Friday 24 May 2019 12:15 PM IST

‘സിനിമ ഇങ്ങൾ കൂട്ട്യാ കൂടൂല’ എന്നു പറഞ്ഞവരോട് മധുര പ്രതികാരം; റബ്ബര്‍ ടാപ്പിങ് തൊഴിലാളി ഷെരീഫും കൂട്ടുകാരും സിനിമയെടുത്ത കഥ!

Vijeesh Gopinath

Senior Sub Editor

sherif-cinema1
ഫോട്ടോ: രാകേഷ് പുത്തൂർ

പ്ലസ് ടുവിനു പഠിക്കുമ്പോൾ മുതൽ റബർ ടാപ്പിങ്ങിനു പോകുന്നുണ്ട് ഷെരിഫ്. ഇരുട്ടു മായാത്ത തോട്ടത്തിേലക്ക് മഞ്ഞിന്റെ പുതപ്പിനുള്ളിലൂടെ ഒറ്റയോട്ടം. യൂണിഫോമിട്ട കുട്ടികളെ പോലെ  ‘അറ്റൻഷനായി’ നിൽക്കുന്ന റബർ മരങ്ങളോട് മിണ്ടി മിണ്ടി ടാപ്പിങ്. ജോലി തീർത്ത് അവിടെ നിന്നിറങ്ങി സ്കൂളിലേക്കുള്ള  മടക്കപ്പാച്ചിൽ. അന്ന് പഠനത്തിനുള്ള പണം കണ്ടെത്തിയത് ഇങ്ങനെയാണ്.

വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും മാറ്റമില്ല. രാവിലെ  ഇരുന്നൂറ്റി അൻപതോളം മരങ്ങൾ ടാപ്പ് ചെയ്തിട്ടാണ് ഷെരീഫ് കണ്ണൂർ തളിപ്പറമ്പിലെ സ്റ്റുഡിയോയിലേക്ക് എത്തിയത്.  അതുപക്ഷേ, പഠിക്കാനല്ല, സിനിമയെടുത്ത കടം വീട്ടാനാണ്.

ആദ്യം ഷെരീഫ് ഈസയെ പരിചയപ്പെടാം. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ ‘കാന്തൻ ദ ലവർ ഒാഫ് കളർ’ന്റെ സംവിധായകനും നിർമാതാവും. ജോലി: റബർ ടാപ്പിങ്, പിന്നെ വിവാഹ ഫൊട്ടോഗ്രഫർ.

കോടികൾ കിലുങ്ങുന്ന  മലയാള സിനിമയിൽ ഷെറീഫിന്റെയും ചങ്ങാതിമാരുടെയും സ്വപ്നത്തിനു ചെലവായത് 20 ലക്ഷം. വൻബജറ്റ് സിനിമകളുടെ രണ്ടോ മൂന്നോ ദിവസത്തെ നിർമാണ ചെലവിന് ഒരു സിനിമ തീർന്നു. 95 മിനിറ്റുള്ള ആ സിനിമയുടെ ആദ്യ മൂലധനം ഒരു കൂട്ടം ചെറുപ്പക്കാരുടെ കണ്ണീരും വിയർപ്പും മാത്രമായിരുന്നു.

‘‘ഇങ്ങക്കൊന്നും വേറെ പണീല്ലേ ചങ്ങായിമാരേന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇങ്ങള് കൂട്ട്യാ കൂടൂല സിനിമാന്നും പറഞ്ഞിട്ടുണ്ട്... അന്നുണ്ടായ സങ്കടം ഇപ്പോ തീർന്നു.’’ ചങ്ങാതിമാരോടൊപ്പമിരുന്ന് ഷെരീഫ് ‘സിനിമാക്കഥ’ തുടങ്ങി.  പിന്നെ ഞങ്ങളോടായി പറഞ്ഞു, ‘‘ഫോട്ടോ എടുത്തു കഴിഞ്ഞ് ചങ്ങായിമാ െര ഒന്നു പെട്ടെന്നു വിടണേ... അവരൊക്കെ ഒാരോ ജോലിസ്ഥലത്തു നിന്നു മുങ്ങി വന്നവരാണ്. സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി തന്നെ ഇവരുടെയൊക്കെ കുറെ പൈസ പോയിട്ടുണ്ട്.

സ്വപ്നത്തിന്റെ വൺലൈൻ

‘‘സ്കൂളിൽ പഠിക്കുമ്പോഴേ നാടകങ്ങൾ സംവിധാനം ചെയ്തിരുന്നു. ഹൈസ്കൂളില്‍ പഠിച്ച മൂന്നു  വർഷവും ഞാൻ സംവിധാനം ചെയ്ത നാടകങ്ങൾ ഫസ്റ്റടിച്ചപ്പോൾ ചെറിയൊരു ആത്മവിശ്വാസം കിട്ടി. അങ്ങനെയാണ് സിനിമയോടുള്ള താൽപര്യം മനസ്സിൽ കയറിയത്. ഡിഗ്രി പഠനം പകുതിക്ക് നിർത്തി. ഒരു ജോലിയായിരുന്നു അന്ന് അത്യാവശ്യം. അങ്ങനെ ഫൊട്ടോഗ്രഫർ ആയി. പുലർച്ചെ നാലു മണി മുതൽ പത്തു വരെ ടാപ്പിങ്. പിന്നെ ഫൊട്ടോഗ്രഫി.  

ഇതിനിടയിലും സിനിമ മനസ്സിലുണ്ടായിരുന്നു. ക്യാമറ കൈയിലുണ്ട്. അതുകൊണ്ടു തന്നെ ഷോർട്ട് ഫിലിമൊക്കെ ചെയ്യാനുള്ള ധൈര്യമുണ്ട്. ജനകീയസിനിമയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഷിജു ബാലഗോപാലിനെ പരിചയപ്പെട്ടതാണ് അടുത്ത വഴിത്തിരിവ്. അദ്ദേഹത്തിനൊപ്പം രണ്ടു സിനിമകളിൽ സംവിധാന സഹായിയായി. ഇടയ്ക്ക് ഷോർട് ഫിലിമുകൾ സംവിധാനം  ചെയ്തു.

എന്നെ പോലെ സുഹൃത്തുക്കൾക്കും സിനിമാ താൽപര്യങ്ങൾ ഉണ്ടായിരുന്നു. വലിയ സിനിമകളെ കുറിച്ച് ചിന്തിക്കാനുള്ള പേടി കൊണ്ടാവാം ഞങ്ങളത് വൈകുന്നേരത്തെ ചർച്ചകളിൽ ‘പറ‍ഞ്ഞു തീർക്കുകയായിരുന്നു’ പതിവ്.

സ്ക്രിപ്റ്റുണ്ട് സഖാവേ, സിനിമയെടുക്കാം

ഒരു തോടിന്റെ രണ്ടു കരയിലാണ് ഷെരീഫിന്റെയും പ്രമോദ് പൂവേരിയുടെയും വീട്. പക്ഷേ, സിനിമയ്ക്കു വേണ്ടി അവർ ഒരുമിച്ച് ഒഴുകാൻ തുടങ്ങിയത് പെട്ടെന്നാണ്. പ്രമോദിന്റെ  കയ്യിൽ ഷോർട് ഫിലിമിനു വേണ്ട  സ്ക്രിപ്റ്റുണ്ട്.  ദലിത്–പരിസ്ഥിതി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ആ സ്ക്രിപ്റ്റ് പത്തു മിനിറ്റുള്ള ഷോർട് ഫിലിമിനു പറ്റുന്നതായിരുന്നു.

‘‘ചർച്ചകളിലൂടെ അത് 20 മിനിറ്റായി  വളർന്നു. ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷൻ അന്വേഷിച്ചുള്ള യാത്ര അവസാനിച്ചത് വയനാട്ടിലാണ്. ആദിവാസികളുടെ ജീവിതവും അവരുടെ പ്രശ്നങ്ങളും അന്യംനിന്നു  പോകുന്ന ആചാരങ്ങളും കണ്ടപ്പോൾ ഷോർട് ഫിലിം ഒന്നര മണിക്കൂറുള്ള സിനിമയായി.  അങ്ങനെയാണ് ‘കാന്തൻ ദ ലവർ ഒാഫ് കളർ’ എന്ന സിനിമയുടെ തിരക്കഥ മുഴുവനായി പിറക്കുന്നത്.

കാന‍്തൻ എന്ന കുട്ടിയുടെ കഥയാണിത്. ക‍ൃഷി ചെയ്ത് കടം കയറി ആത്മഹത്യ ചെയ്ത അച്ഛന്റെയും അമ്മയുടെയും മകൻ. മുത്തശ്ശിയാണ് അവനെ വളർത്തുന്നത്.  തന്റെ കറുത്ത നിറത്തോട് വലിയ അപകർഷതയായിരുന്നു അവന്. കാന്തന്റെ ജീവിതം ഇരുട്ടിലാണ്. പക്ഷേ, അവനു ചുറ്റുമുള്ള ലോകം മഴവിൽ നിറങ്ങളുടെതും. ഇതു തമ്മിലുള്ള വലിയ വ്യത്യാസം അവനിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളും ആ വേദനകൾ മറികടക്കാൻ മുത്തശ്ശി അവനെ സഹായിക്കുന്നതുമാണ് കഥ...

sherif-cinema23

മുത്തശ്ശിയായി ദയാബായി

സ്ക്രിപ്റ്റ് വലുതായപ്പോള്‍ ആകെ പ്രശ്നമായി. ബജറ്റും അതിനനുസരിച്ച് കൂടി. ആദിവാസികളുടെ ഉന്നമനത്തിനായി ജീവിതം അര്‍പ്പിച്ച ദയാബായിയെ മുത്തശിയുടെ റോളിലേക്കു വിളിക്കാമെന്നായിരുന്നു ഒരു മോഹം. എന്നാൽ സിനിമയിലേക്കില്ലെന്ന് ദയാബായി തീര്‍ത്തു പറഞ്ഞു.

പിന്നീടു ദയാബായിയോടു കഥ മുഴുവനും പറഞ്ഞു. പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ചെല്ലാനായിരുന്നു അവരുെട ആ വശ്യം.  ചേർന്നു പഠിക്കാന്‍ മോഹിച്ച സ്ഥലത്തേയ്ക്കുള്ള യാത്ര ഞങ്ങളെ ത്രില്ലടിപ്പിച്ചു. അവിടെ വച്ച് തിരക്കഥ മുഴുവൻ വായിച്ചു കഴിഞ്ഞപ്പോൾ ദയാബായി അഭിനയിക്കാൻ സമ്മതിച്ചു.

ഇനി വേണ്ടത് കാന്തൻ എന്ന സ്കൂൾ കുട്ടിയെയാണ്. കുറ്റ്യാടി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ്സുകാരനായ മാസ്റ്റർ പ്രജിതിന്റെ പേര് ആരോ പറഞ്ഞു. ആദിമധ്യാന്തം എന്ന സിനിമയിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ജൂറി പരാമർശം നേടിയ കുട്ടിയാണ്.

അപ്പോഴും പണം ഒന്നും ആയിട്ടില്ല. ഒരു നിര്‍മാതാവിനെ പോയി കണ്ടു. അയാൾ പരിഹസിച്ച് ഇറക്കി വിട്ടു. അന്നന്നത്തെ ചെലവിനുള്ള പണം കയ്യിലുള്ള ഞങ്ങൾ എങ്ങനെ  സിനിമ നിർമിക്കും. ഉത്തരം കിട്ടാതെ ഞങ്ങളിരുന്നു.

സിനിമയുടെ തുടക്കത്തിൽ ഒരുപാടു പേരുണ്ടായിരുന്നു. പക്ഷേ, സാമ്പത്തിക ലാഭം ഉണ്ടാകില്ലെന്നു മാത്രമല്ല കയ്യിൽ നിന്നു പണം പോകുമെന്നുറപ്പായതോടെ പലരും പിൻവാങ്ങി. ഒടുവിൽ വിരലിലെണ്ണാവുന്നവരായി. എല്ലാവരും േച ര്‍ന്നു കണക്കൂ കൂട്ടിയപ്പോൾ ഒന്നര ലക്ഷത്തോളം സംഘടിപ്പിക്കാം  എന്നു േതാന്നി. അങ്ങനെ 2017 ൽ ഷൂട്ട് തുടങ്ങി. ആദ്യ ഘട്ടം അമ്പതിനായിരം രൂപ. അതു വളരെ പെട്ടെന്നു തീർന്നു. അതോടെ ഷൂട്ട് മുടങ്ങി. പിന്നെ പണം വരുമ്പോൾ മാത്രം ഷൂട്ട് തുടങ്ങുമെന്ന അവസ്ഥ വന്നു. ഇങ്ങനെ നിന്നും നടന്നും  2018 ജൂലൈ ആയപ്പോഴേക്കും ഷൂട്ട് തീർന്നു.

ഇത്ര വേഗത്തിൽ പറഞ്ഞു തീർക്കാൻ പറ്റുമെങ്കിലും ഷൂട്ടിനിടയിലുള്ള കണ്ണീരും വേദനകളും  വേഗം മറക്കാനാവില്ല. ഒപ്പം പഠിച്ച കുറേപ്പേർ ഗൾഫിലും മറ്റും ജോലി ചെയ്യുന്നുണ്ടായിരുന്നു. അവരിൽ കുറച്ചു പേരെ വിളിച്ചു. സഹായിക്കും എന്നു പ്രതീക്ഷിച്ച ആൾക്കാർ നിരാശപ്പെടുത്തി. പക്ഷേ, ലേബർ ക്യാംപിലൊക്കെ ജോലി ചെയ്ത് ജീവിതം കെട്ടിപ്പടുക്കാൻ കഷ്ടപ്പെടുന്നവർ കനിഞ്ഞു. അതു കൊണ്ടൊന്നും ഒന്നും ആയില്ല. ഒടുവിൽ 11 ലക്ഷം രൂപ ബാങ്ക് വായ്പ കിട്ടി.

വയനാട്ടിലായിരുന്നു ഷൂട്ട്. യാത്രാ ചെലവല്ലാതെ പ്രതിഫലം  വേണ്ടെന്നു ദയാബായി പറഞ്ഞിരുന്നു. ചില ദിവസങ്ങളിൽ പട്ടിണിയായിട്ടുണ്ട്. അത് മനസ്സിലാക്കിയ ആദിവാസി ഊരുകളിലുള്ളവർ അവരുടെ ഭക്ഷണത്തിന്റെ പങ്ക് ഞങ്ങൾക്കായി മാറ്റിവച്ചു. താമസിക്കാനുള്ള ഇടവും ഒരുക്കി.

ബാങ്ക് വായ്പ തീർന്നിട്ടും ഷൂട്ട് പൂർത്തിയാക്കാനായില്ല. അങ്ങനെ ക്യാമറ വിറ്റു. ഇനിയെങ്ങനെ കല്യാണത്തിനു ഫോട്ടോ എടുക്കുമെന്നോ അതു വിറ്റാൽ എന്റെ അന്നം  തന്നെ ഇ ല്ലാതാകുമെന്നോ ഒന്നും ഒാർത്തില്ല. ഒരുവിധം ചിത്രീകരണം പൂർത്തിയായി. ഇനി എഡിറ്റിങ് ഉണ്ട്. സൗണ്ട് മിക്സിങ് ഉണ്ട്. െെകയിലാണെങ്കില്‍ നയാെെപസയില്ല. എങ്ങനെയുണ്ടാക്കും എന്നും അറിയില്ല.

ഒടുവിൽ 2018 ജൂലൈ പതിനെട്ടിന് കൊച്ചിയിൽ പ്രിവ്യൂ വ ച്ചു. സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പല പ്രമുഖരേയും ക്ഷണിച്ചിരുന്നു. പക്ഷേ, പ്രിവ്യൂവിന് രണ്ടു ദിവസം മുൻപേ സൗണ്ട് ചെയ്യുന്ന സ്റ്റുഡിയോയിൽ  പ്രശ്നമായി.  മുഴുവൻ തുക കൊടുത്താലേ അവർ  5.1  ഒാഡിയോ ട്രാക്ക് ചെയ്തത് തരൂ. ഒടുവിൽ ഭാര്യയുടെ സ്വർണം വിറ്റു. പണയം വയ്ക്കാന്‍ എന്നാണ് പറഞ്ഞത്, പക്ഷേ വിൽക്കേണ്ടി വന്നു. അങ്ങനെ സിനിമ പുറത്തിറങ്ങി.’’ ഷെരീഫിന്റെ മുഖത്ത് ആശ്വാസത്തിന്റെ റീൽ.

എന്തായിരിക്കും ക്ലൈമാക്സ്?

കഴിഞ്ഞ നവംബറിൽ നടന്ന കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കാന്തൻ പ്രദർശിപ്പിച്ചു. പിന്നെ അദ്ഭുതം പെയ്തിറങ്ങിയതു പോലെ  മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം. അതോടൊപ്പം വിവാദങ്ങളുടെ തിരശീലയും ഉയർന്നു. ഇത്തരമൊരു സിനിമയ്ക്ക് എന്തിനാണ് അവാർഡ് എന്നു വരെ ചോദിച്ച് ചിലര്‍ ശബ്ദമുയര്‍ത്തി.

‘‘എന്റെ സിനിമ അതിജീവനത്തിന്റെ നിലനിൽപിന്റെ രാഷ്ട്രീയം പറയുന്നുണ്ട്. ഈ സിനിമയിൽ കാലത്തിന്റെ തുടിപ്പുണ്ട്. ജൂറി അതാകാം തിരിച്ചറിഞ്ഞത്. തിയറ്ററിൽ ഈ സിനിമ പ്രദർശിപ്പിക്കുമെന്ന് കരുതുന്നില്ല. വന്നാൽ തന്നെ ഒരാഴ്ച പോലും ഒാടിക്കാൻ തയാറാകില്ല. അതിനുമപ്പുറം ഫിലിം ഫെസ്റ്റിവലുകളിലൂടെ ജനങ്ങളിലേക്കെത്തിക്കാനാണ് കരുതുന്നത്. അവാർഡ് കിട്ടിയതു കൊണ്ട് മറ്റൊരു ഗുണം കിട്ടി. കടം വാങ്ങിയവർ  ചിരിക്കാനൊക്കെ തുടങ്ങി. എന്നു മടക്കി തരും എന്ന ചോദ്യം കുറച്ചു നാളായി കേൾക്കുന്നില്ല.’’ കാന്തനെ പോലെ ഷെരീഫിന്റെയും ചങ്ങാതിമാരുടെയും സ്വപ്നങ്ങളുടെ നിറം കൂടുകയാണ്.