Wednesday 14 October 2020 04:46 PM IST

അച്ഛന്റെ വഴിയേ സംവിധാനത്തിലേക്കോ അമ്മയുടെ പാത പിന്തുടർന്ന് അഭിനയത്തിലേക്കോ? പ്രിയന്റെയും ലിസിയുടെയും മകൻ സിദ്ധാർഥ് പറയുന്നു

Sujith P Nair

Sub Editor

sidharth

ആദ്യം ചെയ്ത സിനിമയ്ക്ക് തന്നെ സംസ്ഥാന സർക്കാരിന്റെ അംഗീകാരം. അതും അച്ഛൻ സംവിധാനം ചെയ്ത മരയ്ക്കാർ– അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വിഷ്വൽ ഇഫക്ട്സ് മികവിന്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം ലഭിച്ചതിലൂടെ അപൂർവമായൊരു അംഗീകാരമാണ് സിദ്ധാർഥ് പ്രിയദർശൻ സ്വന്തമായിരിക്കുന്നത്. ലിസിയുടെയും പ്രിയന്റെയും മകൻ സിനിമയുടെ പിന്നണിയിൽ അംഗീകാരം നേടുമ്പോൾ പ്രേക്ഷകർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ചന്തു അച്ഛന്റെ പാതയിലൂടെ സംവിധാനത്തിലേക്കാണോ പോകുന്നതെന്ന്. അതോ അമ്മയുടെയും സഹോദരി കല്യാണിയുടെയും വഴി പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തുമോ. കണ്ണിറുക്കി ചിരിച്ച് ഉടൻ വന്നു ചന്തുവിന്റെ ഉത്തരം, ‘സംവിധാനം മതി അഭിനയം വേണ്ട എന്നൊന്നും ഉറപ്പിച്ചിട്ടൊന്നുമില്ല. ഭാവിയെക്കുറിച്ച് പറയാൻ ആർക്കാണ് കഴിയുക. അങ്ങനെ മുൻകൂട്ടി പ്ലാൻ ചെയ്തു ജീവിക്കുന്ന ടൈപ്പല്ല ഞാൻ. ഇപ്പോൾ വിഎഫ്എക്സ് ആസ്വദിച്ചു ചെയ്യുന്നു. അതിൽ ശ്രദ്ധിക്കുന്നു. അതേക്കുറിച്ച് ഇനിയും ഒരുപാട് പഠിക്കാനുണ്ട്. ബാക്കിയെല്ലാം പിന്നെ വരുന്നതു പോലെ വരട്ടെ...’ ചന്തു എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന സിദ്ധാർഥ് മണാലിയിൽ ‘ഹങ്കാമ 2’ ലൊക്കേഷനിൽ നിന്ന് ‘വനിത ഓൺലൈനോട്’ പങ്കുവച്ചതിൽ ഏറെയും സിനിമയെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.

ആദ്യ ചിത്രം. അതും പ്രിയദർശനൊപ്പം. അനുഭവം എങ്ങനെയുണ്ടായിരുന്നു?

അപ്പയ്ക്കൊപ്പമുള്ള ആദ്യ ‘ഒഫീഷ്യൽ’ സിനിമ എന്നു പറയുന്നതാകും ശരി. ഞാൻ അദ്ദേഹത്തിന്റെ സെറ്റുകളിലാണ് വളർന്നത്. ചില സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിരുന്നു. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുന്നത് മികച്ച അനുഭവമാണ്. അമേരിക്കയിൽ വിഷ്വൽ ഇഫക്ട്സിൽ പഠനം കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം ചെയ്യുന്ന ആദ്യ ചിത്രമാണ് മരയ്ക്കാർ. എത്ര സമ്മർദമുള്ള സന്ദർഭങ്ങളിലും ശാന്തതയോടെ മാത്രമേ അപ്പ പെരുമാറൂ. അനാവശ്യമായി നമ്മളെ ടെൻഷൻ അടിപ്പിക്കില്ല. സെറ്റിലാകെ ആ മൂഡാണ്. ഓരോരുത്തരിൽ നിന്നും എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടാകും. മരയ്ക്കാർ പോലെ വിഎഫ്എക്സിന് വലിയ പ്രാധാന്യമുള്ള ചിത്രങ്ങൾക്കായി ഗ്രാഫിക്സ് ചെയ്യുമ്പോൾ നമ്മുക്ക് അതു വലിയ അനുഗ്രഹമാണ്.

sidharth-1

സിനിമയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ അപ്പ എന്ത് ഉപദേശമാണ് മകന് തന്നത്?

അങ്ങനെ ഉപദേശിക്കുന്ന ആളൊന്നുമല്ല അപ്പ. നീ ഇന്നത് ചെയ്യണം, ഇതു ചെയ്യരുത് എന്ന മട്ടിലൊന്നും പറഞ്ഞു തരില്ല. എനിക്കു തോന്നുന്നത് ‘കണ്ട് പഠിക്കുക’ എന്നതാണ് അപ്പയുടെ ലൈൻ എന്നാണ്.

കല്യാണി ആയിരുന്നോ വിഎഫ്എക്സ് പെർഫെക്ഷൻ പരിശോധിച്ചിരുന്നത്?

അവള് ചുമ്മാ തമാശ പറയുന്നതാണ്. എന്നാൽ അതിൽ അൽപം കാര്യം ഇല്ലാതില്ല. ഞാൻ മരയ്ക്കാറിന്റെ വിഎഫ്എക്സ് ജോലി അത്രയ്ക്ക് മുഴുകിയാണ് ചെയ്തത്. അതുകൊണ്ട് ചില ഘട്ടങ്ങളിൽ ഗ്രാഫിക്സ് കൂടിപ്പോയോ കൃത്യമാണോ തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ പെർഫെക്ഷൻ എങ്ങനെയുണ്ട് എന്നൊക്കെ പരിശോധിക്കാൻ ഇതിൽ നിന്നെല്ലാം മാറി ഫ്രഷ് ആയിരിക്കുന്ന ഒരാളുടെ സഹായം വേണമായിരുന്നു. അപ്പോഴൊക്കെ കല്യാണിയാണ് എന്റെ സഹായത്തിന് എത്തിയിരുന്നത്. ചില രംഗങ്ങൾക്ക് ഗ്രാഫിക്സ് കൂടിപ്പോയോ എന്ന് എനിക്കു തന്നെ സംശയം തോന്നുമ്പോൾ ഞാൻ ഓടിയെത്തിയിരുന്നത് കല്യാണിയുടെ അടുത്തേക്കാണ്. അതിന് കാരണം കല്യാണി എപ്പോഴും എന്റെ ചുറ്റുപാടും ഒക്കെത്തന്നെ ഉണ്ടായിരുന്നതാണ്.

sidharth-2

പ്രത്യേക ജൂറി പരാമർശം സർപ്രൈസായോ?

മണാലിയിൽ അച്ഛൻ തന്നെ സംവിധാനം ചെയ്യുന്ന ‘ഹങ്കാമ 2’ ലൊക്കേഷനിൽ വച്ചാണ് വാർത്ത അറിയുന്നത്. അച്ഛനും ഞാനും ഒരു ഷോട്ട് ഡിസ്കസ് ചെയ്യുന്നതിനിടെയാണ് ആരോ അദ്ദേഹത്തോട് ഇക്കാര്യം പറയുന്നത്. എന്നെ നോക്കി ചിരിച്ചു കൊണ്ട് തോളിൽ തട്ടി അപ്പ പറഞ്ഞു, ‘നീ നിന്റെ ആദ്യ അവാർഡ് സ്വന്തമാക്കി’ എന്ന്. തൊട്ടുപിന്നാലെ അമ്മയും വിളിച്ചു. വലിയ സന്തോഷത്തിലായിരുന്നു അമ്മ. ഒരുപാട് അഭിമാനിക്കുന്നു എന്നൊക്കെ പറഞ്ഞു. എനിക്കും വലിയ സന്തോഷമായി. നമ്മൾ പ്രതീക്ഷിക്കാത്ത ഒരംഗീകാരമാണല്ലോ? അതും മലയാളത്തിൽ നിന്ന്.