Monday 03 September 2018 04:14 PM IST

‘ഭർത്താവ് അപ്പോഴേക്കും ഉപേക്ഷിച്ചു പോയിരുന്നു, അമേരിക്കയിൽ ഞങ്ങൾ തനിച്ചായിരുന്നു...’

Sujith P Nair

Sub Editor

shanthi-njandukalude ഫോട്ടോ: ശ്യാം ബാബു

അഞ്ചു തിരിയിട്ട നിലവിളക്കിന്റെ പ്രഭയാണ് ശാന്തികൃഷ്ണയുടെ മുഖത്ത് ഇപ്പോഴും. വിടർന്ന കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്നത് നാടൻ പെണ്ണിന്റെ നിഷ്കളങ്കത. ചിരിയിൽ തുളുമ്പുന്നത് ആത്മവിശ്വാസം. എങ്കിലും സംസാരിക്കുമ്പോൾ വാക്കുകളിൽ ഇരമ്പുന്നതു സങ്കടക്കടൽ. ജീവിതത്തിൽ ഇനി ഒരിക്കലും സംഭവിക്കില്ലെന്നു കരുതിയ ദുരന്തം വീണ്ടും നേരിട്ടപ്പോൾ ശാന്തി തളർന്നു. പറക്കമുറ്റാത്ത രണ്ടു മക്കളുമായി ആ അമ്മ ഒറ്റയ്ക്കായി. നിസഹായതയോടെ വിധിയെ പഴിച്ച് ബെംഗളൂരുവിലെ അപാർട്ട്മെന്റിലേക്ക് ഒതുങ്ങിയപ്പോൾ വീണ്ടും ശാന്തിയെ തേടി സിനിമയെത്തി, പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും കുടുംബജീവിതത്തിന്റെ തണലിലേക്ക് രണ്ടു വട്ടം സ്വയം പടിയിറങ്ങിപ്പോയ ശാന്തികൃഷ്ണ വീണ്ടും എത്തുകയാണ്. നിവിൻ പോളി നായകനാകുന്ന ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന സിനിമയിലൂടെ. നിവിന്റെ അമ്മയായി, ലാലിന്റെ ഭാര്യയായി. സിനിമയിലേക്കുള്ള മൂന്നാം വരവ്.

‘‘പത്തൊമ്പതാം വയസിൽ ശ്രീനാഥിന്റെ ഭാര്യയായി സിനിമ വിടുമ്പോൾ ഞാൻ തിരക്കുള്ള നായികയായിരുന്നു.’’ വേദനകളിൽ എന്നും ആശ്വാസമേകിയ സിനിമയെക്കുറിച്ചോർത്ത് ശാന്തികൃഷ്ണ പറയുന്നു. ‘‘ഇടവേളയ്ക്കു ശേഷം ജീവിതം കൈവിട്ടു പോകുമെന്ന അവസ്ഥയിൽ സിനിമയുടെ വാതിൽ എനിക്കു വേണ്ടി വീണ്ടും തുറന്നു. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. നയം വ്യക്തമാക്കുന്നു, എന്നും നന്മകൾ, വിഷ്ണുലോകം, ചകോരം... ഒരുപിടി നല്ല ചിത്രങ്ങൾ. പുനർവിവാഹത്തിനു ശേഷം വീണ്ടും സിനിമയോടു വിടചൊല്ലി. ഇപ്പോഴിതാ വിധി ആവർത്തിക്കുന്നു. വീണ്ടുമൊരു വിവാഹമോചനം, സിനിമയുടെ പിൻവിളി... മക്കളാണ് ഇനി എന്റെ ജീവിതം, ഒപ്പം സിനിമയും.’’ ശാന്തികൃഷ്ണ നയം വ്യക്തമാക്കുന്നു.

20 വർഷത്തെ ഇടവേള. ഒരു വലിയ കാലയളവു പോലെ തോന്നുന്നില്ലേ...

shanthinew3

ശരിക്കും വലിയ മാറ്റങ്ങളാണ് അനുഭവപ്പെടുന്നത്. രണ്ടാം വിവാഹവും പൊരുത്തക്കേടുകളിൽ അവസാനിച്ചതോടെ എന്തുചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. അപ്പോഴാണ് സംവിധായകൻ അൽത്താഫ് സലീമിന്റെ വിളിവരുന്നത്. കേട്ടപ്പോൾ നല്ല കഥാപാത്രമാണെന്നു തോന്നി. എന്തു തീരുമാനം എടുക്കണം എന്ന് അപ്പോഴും തീർച്ചയില്ലായിരുന്നു. വിവരം അറിഞ്ഞ് മകൻ മിഥുൽ പറഞ്ഞു, ‘അമ്മാ, യൂഷുഡ് ഡു സംതിങ് ഫോർ യൂ....’

നിവിൻപോളിയുടെ അമ്മ വേഷമാണ് സിനിമയിൽ. സത്യത്തിൽ എനിക്കു നിവിൻപോളിയെ അറിയില്ലായിരുന്നു. നിവിനെ എന്നല്ല മലയാളത്തിലെയും തമിഴിലെയും പുതിയ തലമുറ സിനിമ താരങ്ങളെ ആരെയും അറിയില്ല. അത്രമാത്രം സിനിമയിൽ നിന്നു വിട്ടു നിൽക്കുകയായിരുന്നു ഞാൻ. സിഡിയിൽ പോലും സിനിമ കാണാത്ത അത്രയും ദൂരത്ത്. ഗൂഗിൾ ചെയ്തു നോക്കിയാണ് നിവിൻ ആരെന്നു മനസിലാക്കിയത്. ഷൂട്ട് തുടങ്ങുന്നതിന് മുൻപ് ഒരു വർക് ഷോപ്പ് സംഘടിപ്പിച്ചിരുന്നു. അവിടെ വച്ചാണ് നിവിനെ നേരിട്ടു കാണുന്നത്. ഞാൻ ഇക്കാര്യം പറഞ്ഞു ക്ഷമ ചോദിച്ചപ്പോൾ നിവിൻ പൊട്ടിച്ചിരിച്ചു. 

ആദ്യമായി അഭിനയിക്കാൻ എത്തിയപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. ഭരതൻ സാറിന്റെ ‘നിദ്ര’ യായിരുന്നു ആദ്യ സിനിമ. ഭരതൻ ചിത്രത്തിൽ മുഖം കാണിക്കാൻ പോലും അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമായാണ് എല്ലാവരും കരുതുന്നത്. എനിക്കാണെങ്കിൽ ഭരതൻ ആരാണെന്നു പോലും അറിയില്ല. നൃത്തമായിരുന്നു എന്റെ മനസ്സ് നിറയെ. നൃത്ത രംഗത്ത് കൂടുതൽ ശ്രദ്ധ ലഭിക്കാൻ സിനിമ സഹായിക്കും എന്നായിരുന്നു ചിന്ത. പത്മരാജൻ ഒഴിച്ചുള്ള ഒട്ടുമിക്ക സംവിധായകർക്കുമൊപ്പം അന്നു ജോലി ചെയ്തു. 

shanthinew4



ടെക്നോളജി ഒരുപാടു മാറിയതാണ് ഇപ്പോഴെന്നെ അദ്ഭുതപ്പെടുത്തുന്നത്. പുതിയതരം ക്യാമറയൊക്കെ ഇപ്പോഴാണു കാണുന്നത്. റോളിങ് എന്നു സംവിധായകൻ പറയുന്നുണ്ട്. പക്ഷേ, ശബ്ദമൊന്നുമില്ല. മുൻപ് എത്ര തവണ റിഹേഴ്സൽ നടത്തിയതിനു ശേഷമാണ് ടേക്കിലേക്കു പോകുക. ഇപ്പോൾ പലപ്പോഴും നേരിട്ട് ടേക്ക് ആണ്. അന്നൊക്കെ ഓരോ ടേക്ക് ശരിയാകാത്തപ്പോഴും ടെൻഷനാണ്. ഫിലിം പാഴായി പോകുന്നതിന് സംവിധായകനും നിർമാതാവും ശകാരിക്കുമോ എന്ന പേടി. ഇപ്പോൾ അത്തരം പ്രശ്നമൊന്നുമില്ല.

അന്നൊക്കെ പ്രോംപ്ടിങ്ങായിരുന്നു ശീലം. ഒരാൾ ഡയലോഗ് പറ‍ഞ്ഞു തരും. നമ്മൾ അത് ഏറ്റു പറയും. അൽത്താഫിനോട് ഞാൻ പറഞ്ഞു. എനിക്ക് പ്രോംപ്ടിങ് വേണമെന്ന്. ‘അതൊന്നും വേണ്ട മാഡം, സീൻ പറഞ്ഞു തരും. മാഡത്തിന് ഇഷ്ടമുള്ളതു പോലെ പറഞ്ഞോളൂ, അതു സ്ക്രിപ്റ്റായി ഞങ്ങൾ എഴുതിയെടുത്തോളാം’ എന്നായിരുന്നു മറുപടി. കൂടെ അഭിനയിക്കുന്നവർക്കൊക്കെ ഇതു ശീലമാണ്. സ്ക്രിപ്റ്റ് പോലും മുഴുവനില്ല. പണ്ടൊക്കെ തിരക്കഥയിൽ നിന്ന് അണുവിട മാറാൻ പറ്റില്ലായിരുന്നു. ഇപ്പോൾ നമുക്ക് നന്നായി കോൺട്രിബ്യൂട്ട് ചെയ്യാം. എനിക്ക് ഇത് വലിയ അദ്ഭുതമായി തോന്നി.

സിനിമയിലേക്ക് തിരിച്ചുവരാൻ വേണ്ടി കുടുംബം ഉപേക്ഷിച്ചു എന്നൊക്കെ ആയിരുന്നു വാർത്തകൾ?

ആരാണ് ഇങ്ങനെ കള്ളവാർത്തകൾ എഴുതുന്നത്. സോഷ്യൽ മീ‍ഡിയയിൽ പ്രചരിച്ചതെല്ലാം നുണക്കഥകളാണ്. സിനിമയിൽ നായിക നിരയിൽ നിൽക്കുമ്പോൾ രണ്ടുവട്ടം കുടുംബജീവിതത്തിനു വേണ്ടി സിനിമ ഉപേക്ഷിച്ച ആളാണ് ഞാൻ. അങ്ങനെയുള്ള ഞാൻ ഈ പ്രായത്തിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഇങ്ങോട്ടു വരുമോ....? ആദ്യ വിവാഹം പരാജയപ്പെട്ടു. വേർപിരിയലിന്റെ വേദന നന്നായി മനസിലാക്കിയ സ്ത്രീയാണു ഞാൻ. രണ്ടാമതൊരിക്കൽ കൂടി ഇതു ജീവിതത്തിൽ ആവർത്തിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. അതിനുവേണ്ടി എന്തു വിട്ടുവീഴ്ചകൾക്കും ഒരുക്കവുമായിരുന്നു. പക്ഷേ, എന്നിട്ടും അതു സംഭവിച്ചു. നമ്മൾ ആഗ്രഹിക്കുന്നതല്ലല്ലോ ജീവിതത്തിൽ സംഭവിക്കുക. 

രാജീവ് ഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടറായിരുന്നു ബജോർ. കൊല്ലംകാരാണ്. അദ്ദേഹത്തിന്റെ പിതാവ് ട്യൂട്ടോറിയൽ കോളജ് അധ്യാപകനായി ജീവിതം തുടങ്ങി വലിയൊരു വിദ്യാഭ്യാസ ശൃംഖലയുടെ ഉടമയായതാണ്. അദ്ദേഹം ഇപ്പോഴും പറയും ‘നീയാണ് എന്റെ മരുമകൾ. ആ സ്ഥാനത്ത് മറ്റൊരാളെ എനിക്ക് കാണാൻ കഴിയില്ല.’ സിനിമയിൽ അഭിനയിക്കാൻ വീണ്ടും അവസരം വന്നപ്പോൾ അദ്ദേഹത്തോട് അനുവാദം ചോദിച്ചു വാങ്ങിയിരുന്നു.

ശ്രീനാഥുമായുള്ള വിവാഹം വേർപിരിഞ്ഞു നിൽക്കുമ്പോഴാണ് ബെംഗളൂരുവിൽ വച്ച് ബജോറിനെ പരിചയപ്പെടുന്നത് പെട്ടെന്നു തന്നെ സൗഹൃദത്തിലായി. കന്നഡയിലാണ് സംസാരിച്ചിരുന്നത്. എന്നേക്കാൾ ഒമ്പതു വയസിന് ഇളയത്. മലയാളിയാണെന്നും അറിയില്ലായിരുന്നു. ഇതൊന്നും സൗഹൃദത്തിനു തടസ്സമായില്ല. അത്രയേറെ മനസ്സുകൊണ്ട് അടുത്തുപോയിരുന്നു. 

കുടുംബജീവിതത്തിന്റെ തുടക്കത്തിലുണ്ടായ പ്രശ്നങ്ങളെ ഞാനത്ര കാര്യമായി എടുത്തില്ല. ഏതു വീട്ടിലാണ് തട്ടും മുട്ടും ഒക്കെയില്ലാത്തത്. ഒരുപാടു വിട്ടുവീഴ്ചകൾ ചെയ്യുമായിരുന്നു. മക്കളെ കരുതി എല്ലാം ക്ഷമിച്ചു, സഹിച്ചു. ആദ്യ വിവാഹം തകർന്ന എനിക്ക് വീണ്ടുമൊരു തകർച്ച സങ്കൽപ്പിക്കാൻ പോലുമാകില്ലായിരുന്നു. രണ്ടു മക്കളായിരുന്നു ഞങ്ങൾക്ക്. മകൻ മിഥുൽ പതിനൊന്നാം ക്ലാസിൽ. മിഥാലി ഏഴാം ക്ലാസിലും. ഇവരുടെ സ്കൂളും പഠനവും മറ്റുമായി ഞാൻ ഒതുങ്ങിക്കൂടി. ജീവനു തുല്യം സ്നേഹിച്ചിരുന്ന ഡാൻ‌സ് പോലും ഒഴിവാക്കി. ഞാൻ നടിയായിരുന്നു എന്ന് അറിയാവുന്നത് മക്കളുടെ സ്കൂളിലും ഹൗസിങ് കോളനിയിലും മാത്രമായിരുന്നു. ആ ജീവിതത്തിൽ ഞാൻ പരിപൂർണ സംതൃപ്തയായിരുന്നു.

പക്ഷേ, അനിവാര്യമായത് സംഭവിക്കാതെ പറ്റില്ലല്ലോ. ‘നിങ്ങളുടെ പ്രശ്നങ്ങൾ മക്കളുടെ വിദ്യാഭ്യാസത്തെ ബാധിക്കരുത്...’ എന്നുമാത്രം ബജോറിന്റെ അച്ഛൻ ഓർമിപ്പിച്ചു. കുട്ടികൾക്ക് നൽകാൻ അതു മാത്രമല്ലേ നമ്മുടെ പക്കൽ ഉള്ളൂ.

shanthinew1



തിളങ്ങി നിൽക്കുമ്പോഴായിരുന്നു ആദ്യ വിവാഹം?

ഒരു തമിഴ് സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ഞാനും ശ്രീനാഥും കണ്ടുമുട്ടുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ ഒന്നിച്ച് അഭിനയിച്ചതോടെ ഇഷ്ടം പ്രണയമായി. പത്തൊമ്പതാം വയസിലായിരുന്നു വിവാഹം. വീട്ടുകാർ ശക്തമായി എതിർത്തു. പക്ഷേ, ഞാൻ തീരുമാനത്തിൽ ഉറച്ചു നിന്നു. വിവാഹശേഷം സിനിമ വേണ്ടന്നായിരുന്നു ശ്രീനാഥിന്റെ തീരുമാനം. എനിക്ക് എതിർപ്പില്ലായിരുന്നു.

പാലക്കാട്ടാണ് തറവാടെങ്കിലും മുംബൈയിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഇടയ്ക്ക് കുവൈത്തിലേക്ക് പോയി. പക്ഷേ, ഭരതനാട്യത്തോടുള്ള അടുപ്പം എന്നെ വീണ്ടും മുംബൈയിൽ എത്തിച്ചു. പ്രീ–ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സിനിമയിൽ എത്തുന്നത്. ഡാൻസിൽ കേന്ദ്രസർക്കാരിന്റെ സ്കോളർഷിപ്പ് ലഭിച്ചപ്പോൾ പത്രങ്ങളിൽ പടം വന്നിരുന്നു. അതു കണ്ടാണ് സിനിമയിലേക്ക് വിളി വന്നത്. എന്റെ ചേട്ടൻ സുരേഷ് അന്ന് കെ.ബാലചന്ദർ സാറിന്റെ അസോഷ്യേറ്റാണ്. ചേട്ടൻ വഴിയാണ് ഭരതൻസാർ ‘നിദ്ര’യിലെ നായികയായി വിളിക്കുന്നത്.

പത്താംക്ലാസ് പാസായപ്പോൾ സ്കൂൾ പ്രിൻസിപ്പൽ ഷാൻബാഗ് സർ ഓട്ടോഗ്രാഫിലെഴുതി, ‘മേക്ക് ആർട്ട് ആസ് യുവർ കരിയർ’ എന്ന്. സിനിമയിൽ അവസരം കിട്ടിയപ്പോൾ അദ്ദേഹമാണ് ഏറ്റവും സന്തോഷിച്ചത്. അറ്റൻഡൻസ് ഇല്ലെങ്കിൽ അന്നു പരീക്ഷ എഴുതിക്കില്ല. ഇതറിഞ്ഞ് അദ്ദേഹം നേരിട്ടു വന്ന് കോളജ് പ്രിൻസിപ്പലിനെ കണ്ട് എനിക്കു വേണ്ടി സംസാരിച്ചു. അങ്ങനെയാണ് പരീക്ഷ എഴുതിയത്. സിനിമയിൽ എത്തിയ ശേഷം പ്രൈവറ്റായി പഠിച്ച് ബിരുദം നേടി. അന്നതു സിനിമയിൽ വലിയ സംഭവമായിരുന്നു. സിനിമയിൽ എത്തിയ ശേഷം പഠിക്കുന്നത് പലർക്കും ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. ഇപ്പോഴത്തെ കുട്ടികൾ പഠനത്തിന് പ്രാധാന്യം നൽകുന്നവരാണ്.

ആദ്യ വിവാഹത്തിനു ശേഷവും അപ്രത്യക്ഷയായി?

വിവാഹശേഷം ശ്രീനാഥിന്റെ നാട്ടിലേക്കാണു പോയത്. തൃശൂർ മാളയ്ക്കടുത്ത് മടത്തുംപടി എന്ന ഗ്രാമം. ആകെ ഒരു ബസ് മാത്രമായിരുന്നു ആ വഴി അന്ന് ഓടിയിരുന്നത്. ഒരിക്കൽ രണ്ടാമതൊരു ബസ് കൂടി വന്നപ്പോൾ ഞാൻ ചേട്ടനെ വിളിച്ചു കാര്യമായി പറഞ്ഞു, ‘ഇവിടെ ദേ രണ്ടാമത്തെ ബസും ഓടിത്തുടങ്ങി’ എന്ന്. മുംബൈയിൽ ജീവിക്കുന്ന ചേട്ടൻ അതുകേട്ടു പൊട്ടിച്ചിരിച്ചു. ഫോൺ വിളിക്കാൻ രണ്ടു കിലോമീറ്റർ അകലെ കുഴൂരുള്ള തറവാട്ടു വീട്ടിൽ ചെല്ലണം. അതിരാവിലെ കുളിച്ച് സെറ്റും മുണ്ടുമുടുത്ത് ക്ഷേത്രത്തിൽ പോകുന്നതാണ് അന്നത്തെ പ്രധാന പണി. അമ്മയും സഹോദരിയും ഒപ്പം കാണും. വീട്ടിൽ തിരിച്ചെത്തിയാൽ തൊടിയിൽ മാങ്ങ പെറുക്കലും തേങ്ങ പെറുക്കലും മറ്റുമായി ദിവസം കഴിച്ചു കൂട്ടും. 

ഒരിക്കൽ ഭാര്യ വരദയ്ക്കൊപ്പം വീട്ടിലെത്തിയ ബാലചന്ദ്ര മേനോൻ പറഞ്ഞു, ‘മുംബൈയിൽ ജനിച്ചു വളർന്ന ഒരാൾക്ക് ഇങ്ങനെ ജീവിക്കാൻ കഴിയുമെങ്കിൽ അതു ശാന്തിക്ക് മാത്രമായിരിക്കും’ എന്ന്. പക്ഷേ, അതിലൊന്നും എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഞാൻ അത്ര മോഡേൺ ഒന്നും ആയിരുന്നില്ല. പിന്നീട് നിർമാതാവ് സുരേഷ് കുമാറും പ്രിയദർശനുമൊക്കെയാണ് ശ്രീനാഥിനെ തിരുവനന്തപുരത്ത് വാടക വീടെടുക്കാൻ നിർബന്ധിച്ചത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടാൻ അതു സഹായിക്കും എന്നായിരുന്നു അവരുടെ അഭിപ്രായം.

സിനിമയിലേക്ക് തിരിച്ചു വരാനുണ്ടായ സാഹചര്യം?

വിവാഹം കഴിഞ്ഞ് കുറേ വൈകിയാണു ഞാൻ ഗർഭിണിയായത്. എന്നാൽ പ്രസവത്തോടെ കുഞ്ഞ് മരിച്ചത് വലിയ ആഘാതമായി. സമയം കഴിഞ്ഞിട്ടും സിസേറിയൻ നടത്താതിരുന്നതാണ് കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണമെന്ന് പിന്നീട് പലരും പറഞ്ഞു. നോർമൽ ഡെലിവറിക്കായി അവർ കാത്തിരിക്കുകയായിരുന്നത്രെ. പതിനെട്ടു മണിക്കൂറോളം മാത്രമായിരുന്നു എന്റെ മോളുടെ ആയുസ്. ഇതോടെ ഞാൻ ഡിപ്രഷനിലായി. ശ്രീനാഥിനും വലിയ മനപ്രയാസമായി. കുടുംബ ജീവിതം ആകെ ഉലയുന്ന അവസ്ഥ. ഒപ്പം ശ്രീനാഥിന് സിനിമയിൽ അവസരം കുറഞ്ഞു. ചില സാമ്പത്തിക പ്രതിസന്ധികളും ‍ഞങ്ങൾക്കുണ്ടായി. 

അപ്പോഴാണ് ‘നയം വ്യക്തമാക്കുന്നു’ എന്ന സിനിമയിൽ നായികയായി ബാലചന്ദ്രമേനോൻ വിളിക്കുന്നത്. താൽപര്യമില്ല എന്നായിരുന്നു ആദ്യ മറുപടി. പിന്നീട് മമ്മൂട്ടി വിളിച്ചു നിർബന്ധിച്ചു. ‘കരുത്തുറ്റ കഥാപാത്രമാണ്. ചെയ്തൂടേ....’ എന്നൊക്കെ ചോദിച്ചു. അങ്ങനെ വീണ്ടും സിനിമയിലേക്ക്. ഭാഗ്യത്തിനു തുടർച്ചയായി മികച്ച കഥാപാത്രങ്ങൾ ലഭിച്ചു. വിഷ്ണുലോകവും കൗരവരും പിൻഗാമിയും ചകോരവും അടക്കം ഓർമയിൽ തങ്ങി നിൽക്കുന്ന ഒരു പിടി കഥാപാത്രങ്ങൾ. അങ്ങനെ എല്ലാം മറന്ന് ഞാൻ വീണ്ടും സിനിമയുടെ ഭാഗമായി. 

ശ്രീനാഥുമായി വേർപിരിയാനുള്ള സാഹചര്യം?

പന്ത്രണ്ടു വർഷം നീണ്ട ദാമ്പത്യമായിരുന്നു ഞങ്ങളുടേത്. മികച്ച ഒരു കലാകാരനാണ് ശ്രീനാഥ്. സീരിയസ് വേഷങ്ങളും കോമഡിയും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിയുന്ന നടൻ. സിനിമയല്ലേ, ചാൻസുകൾ എപ്പോഴും ഒരു പോലെ ആയിരിക്കില്ലല്ലോ. ചില പ്രത്യേക കാരണങ്ങളാൽ അദ്ദേഹത്തിന് അവസരങ്ങൾ കുറഞ്ഞു. ചില ഈഗോ പ്രശ്നങ്ങളും ഞങ്ങൾക്കിടയിലുണ്ടായി. അന്നത്തെ സാഹചര്യത്തിൽ മുന്നോട്ടു പോകാൻ കഴിയുമായിരുന്നില്ല.

അതിനിടെ ഒരു നടനുമായി ചേർത്ത് എന്റെ പേര് ഗോസിപ്പു കോളങ്ങളിൽ വന്നു. സെറ്റുകളിൽ പോയാൽ അധികം ആരുമായി ഞാൻ ഇടപഴകാറില്ല. എന്നാൽ സംഗീതത്തിൽ താൽപര്യമുള്ള ആ നടനെ പരിചയപ്പെട്ടപ്പോൾ ഞാൻ കൂടുതലായി സംസാരിച്ചു തുടങ്ങി. ഞങ്ങൾ ഒരുമിച്ചു പാട്ടുപാടാനും സംഗീതത്തെക്കുറിച്ച് പറയാനും തുടങ്ങി. ഇതോടെ ഞങ്ങളുടെ ബന്ധം പലരും തെറ്റിദ്ധരിച്ചു. അദ്ദേഹത്തിന്റെ ഭാര്യയുമായും ഞാൻ വളരെ അടുപ്പമായിരുന്നു. സെറ്റിലൊക്കെ അവർ വരുമായിരുന്നു. അങ്ങനെയുള്ളപ്പോൾ ഗോസിപ്പുകൾക്ക് എന്തിനു മറുപടി പറയണം എന്നായിരുന്നു ചിന്ത.

സിനിമാതാരങ്ങൾ മിനിസ്ക്രീനിനോട് മുഖം തിരിച്ചു നിൽക്കുമ്പോൾ സീരിയലിലും സജീവമായി?

സിനിമാതാരങ്ങൾ‌ മിനിസ്ക്രീനിൽ എത്തുന്നത് വലിയ അപമാനമായി കരുതിയിരുന്നു പലരും. സിനിമയിൽ അവസരം കുറയുന്നവരാണ് സീരിയലുകളിൽ അഭിനയിക്കുക എന്നായിരുന്നു പൊതുവേയുള്ള ധാരണ. ഒരിക്കൽ ഒരു പ്രമുഖ നടൻ എന്നെ സ്നേഹപൂർവം ശകാരിച്ചു. ‘നീ എന്തിനാണ് സീരിയലുകളിൽ അഭിനയിക്കുന്നത്. സിനിമാ താരങ്ങൾക്ക് ഒരു വിലയൊക്കെയുണ്ട്. അത് കളയരുത്. സിനിമയിൽ ആരും വിളിക്കാത്തതുകൊണ്ടാണ് സീരിയലിൽ അഭിനയിക്കുന്നത് എന്ന് ആളുകൾ കരുതും.’ എന്നൊക്കെ. പക്ഷേ, എനിക്ക് അത്തരമൊരു വ്യത്യാസം ഫീൽ ചെയ്തില്ല. സിനിമാതാരം എന്നൊരു ചിന്ത ഒരു കാലത്തും എനിക്കില്ലായിരുന്നു. സീരിയലിൽ ക്യാമറ മാത്രമാണ് വ്യത്യാസം. ബാക്കിയെല്ലാം സിനിമ പോലെ തന്നെ. ചാപല്യവും മോഹപക്ഷികളും സ്കൂട്ടുറും കുതിരകളും ഒക്കെ കുടുംബ പ്രേക്ഷകർക്കിടയിൽ എനിക്ക് വലിയ സ്വീകാര്യത നേടിത്തന്നു. സിനിമ കാണാൻ എത്താത്ത വീട്ടമ്മമാരും അമ്മൂമ്മമാരുമൊക്കെ പിന്നീട് കാണുമ്പോൾ ഒരുപാട് സ്നേഹം പ്രകടിപ്പിച്ചു വരുമായിരുന്നു. 

സിനിമ ജീവിതത്തിൽ നേടിത്തന്നത് നേട്ടമോ നഷ്ടമോ?

തീർച്ചയായും നേട്ടം തന്നെയാണ്. എല്ലാക്കാലത്തും സിനിമ എനിക്ക് ഒരുപാട് പിന്തുണ നൽകിയിട്ടുണ്ട്. മോഹിച്ചു സിനിമയിൽ വന്ന ഒരാളല്ല ഞാൻ. നൃത്തത്തിൽ ശ്രദ്ധിക്കപ്പെടുമെന്നു കരുതിയാണ് സിനിമയിൽ അഭിനയിച്ചത്. എന്നിട്ടും സിനിമയും പ്രേക്ഷകരും എന്നെ ഒരുപാട് സ്നേഹിച്ചു. ഓരോ തിരിച്ചുവരവിലും മികച്ച കഥാപാത്രങ്ങൾ ലഭിച്ചു. നഷ്ടങ്ങൾ എന്റെ വിധിയാണ്. അത് അതിജീവിക്കാനുള്ള കരുത്ത് നൽകിയത് സിനിമയാണ്. മുമ്പ് ആരോടും സംസാരിക്കാതെ ഒറ്റയ്ക്ക് ഇരിക്കാനായിരുന്നു എനിക്ക് താൽപര്യം. ഇപ്പോൾ വാതോരാതെ സംസാരിക്കും. അത്രമാത്രം ഞാൻ മാറി.

വിവാഹമോചന വാർത്ത അറിഞ്ഞ് ചിലർ പറഞ്ഞു, ‘സിനിമയിൽ അഭിനയിക്കാനാണ് അവൾ കുടുംബം ഉപേക്ഷിച്ചത്’ എന്ന്. എന്ത് അസംബന്ധമാണത്. പതിനെട്ടു വർഷത്തെ ദാമ്പത്യം സിനിമയിക്കു വേണ്ടി ആരെങ്കിലും ഉപേക്ഷിക്കുമോ? ഭർത്താവിനെയും മക്കളെയും കളഞ്ഞ് ഈ പ്രായത്തിൽ ഞാൻ എന്തിനു സിനിമയിലേക്കു വരണം. 

ഗുരുവായൂരപ്പന്റെ കടുത്ത ഭക്തയാണ് ഞാൻ. ഫോണിൽ പോലും ‘ഹരേ കൃഷ്ണ’ എന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിക്കുന്നയാൾ. ഞാൻ മാത്രമല്ല, മക്കളും അങ്ങനെ തന്നെയാണ്. അതുകൊണ്ടു തന്നെ എനിക്കറിയാം, ഗുരുവായൂരപ്പൻ എന്നെയും മക്കളെയും കാത്തുകൊള്ളും...

പ്രതിസന്ധികൾക്ക് നടുവിൽ 

മക്കളെക്കുറിച്ചു പറയേണ്ടി വരുമ്പോൾ എന്റെ മനസ്സിൽ നിറയുന്നത് അമേരിക്കയാണ്. നാട്ടിൽ നിന്ന് പൂർണമായി അകന്നു കഴിയുന്നതിനായാണ് അമേരിക്കയിലേക്കു പോയത്. ആദ്യം കുറച്ചു നാൾ ഫ്ലോറിഡയിലായിരുന്നു. മോൾ ജനിച്ചത് അവിടെ വച്ചാണ്. പിന്നീട് ന്യൂയോർക്കിലെ അൽബനിയിലേക്ക് മാറി. അവസാനത്തെ രണ്ടു വർഷം ഞാനും കുട്ടികളും തനിച്ചായിരുന്നു. കുട്ടികളുടെ പഠനം മാത്രമായിരുന്നു. മുന്നിലുണ്ടായിരുന്നത്. സ്കൂൾ മീറ്റിങ്ങുകളും കുട്ടികളുടെ പ്രൊജക്ട് വർക്കുകളുമൊക്കെയായി ഞാൻ തിരക്കിലായിരുന്നു. കുടുംബ ജീവിതത്തിൽ അപ്പോഴേക്കും പൊരുത്തക്കേടുകൾ സംഭവിച്ചു തുടങ്ങിയിരുന്നു. ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു അബനിയയിലെ ജീവിതം. പ്രതിസന്ധികൾക്ക് നടുവിൽ ആരും സഹായത്തിനില്ലെന്ന തോന്നലോടെ....

മലയാളികളായ നിഷാന്തും ഭാര്യ രേഖയും മാനസികമായി വലിയ പിന്തുണ നൽകിയിരുന്നു. കൂടെപ്പിറപ്പുകളെപ്പോലെ ആയിരുന്നു ഇവർ. മലയാളി അസോസിയേഷൻ പരിപാടികളിൽ മുഖ്യാതിഥിയായി പോകുമായിരുന്നു. 20 വർഷത്തിനു ശേഷം വീണ്ടും ചിലങ്കയണിഞ്ഞതും അവിടെവച്ചാണ്. ചില പരിപാടികൾക്ക് കൊറിയോഗ്രാഫി ചെയ്യാനും കഴിഞ്ഞു. ഒറ്റപ്പെടൽ കൂടിയതോടെയാണ് ബെംഗളൂരുവിലേക്ക് തിരിച്ചു പോരാൻ തീരുമാനിച്ചത്. മകന് അമേരിക്കയിൽത്തന്നെ തുടരണമെന്നായിരുന്നു. പ്ലസ് ടൂ കഴിഞ്ഞ് അമേരിക്കയിൽ പോയി പഠിക്കാം എന്നു പറ‍ഞ്ഞ് സമാധാനിപ്പിച്ചിരിക്കുകയാണ്.