Monday 15 October 2018 03:18 PM IST : By സ്വന്തം ലേഖകൻ

നടിമാരെ തിരിച്ചെടുക്കില്ല; തെറ്റുകൾക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നൽകിയാൽ പരിഗണിക്കും: നടൻ സിദ്ദിഖ്

wcc-ssi

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) നടത്തിയ ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി ‘അമ്മ’യുടെ സെക്രട്ടറി സിദ്ധിഖ്. കഴിഞ്ഞ ദിവസം വനിതാ സംഘടന വാർത്താസമ്മേളനത്തിൽ പറഞ്ഞ പല കാര്യങ്ങളും ബാലിശമാണെന്ന് സിദ്ധിഖ് പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിൻറെ രാജിക്കത്ത് ഒക്ടോബർ 10ന്  ‘അമ്മ’ പ്രസിഡന്റ് മോഹൻലാലിന് കൈമാറിയതായും സിദ്ധിഖ് സ്ഥിരീകരിച്ചു.

"ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നതാണ്. ‘അമ്മ’ ജനറൽ ബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപിന്റെ തൊഴിൽ നിഷേധിക്കാൻ വേണ്ടിയുള്ള സംഘടനയല്ല ‘അമ്മ’. നടിമാർ എന്നു വിളിച്ച് ആക്ഷേപിച്ചെന്ന ഡബ്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണ്. ‘അമ്മ’ നടീനടന്മാരുടെ സംഘടനയാണ്. അങ്ങനെ വിളിച്ചതിൽ ആക്ഷേപം തോന്നേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുക്കും.

അമ്മയിൽ നിന്ന് രാജിവച്ചുപോയ നടിമാരെ തിരിച്ചെടുക്കില്ല. ഇത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണ്. ചെയ്ത തെറ്റുകൾക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്നത് പരിഗണിക്കും. സംഘടനയ്ക്കുള്ളിൽ നിന്ന് സംഘടനയ്ക്കെതിരെയും പ്രസിഡന്റ് മോഹൻലാലിനെതിരെയും പ്രവർത്തിച്ച നടിമാർക്കെതിരെ നടപടിയെടുക്കും."
- സിദ്ധിഖ് വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ തങ്ങൾക്കെതിരെ തെറിവിളി വരുന്നു എന്നു പരാതി പറയുന്നവർ, അത് ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞ് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു. ‘മീ ടൂ’ ക്യാംപെയിൻ നല്ല പ്രസ്ഥാനമാണ്. സുരക്ഷാ വിഷയത്തിൽ കരുതൽ നല്ലതാണ്. പക്ഷേ ദുരുപയോഗിക്കുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ നടി രേവതി ഉന്നയിച്ച വിമർശനങ്ങൾ തേജോവധം ചെയ്യാനാണെന്നും സിദ്ധിഖ് ആരോപിച്ചു.