Wednesday 08 May 2019 10:25 AM IST : By സ്വന്തം ലേഖകൻ

‘പ്രണയിക്കുന്ന സമയത്ത് പല വാഗ്ദാനങ്ങളും നൽകി, എന്നാൽ വിവാഹ ശേഷം വാക്ക് പാലിക്കാൻ കഴിഞ്ഞില്ല’! ആ കഥ പറഞ്ഞ് ഷാരൂഖ്

sha-rukh-new

ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ജീവിത പങ്കാളി ഗൗരി ഖാനെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ, ദാമ്പത്യത്തിന്റെ 25–ാം വർഷത്തിൽ ഗൗരിയുമൊത്തുള്ള ഒരിക്കലും മറക്കാനാകാത്ത ഓർമകളെക്കുറിച്ച് ഷാരൂഖ് പറഞ്ഞതാണ് ആരാധകർ ആഘോഷമാക്കുന്നത്.

‘‘പ്രണയിക്കുന്ന സമയത്ത് ഞാൻ ഗൗരിക്ക് ഒരുപാട് വാഗ്ദാനങ്ങൾ നൽകി. പാരിസിൽ മധുവിധു ആഘോഷിക്കാൻ പോകണമെന്നുള്ളതായിരുന്നു ഗൗരിയുടെ ഏറ്റവും വലിയ ആഗ്രഹം. ഈഫൽ ടവർ ഒരുമിച്ച് കാണണമെന്ന് ഗൗരി എപ്പോഴും പറയുമായിരുന്നു. പ്രണയിക്കുന്ന കാലത്ത്, ഉറപ്പായും വിവാഹശേഷം കൊണ്ടുപോകാമെന്ന് പറഞ്ഞു. എന്നാൽ വിവാഹ ശേഷം വാക്ക് പാലിക്കാൻ കഴിഞ്ഞില്ല. ഗൗരിയെ വിവാഹം കഴിക്കുന്ന സമയത്ത് ഞാൻ ദരിദ്രനായിരുന്നു. കയ്യിൽ സമ്പാദ്യമെന്ന് പറയാൻ പ്രത്യേകിച്ച് ഒന്നുമില്ല. ഫ്ലൈറ്റ് ടിക്കറ്റിനും പണം ഇല്ലായിരുന്നു. ഗൗരിയാകട്ടെ ഇടത്തരം കുടുംബത്തിലുമാണ് വളർന്നത്. വിവാഹം കഴിഞ്ഞശേഷമായിരുന്നു ‘രാജു ബൻ ഗയാ ജെന്റിൽമാൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്. അത് ഡാർജിലിങ്ങിലായിരുന്നു. പാരിസിൽ ഏതായാലും പോകാൻ സാധിക്കില്ല, എന്നാൽ പിന്നെ ഡാൽജിലിങ്ങിലെങ്കിലും കൊണ്ടുപോകാം എന്ന് വിചാരിച്ച് അന്ന് ഗൗരിയേയും ഒപ്പം കൂട്ടി. വിവാഹശേഷമുള്ള ആ ഷൂട്ടിങ്ങ് യാത്ര ഞങ്ങളുടെ മധുവിധു കൂടിയായി’’.– ഒരു അഭിമുഖത്തിലാണ് താരം വാചാലനായത്.