Tuesday 16 October 2018 10:17 AM IST : By സ്വന്തം ലേഖകൻ

‘മീടൂ’വിൽ നടപടി; ഷെറിൻ സ്റ്റാൻലിയെ ഫെഫ്കയിൽ നിന്ന് പുറത്താക്കി

sherin-new

മീടൂ വിവാദത്തിൽ ഫെഫ്കയുടെ നടപടി. നടിയും ചലച്ചിത്ര പ്രവർത്തകയുമായ അർച്ചന പദ്മിനിയുടെ ആരോപണത്തിൽ, കുറ്റാരോപിതനായ പ്രൊഡക്ഷൻ മാനേജർ ഷെറിൻ സ്റ്റാൻലിയെ ഫെഫ്കയിൽ നിന്ന് അനിശ്ചിതകാലത്തേക്ക് പുറത്താക്കി. ഷെറിനെ ജോലിയിൽ തിരിച്ചെടുത്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷക്കെതിരെയും നടപടിയുണ്ടായേക്കുമെന്നറിയുന്നു.

പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് യൂണിയൻ ഭാരവാഹികളെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് ഫെഫ്കയുടെ തീരുമാനം.

കഴിഞ്ഞ വർഷം ഏപ്രിൽ 16 ന് ലൈംഗിക അതിക്രമാരോപണവുമായി ഫെഫ്കയെ സമീപിച്ചതെങ്കിലും പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം എറണാകുളത്ത് വാർത്താ സമ്മേളനത്തിൽ അർച്ചനാ പദ്മിനി വെളിപ്പെടുത്തിയിരുന്നു.

അർച്ചന പദ്മിനിയുടെ ആരോപണത്തെ തുടർന്ന് ഫെഫ്കയുടെ പ്രസിഡന്റായ ബി ഉണ്ണികൃഷ്ണൻ അർച്ചന പദ്മിനിക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി.

നേരത്തെ ആറ് മാസത്തേക്കും അതിന് ശേഷം അനിശ്ചിതകാലത്തേക്കും ഫെഫ്ക ഷെറിൻ സ്റ്റാൻലിയെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സംഘടനയുടെ അറിവോടെയല്ലാതെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ഷെറിനെ തിരിച്ച് ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.