Saturday 30 November 2024 10:56 AM IST : By സ്വന്തം ലേഖകൻ

‘അവന്‍ മമ്മിയുടെ അടുത്തേക്ക് പോയി’: മദ്യപാനവും പുകവലിയുമില്ല, ദിവസവും വർക്കൗട്ട് : അനുജനെ കുറിച്ച് ബൈജു എഴുപുന്ന

baiju-ezhupunna-14

പ്രിയപ്പെട്ട അനുജന്റെ വിയോഗത്തിൽ വേദനയോടെ നടൻ ബൈജു എഴുപുന്നയുടെ വാക്കുകൾ. അകാലത്തിൽ തങ്ങളെ വിട്ടുപിരിഞ്ഞ ഷെൽജുവിന് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നുവെന്ന് ബൈജു എഴുപുന്ന പറയുന്നു. പുകവലിയും മദ്യപാനവും തുടങ്ങിയ ദുശ്ശീലങ്ങൾ ഒന്നുമില്ലാത്തയാളായിരുന്നു ഷെൽജു. ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു ഹൃദയാഘാതം സംഭവിച്ച അനുജനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നെങ്കിലും രക്ഷപെടുത്താനായില്ല എന്നും ബൈജു പറഞ്ഞു. അനുജന്റെ സംസ്കാരച്ചടങ്ങിനു ശേഷം ടോക്സ് ലെറ്റ് മി ടോക് എന്ന ചാനലിനോടു സംസാരിക്കവെയായിരുന്നു ബൈജുവിന്റെ പ്രതികരണം.

‘കഴിഞ്ഞ ദിവസം ഷെൽജുവിന്റെ വെഡ്ഡിങ് ആനിവേഴ്സറി ആയിരുന്നു. ഞാൻ ഉച്ചയ്ക്ക് അവനെ വിളിച്ചിരുന്നു. അവന്റെ കാറുമായിട്ടാണ് ഞാൻ പോയത്. ഇടുക്കിക്കു പോകുന്നവഴി. തൊടുപുഴ എത്തിയപ്പോൾ ഷെൽജുവിന് ഒട്ടും സുഖമില്ലാതെ ചെമ്മീൻ കെട്ടിൽ നിന്ന് കൊണ്ടുപോയി എന്ന് അറിഞ്ഞു. ആശുപത്രിയിലെത്തിക്കുമ്പോൾ അവന് ജീവനുണ്ടായിരുന്നു. ഏകദേശം ഇരുപത് മിനിറ്റോളം ആശുപത്രി അധികൃതർ അവനെ തിരികെ കൊണ്ടുവരാൻ പരിശ്രമിച്ചു. പക്ഷേ...’– ബൈജു പറയുന്നു.

‘ആരോഗ്യം നന്നായി നോക്കുന്ന ആളാണ്. മദ്യപാനമോ പുകവലിയോ ഒന്നുമില്ല. കൃത്യമായി ശരീരം നോക്കുന്ന ആളാണ്. എല്ലാ ദിവസവും വർക് ഔട്ടും കാര്യങ്ങളുമൊ്കെ ഉണ്ടായിരുന്നു. അവനു ഇപ്പോ 49 വയസ്സായി.  ദൈവം വിളിച്ചാൽ ആരോഗ്യമുണ്ടെന്നോ സമയമെന്നോ ഒന്നും ഇല്ല, ദൈവത്തിനു ഇഷ്ടമുള്ളവരെ പെട്ടെന്ന് വിളിക്കും. അവൻ എന്റെ മമ്മിയുടെ അടുത്തേക്ക് പോയി. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. രണ്ട് മാസത്തിനു മുൻപ് ഒരു പനി വന്നിരുന്നു. അന്ന് കുറച്ചു ദിവസം ആശുപത്രിയിൽ ആയിരുന്നു. അതിനു ശേഷം അവനു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പ്രഷറും കൊളസ്ട്രോളും ഷുഗറും ഇടയ്ക്കിടെ നോക്കാറുണ്ടായിരുന്നു. പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഭാര്യ വിചാരിച്ചത് ഷുഗർ കുറഞ്ഞതാണ് എന്നാണ്. പക്ഷേ അതൊരു കാർഡിയാക് അറസ്റ്റ് ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ പൾസ് ഉണ്ടായിരുന്നു, പക്ഷേ ശ്രമിച്ചിട്ടും തിരിച്ചു പിടിക്കാൻ പറ്റിയില്ല. സമയമാകുമ്പോൾ എല്ലാവരും പോയെ പറ്റൂ. ഞാൻ സിനിമയുമായി നടക്കുമ്പോൾ അവനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. ബൈജു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബൈജു എഴുപുന്നയുടെ സഹോദരൻ ഷെൽജു അന്തരിച്ചത്. നാൽപ്പത്തിയൊൻപതുകാരനായ ഷെൽജുവിന്റെ പെട്ടെന്നുള്ള വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി.