Saturday 21 December 2019 04:34 PM IST

‘നടി എന്നത് വിട്ടേക്കൂ, ഒരു സ്ത്രീ എന്ന പരിഗണനയെങ്കിലും തന്നു കൂടേ’? വിവാദങ്ങളോട് പ്രതികരിച്ച് ഷാലു കുര്യൻ

V.G. Nakul

Sub- Editor

s1

‘ചന്ദനമഴ’യിലെ വർഷ എന്ന വില്ലത്തിയെ അത്രവേഗം മലയാളികൾ മറക്കില്ല. ആ കഥാപാത്രം ഷാലു കുര്യന് നൽകിയ പ്രശസ്തിയും സ്വീകാര്യതയും വലുതാണ്. എന്നാൽ ‘തട്ടീം മുട്ടീ’മിൽ എത്തിയപ്പോൾ പ്രേക്ഷകരെ ഞെട്ടിച്ച് കോമഡി റോളിലാണ് ഷാലു തിളങ്ങുന്നത്. അർജുനനും മോഹനവല്ലിക്കും ഒപ്പം കട്ടയ്ക്ക് പിടിച്ച് ഷാലുവും മുന്നേറുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് ചിരിയുടെ ഒരുപിടി മുഹൂർത്തങ്ങളാണ്. ഇടയ്ക്കു വന്ന വിവാദത്തെ ചങ്കുവിരിച്ചു നേരിട്ട് ഷാലു പറയുന്നു, ‘ഞാൻ അങ്ങനെ പേടിച്ചോടുന്ന ടൈപ്പൊന്നുമല്ല’. തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും പുതിയ വിശേഷങ്ങളെക്കുറിച്ചും ഷാലു ‘വനിത ഓൺലൈനോ’ട് സംസാരിക്കുന്നു.

തുടക്കം പത്താം ക്ലാസിൽ

എന്റെ നാട് കോട്ടയത്ത് കങ്ങഴയാണ്. അഭിനയ രംഗത്ത് എത്തിയിട്ട് പതിനാല് വർഷമായി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഡോക്യുമെന്ററിയിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. എന്റെ നൃത്താധ്യാപകർ വഴി ലഭിച്ച അവസരമാണ്. ഹയർസെക്കൻഡറിക്ക് പഠിക്കുമ്പോഴാണ് ആദ്യ സീരിയലായ ‘കൃഷ്ണപക്ഷ’ത്തിൽ അഭിനയിച്ചത്. അത് കുറച്ച് എപ്പിസോഡിനു ശേഷം നിർത്തിപ്പോയി. അതു കഴിഞ്ഞ് ‘തിങ്കളും താരകങ്ങളും’ വന്നു. ‘സരയു’ എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ബ്രേക്ക് ആയത് ‘ചന്ദനമഴ’ ആണ്. ഇതിനകം ഇരുപതോളം സീരിയലുകളുടെ ഭാഗമായി.

വില്ലത്തിയിൽ നിന്നു കോമഡിയിലേക്ക്

‘ചന്ദനമഴ’യിൽ വർഷ എന്ന നെഗറ്റീവ് കഥാപാത്രമായിരുന്നു എനിക്ക്. അതു വലിയ ഹിറ്റായി. ‘ചന്ദനമഴ’യ്ക്ക് ശേഷം കൂടുതലും അവസരങ്ങൾ വന്നത് നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രങ്ങളിലേക്കാണ്. നാലഞ്ച് വർഷം വില്ലത്തിയായി മാത്രം അഭിനയിച്ചതിനാൽ, കോമഡി ഉൾപ്പടെയുള്ള മറ്റു വേഷങ്ങളും ചെയ്യണം എന്നു തോന്നി. അപ്പോഴാണ് ‘സീത’ യിൽ അവസരം ലഭിച്ചത്. സീതയിലെ കഥാപാത്രം ആദ്യത്തെ കുറച്ച് ഭാഗങ്ങളിൽ വില്ലത്തി ആണെന്നു തോന്നുമെങ്കിലും പിന്നീടു പോസിറ്റീവായി. ഇപ്പോൾ ‘തട്ടീം മുട്ടീ’മിൽ കോമഡി റോൾ ചെയ്യുന്നു.

s2

അഭിനയസാധ്യത പ്രധാനം

എന്നെ സംബന്ധിച്ച് അഭിനയസാധ്യതയുള്ള ഏത് കഥാപാത്രവും ഇഷ്ടമാണ്. നെഗറ്റീവ് റോളുകളിൽ എന്തായാലും അതുണ്ടാകും. ഇത്രകാലം വില്ലത്തിയായി അഭിനയിച്ചെങ്കിലും കോമഡി ചെയ്യാൻ സാധിക്കും എന്നു തോന്നിയിരുന്നു. മൂന്നു സീരിയലിൽ ആണ് ആകെ ഞാൻ വില്ലത്തിയായത്. അതിനു മുമ്പ് ക്യാരക്ടർ റോളുകളാണ് ചെയ്തിരുന്നത്.

സിനിമ

‘ചന്ദനമഴ’യ്ക്ക് വളരെ മുമ്പാണ് ഞാൻ സിനിമകൾ ചെയ്തിരുന്നത്. എട്ടോളം സിനിമകളിൽ അഭിനയിച്ചു. അതിൽ ‘റോമൻസി’ലെ റോള്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴും സിനിമയിൽ തൃപ്തികരമായ ഒരു വേഷം കിട്ടിയിട്ടില്ല. സീരിയലിൽ എന്ന പോലെ സിനിമയിലും അത്തരം റോളുകള്‍ വരും എന്നു പ്രതീക്ഷിക്കുന്നു.

s4

കുടുംബം എന്ന ശക്തി

അച്ഛന്‍ കുര്യൻ വി. ജേക്കബ് റബർ മാർക്കറ്റിങ് സൊസൈറ്റിയിൽ ആയിരുന്നു. അമ്മ ജെയ് തോമസ് ടീച്ചറായിരുന്നു. അനിയൻ ജേക്കബ് വിഡിയോ എഡിറ്റർ ആണ്. കുട്ടിക്കാലം മുതൽ വീട്ടിൽ നിന്നു വലിയ പിന്തുണയും പ്രോത്സാഹനവും കിട്ടിയിരുന്നു. ഭർത്താവ് മെൽവിൻ ഫിലിപ്പും സപ്പോർട്ടീവ് ആണ്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. അദ്ദേഹം മീഡിയയിൽ ജോലി ചെയ്യുന്നതിനാൽ എന്റെ പ്രൊഫഷനെക്കുറിച്ച് കൃത്യമായി അറിയാം. നല്ല ക്യാരക്ടർ ആണെങ്കിൽ എനിക്ക് താൽപര്യമില്ലെങ്കിലും പുള്ളി നിർബന്ധിക്കും. നല്ലതും ചീത്തയും പറഞ്ഞു തരും. അന്തിമ തീരുമാനം എന്റെതാണ്. എന്റെ തീരുമാനങ്ങൾക്ക് അദ്ദേഹം ഒപ്പം നിൽക്കും.

വിവാദമായ വർക്കൗട്ട്

എന്റെ വർക്കൗട്ട് വിഡിയോ എന്ന പേരിൽ പ്രചരിച്ചത് ഒരു സിനിമയുടെ ക്ലിപ്പ് ആണ്. ആ വിഡിയോ വളരെ മോശപ്പെട്ട രീതിയില്‍ ചിലർ ചർച്ചയാക്കി. എന്നെ സംബന്ധിച്ച് അത് ആദ്യത്തെ അനുഭവമായിരുന്നു. അതു കൊണ്ടു തന്നെ ചെറിയ വിഷമം തോന്നി. പക്ഷേ, കുടുംബം വലിയ പിന്തുണ നൽകി. ഇതൊക്കെ ഇതിന്റെ ഭാഗമാണ്, കാര്യമാക്കേണ്ട എന്നാണ് അവർ പറഞ്ഞത്. ഞാനതിന് പിന്നീട് വിശദീകരണം നൽകിയിരുന്നു. എന്റെ വീട്ടുകാർക്ക് കുഴപ്പമില്ലെങ്കിൽ മറ്റാർക്കാണ് കുഴപ്പം.

s3

സൈബർ അറ്റാക്ക്

അടുത്തിടെ സൈബർ അറ്റാക്കിനെക്കുറിച്ച് ഞാൻ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ വർക്കൗട്ട് വിഡിയോയുടെ പശ്ചാത്തലത്തിലാണ് ഇപ്പോഴും ഞാൻ സോഷ്യൽ മീഡിയയിൽ ആക്രമിക്കപ്പെടുന്നത്. സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കണം എന്ന് പലർക്കും അറിയില്ല. അതിന്റെ കുഴപ്പമാണ്.

ഞാനും ഭർത്താവും കൂടിയുള്ള ഒരു ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോൾ അതിന്റെ താഴെ വളരെ മോശപ്പെട്ട രീതിയിൽ ഒരാൾ കമന്റിട്ടു. നടി എന്നത് വിട്ടേക്കൂ, ഒരു സ്ത്രീ എന്ന പരിഗണന പോലും തരാത്തത് എന്താണെന്ന് തോന്നി. അങ്ങനെയാണ് ആ പോസ്റ്റ് ഇട്ടത്. അത് ഗുണമായി. നിലവിൽ, ഇതിനു മുമ്പേ ഉണ്ടായ ചില സൈബർ അറ്റാക്കുകള്‍ മുൻനിർത്തി ഞാൻ കേസ് കൊടുത്തിട്ടുണ്ട്.