സിലാക്കാനായി റിച്ചയും ഷക്കീലയ്ക്കൊപ്പം ഏറെ സമയം ചെലവഴിച്ചിരുന്നു. ഷക്കീല ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോഴും ഞങ്ങൾക്ക് വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. പ്രത്യേകിച്ചും ആർട്ട് ഡയറക്ഷൻ പോലുള്ള കാര്യങ്ങളിൽ. യഥാർത്ഥ ജീവിതത്തിൽ തന്റെ വീട് എങ്ങനെയായിരുന്നു പോലുള്ള കാര്യങ്ങളെല്ലാം വളരെ സ്നേഹത്തോടെ അവർ പറഞ്ഞു തന്നു. 2003 ൽ എന്റെ ഒരു ചിത്രത്തിൽ അവർ അഭിനയിച്ചിട്ടുണ്ട്. അന്നാണ് അവരുടെ ജീവിതത്തെ കുറിച്ചൊരു സിനിമ ചെയ്യണമെന്നൊരു ആശയം തോന്നിയത്. 2015 ൽ ഈ ആശയത്തെ കുറിച്ച് ഞാനവരോട് സംസാരിക്കുകയും ഈ ഡ്രീം പ്രൊജക്റ്റിന് അവർ സമ്മതം മൂളുകയും ചെയ്തു. ഒരു നടിയാകാൻ ആഗ്രഹിക്കുന്ന ഓരോ പെൺകുട്ടികളും സ്ത്രീകളും അവരുടെ കഥ കണ്ടിരിക്കണമെന്നെനിക്ക് തോന്നുന്നു. ഒരു നടിയായി മാറാൻ ഷക്കീലയ്ക്ക് കടന്നു പോവേണ്ടി വന്ന കഷ്ടപ്പാടുകൾ അവരറിയണം. അവർ സ്വന്തമാക്കിയ പേരിനും സമ്പത്തിനുമെല്ലാം പിന്നിൽ കഷ്ടപ്പാടിന്റേതായൊരു കഥയുണ്ട്. ”.– സംവിധായകൻ പറയുന്നു.