Monday 22 July 2019 12:53 PM IST : By സ്വന്തം ലേഖകൻ

‘ഇത് ഇതുവരെ കണ്ടതല്ല’! തകർപ്പൻ ഗെറ്റപ്പിൽ ഷെയ്ൻ, ‘ഉല്ലാസം’ ഫസ്റ്റ്ലുക്ക് വൈറൽ

shane-new

തരംഗമായി ഷെയ്ൻ നിഗത്തിന്റെ ‘ഉല്ലാസം’ ലുക്ക്.

ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ‘ഉല്ലാസം’ ഊട്ടിയിൽ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ഷെയ്ൻ ചിത്രത്തിൽ എത്തുക.

‘കുമ്പളങ്ങി നൈറ്റ്സ്’ ‘ഇഷ്ക്’ എന്നീ വൻ ഹിറ്റുകൾക്കു ശേഷം ഷെയ്ൻ നായകനാകുന്ന ഒരു പിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അവയിൽ പ്രതീക്ഷയേറുന്ന റിലീസുകളിലൊന്നായി ഇപ്പോൾ ‘ഉല്ലാസ’വും മാറുന്നു.

ചിത്രത്തിലെ ഷെയ്ന്റെ ലുക്ക് കണ്ട് പക്കാ ബോളിവുഡ് എന്നാണ് ആരാധകരുടെ കമന്റ ്.

കൈതമറ്റം ബ്രദേഴ്സ് എന്ന പേരില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍ ആണ് തിരക്കഥ. ‘അരവിന്ദന്റെ അതിഥി’കളിലൂടെ ശ്രദ്ധിക്കപ്പെട്ട സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം.

പരസ്യ ചിത്രങ്ങളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. കാല, മാരി, പേട്ട, സിങ്കം തുടങ്ങിയ ചിത്രങ്ങളില്‍ നൃത്തസംവിധായകനായി പ്രവര്‍ത്തിച്ച ബാബ ഭാസ്കര്‍ ആണ് ഉല്ലാസത്തില്‍ നൃത്തസംവിധായകന്‍. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

രഞ്ജിത്ത് ശങ്കർ, ജിത്തു ജോസഫ്, എന്നിവരുടെ സംവിധാന സഹായിയായിരുന്ന ജീവൻ ജോജോയുടെ ആദ്യ സംവിധാന സംരഭം ആണ് ‘ഉല്ലാസം’.

‘വെയിൽ’ ആണ് ഷെയ്ൻ നായകനാവുന്ന മറ്റൊരു ചിത്രം. സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ‘വലിയ പെരുന്നാൾ’, ഷാജി കരുൺ ചിത്രം ‘ഓള്’ എന്നിവയാണ് ഇനി റിലീസിനെത്താനുള്ള ഷെയ്ന്റെ മറ്റു ചിത്രങ്ങൾ.