Friday 03 May 2019 02:59 PM IST

അന്നു കോട്ടും സ്യൂട്ടുമിട്ട് പാടത്തിന്റെ നടുവിൽ നിന്നു! ശരൺ പിന്നെ അണിഞ്ഞത് പല വേഷങ്ങൾ, ആരും അറിയാത്ത കഥകൾ പങ്കുവച്ചു പ്രിയതാരം

V.G. Nakul

Sub- Editor

s1

‘‘അറിയില്ലേ... ഇന്നയാളാണ്’’ എന്നൊന്നും പറയേണ്ടതില്ല, ശരണിനെ മലയാളികൾ തിരിച്ചറിയാൻ. രണ്ടരപ്പതിറ്റാണ്ടിലധികമായി, ഈ ചെറുപ്പക്കാരൻ കുടുംബപ്രേക്ഷകരുടെ സ്വന്തക്കാരനായിട്ട്. കുറച്ചു കാലമായി, സീരിയൽ കുറച്ച് സിനിമയിൽ സജീവമായപ്പോഴും ആ ഇഷ്ടത്തിനും താൽപര്യത്തിനും തീരെയും കുറവുവന്നിട്ടില്ല.

കലാകുടുംബത്തിൽ നിന്നാണ് ശരണിന്റെ വരവ്. അച്ഛൻ പ്രശസ്ത നാടകകലാകാരനും സംവിധായകനും എഴുത്തുകാരനുമൊക്കെയായ കാളിദാസ് പുതുമന. അമ്മ ശാന്തിനി ദാസ് ഗായികയും സഹോദരി ഷെൽന നർത്തകിയുമാണ്. ചെറുപ്പത്തിൽ തന്നെ ശരണും സംഗീതം പഠിച്ചു തുടങ്ങി. ശാസ്ത്രീയ സംഗീതത്തിൽ തിളങ്ങണമെന്നും ഗായകനാകണമെന്നുമായിരുന്നു ആഗ്രഹം. അഭിനയമോ സീരിയലോ സിനിമയോ ഒന്നും ചിന്തയിലുണ്ടായിരുന്നില്ല. എന്നാൽ ആ മോഹങ്ങളെയെല്ലാം വഴിതിരിച്ചു വിട്ടതും ശരണിലെ നടനെ കണ്ടെത്തിയതും അച്ഛൻ തന്നെയാണ്. ആ വഴിത്തിരിവിന്റെ കഥയോടെയാണ്, തന്റെ അഭിനയ – വ്യക്തി ജീവിതത്തെക്കുറിച്ച് ശരൺ ‘വനിത ഓൺലൈനോ’ട് സംസാരിച്ചു തുടങ്ങിയത്.

s4

കോട്ടിട്ട് പാടത്തിനു നടുവിൽ

പാലക്കാട് ചിറ്റൂരിനടുത്ത് നല്ലേപ്പിള്ളിയാണ് നാട്. അച്ഛൻ സംവിധാനം ചെയ്ത ‘പൂർണവിരാമം’ എന്ന ഹ്രസ്വചിത്രത്തിലാണ് ഞാൻ ആദ്യമായി അഭിനയിക്കുന്നത്, 1991 – ൽ. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ വെക്കേഷൻ കാലത്താണത്. രണ്ടു കുട്ടികളുടെ കഥയായിരുന്നു. ശേഷം, അച്ഛൻ തിരക്കഥയെഴുതി, ഫറൂഖ് ചേട്ടൻ സംവിധാനം ചെയ്ത ‘തുഞ്ചത്താചാര്യൻ’ എന്ന സീരിയലിൽ എഴുത്തച്ഛന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. അതു കണ്ടിട്ടാണ് അച്ഛന്റെ സുഹൃത്തുകൂടിയായ പ്രൊഡക്ഷൻ കൺട്രോളർ ആർ.കെ നായർ സാർ എന്റെ ചില ഫോട്ടോസെടുത്ത് സംവിധായകൻ ശ്രീക്കുട്ടൻ സാറിന് അയച്ചു കൊടുത്തത്. അതിനു വേണ്ടി കോട്ടും സ്യൂട്ടുമൊക്കെ ഇടീച്ച് പാടത്തിനു നടുക്കു നിർത്തി എന്റെ ചിത്രങ്ങളെടുത്തത് ഇന്നത്തെ പ്രശസ്ത സംവിധായകനും ക്യാമറാമാനുമായ ഷാംദത്തേട്ടനാണ്. ചേട്ടന്റെ അച്ഛനും എന്റെ അച്ഛനുമൊക്കെ അടുത്ത സുഹൃത്തുക്കളാണ്.

ആദ്യത്തെ കടമ്പ

ഫോട്ടോ കണ്ട് ശ്രീക്കുട്ടൻ സാർ ഇന്റർവ്യൂവിന് വിളിച്ചു. രാഘവൻ സാർ, ഗണേശേട്ടൻ, ജെ.വില്യംസ് സാർ തുടങ്ങി വലിയ ടീമായിരുന്നു അവിടെയുണ്ടായിരുന്നത്. എന്നോട് ഒരു സീൻ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. രാഘവൻ സാറാണ് ഒപ്പം അഭിനയിക്കുന്നത്. ഞാൻ ചെയ്തത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. ജെ.വില്യംസ് സാർ എന്റെ ടൈമിങ്ങിനെ അഭിനന്ദിച്ചത് ആത്മവിശ്വാസം കൂട്ടി.

s2

ആദ്യത്തെ നായകൻ

ആ സീരിയലിന്റെ തിരക്കഥയെഴുതിയത് ശ്രീക്കുട്ടൻ സാറിന്റെ ചേട്ടനും പ്രശസ്ത എഴുത്തുകാരനുമായ, കെ.ജയകുമാർ ഐ.എ.എസാണ്. ഞാൻ അദ്ദേഹത്തെ പോയി കണ്ടു. ഒരു പച്ച ജീൻസും ബ്രൗൺ ഷർട്ടുമായിരുന്നു വേഷം. അദ്ദേഹം അതെക്കുറിച്ചൊക്കെ ചില കാര്യങ്ങൾ ചോദിച്ചിട്ട് ലൊക്കെഷനിലേക്കു ചെല്ലാൻ പറഞ്ഞു. അവിടെച്ചെന്നപ്പോൾ എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു. ശ്രീക്കുട്ടൻ സാർ എന്നെ കെട്ടിപ്പിടിച്ചു കൊണ്ടാണ് ‘ചേട്ടന് നിന്നെ ഇഷ്ടമായടാ’ എന്നു പറഞ്ഞത്. ആ സീരിയലാണ് മലയാളത്തിലെ ആദ്യ വീക്കിലി മെഗാസീരിയൽ ‘വംശം’. അങ്ങനെ, അതിലെ ശരത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ഞാൻ ആദ്യത്തെ മെഗാസീരിയൽ നായകനുമായി.

s6

സീരിയലുകളുടെ ഒഴുക്ക്

മധുസാർ, രാഘവൻ സാർ, സിദ്ദിഖ് ഇക്ക, ഗണേശേട്ടൻ, കുമരകം രഘുനാഥേട്ടൻ, രവി വള്ളത്തോൾ സാർ തുടങ്ങി വൻ താരനിര ആ സീരിയലിലുണ്ടായിരുന്നു. ‘വംശം’ വൻ വിജയമായതോടെ എനിക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ന്ന് അവസരങ്ങളുടെ ചാകരയായിരുന്നു. 1992 മുതൽ 2002 വരെ പത്തു വർഷത്തോളം സീരിയലുകളിൽ നിന്നു സീരിയലുകളിലേക്കുള്ള ഒഴുക്കായിരുന്നു. അങ്ങനെ ്‘സ്നേഹാഞ്ജലി’, ‘ശ്രീരാമൻ ശ്രീദേവി’, ‘താലി’, ‘ഓളങ്ങൾ’, ‘അലകൾ’, ‘ഡിറ്റക്ടീവ് ആനന്ദ്’, ‘സ്ത്രീ’ തുടങ്ങി ‘സീത’ വരെ നൂറിലധികം സീരിയലുകളുടെ ഭാഗമായി.

വൈകിപ്പോയി

സിനിമയിൽ സജീവമാകണം എന്ന തീരുമാനത്തോടെയാണ് സീരിയൽ കുറച്ചത്. ഞാൻ സിനിമയിൽ ട്രൈ ചെയ്യാൻ ഒരുപാട് വൈകിപ്പോയി. മുൻപ് സിനിമയിൽ അവസരം വന്നപ്പോഴൊക്കെ സീരിയലിന്റെ എഗ്രിമെന്റ ് ഉള്ളതിനാൽ പോകാനായില്ല. വിവാഹത്തിനു ശേഷമാണ് ഞാൻ സിനിമയെക്കുറിച്ച് സീരിയസായി ചിന്തിച്ചു തുടങ്ങിയത്. ഭാര്യയുടെ അച്ഛൻ മഞ്ചേരി ചന്ദ്രൻ പഴയ നടനും നിർമാതാവുമൊക്കെയായിരുന്നു. അച്ഛനാണ് സിനിമയിൽ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചത്. എനിക്ക് അവസരം ചോദിക്കാനൊക്കെ ചെറിയ മടിയുണ്ടായിരുന്നു. പക്ഷേ അച്ഛൻ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് അച്ഛന്റെ പരിചയത്തിൽ രാജസേനൻ സാറിന്റെ ‘ഇമ്മിണി നല്ലൊരാൾ’ എന്ന ചിത്രത്തിൽ ഒരു സീനിൽ അഭിനയിച്ചത്. പക്ഷേ എന്റെ ആദ്യ സിനിമ എന്റെ അച്ഛൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘പ്രവാസ’മാണ്.

s3

അവൾ എന്റെ നട്ടെല്ല്

ഭാര്യ റാണിയാണ് എന്റെ നട്ടെല്ല്. തീരുമാനമെടുക്കാൻ വളരെയധികം ആശങ്കകളുള്ള ആളായിരുന്നു ഞാൻ. അവരെന്തു വിചാരിക്കും ഇവരെന്തു വിചാരിക്കും എന്നൊക്കെ ചിന്തിക്കും. അങ്ങനെ പല അബദ്ധങ്ങളും സംഭവിച്ചു. ആ ശൈലി മാറിയപ്പോഴേക്കും കാലം കടന്നു പോയിരുന്നു.

s5

വിവാഹം കഴിഞ്ഞ സമയത്ത് വർക്കുകൾ കുറവായിരുന്നു. മറ്റ് ജോലിയോ വരുമാനമോ ഇല്ല. പക്ഷേ റാണി ഒപ്പം നിന്നു. റാണിയുടെ പ്രോത്സാഹനം കൊണ്ടാണ് ഡബ്ബിങ്ങിലേക്ക് തിരിഞ്ഞത്. ‘പറയാം’ എന്ന ചിത്രത്തിൽ ജിഷ്ണുവിന് വേണ്ടിയാണ് ആദ്യം ശബ്ദം കൊടുത്തത്. അതോടെ ചാൻസ് ചോദിക്കാൻ എളുപ്പമായി. അങ്ങനെ അവസരങ്ങളും വന്നു. 150 സിനിമകൾക്കെങ്കിലും ഇതിനോടകം ശബ്ദം നൽകിയിട്ടുണ്ട്. ബാല, ടൊവിനോ തോമസ്, സൈജു കുറുപ്പ്, വിനയ് ഫോർട്ട് തുടങ്ങി പലർക്കും ആദ്യ കാലത്ത് ഞാനാണ് ശബ്ദം കൊടുത്തത്. ജൂനിയർ എൻ.ടി.ആർ, ആര്യ, രാം ചരൺ തേജ എന്നിവരുടെയൊക്കെ മലയാളം ശബ്ദവും എന്റെതാണ്. അക്കാലത്ത്, ഞാൻ അഭിനയം വിട്ട് ഡബ്ബിങ്ങിലേക്ക് തിരിഞ്ഞെന്നാണ് പലരും പറഞ്ഞത്. അതല്ല സത്യം, ഞാൻ ഇപ്പോഴും എപ്പോഴും അഭിനയത്തിൽ തന്നെയാണ് ശ്രദ്ധിക്കുന്നത്. ‘മഞ്ചാടിക്കുരു’, ‘ഗുൽമോഹർ’, ‘ദി ട്രെയിൻ’, ‘ബാംഗ്ലൂർ ഡെയ്സ്’ തുടങ്ങി 40 സിനിമകളിൽ ഇതിനോടകം അഭിനയിച്ചു.

കുടുംബം എന്ന കരുത്ത്

മാസിഡോണയും സംസ്കൃത സംരംഭമായ മൃച്ഛകടികവുമാണ് പുതിയ ചിത്രങ്ങൾ. എന്റെയും റാണിയുടെയും പ്രണയ വിവാഹമായിരുന്നു. മോൾ ഉപാസന 7ാം ക്ലാസിൽ പഠിക്കുന്നു. വൈഫിന്റെ അമ്മ–സത്യഭാമ–യും ഞങ്ങളൊടൊപ്പം എറണാകുളത്താണ് താമസം. അമ്മയും വളരെയധികം സപ്പോർട്ടീവാണ്. അച്ഛന്റെ ഉദയചന്ദ്ര മൂവി മേക്കേഴ്സ് ഇപ്പോൾ റാണിയാണ് നോക്കിനടത്തുന്നത്.