Wednesday 14 October 2020 12:40 PM IST : By ശ്യാമ

‘മൂന്നു കാറ്റഗറിയിൽ അവാർഡ് കിട്ടിയപ്പോൾ ട്രിപ്പിൾ ഹാപ്പിയാണ്’; പുരസ്‌കാര നിറവിൽ സന്തോഷം പങ്കുവച്ച് സിജു വിൽസൺ

siju-wilson653dfcgvhv

‘പറയാത്ത കഥകൾ പറയാനും ആളുകൾ വേണമല്ലോ... ഇനിയും കാമ്പുള്ള കഥകൾ പറയാനുള്ള ഊർജമാണിത്’- പറയുന്നത് അമ്പതാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട 'വാസന്തി'യിലെ അഭിനേതാവും നിർമാതവുമായ സിജു വിൽസൺ. "ഫൈനൽ ലിസ്റ്റിൽ വന്നിട്ടുണ്ടെന്ന് മനോരമയിലെ വിവേകും സുഹൃത്ത് പ്രമോദ് മോഹനും പറഞ്ഞിട്ടാണ് അറിഞ്ഞത്. കടുത്ത മത്സരമാണ് ഉറപ്പില്ല എന്നാണ് രണ്ടാളും പറഞ്ഞു വെച്ചത്. ആ ലിസ്റ്റിൽ എത്തി എന്നറിഞ്ഞപ്പോ തന്നെ സന്തോഷം തോന്നി. പിന്നെ അവാർഡ് കിട്ടി എന്നറിഞ്ഞതോടെ കിളി പോയി."- അഭിമാനചിരിയിൽ സിജു വിൽ‌സൺ.

"ഞാൻ വാസന്തിയിൽ അഭിനയിക്കുന്നുണ്ടായിരുന്നു, അങ്ങനെയാണ് സിനിമയുമായി ആദ്യം ബന്ധം വരുന്നത്. പോകെ പോകെ ഫണ്ടിന്റെ പ്രശ്നം വന്നപ്പോഴാണ് നിർമാണം കൂടി ഏറ്റെടുത്തത്. ഇത്ര നല്ലൊരു സിനിമ ജനങ്ങളിലേക്ക് എത്തിക്കണം എന്നത് തന്നെയായിരുന്നു, അങ്ങനൊരു തീരുമാനം എടുക്കാനുള്ള പ്രധാന കാരണം. എക്സ്പിരിമെന്റൽ സിനിമകൾ എനിക്കിഷ്ടമാണ്. ചിരിപ്പിക്കുന്ന സിനിമ പോലെ തന്നെ നമ്മളെ ചിന്തിപ്പിക്കുന്ന സിനിമകൾ ചെയ്യാനും ആളുകൾ വേണമല്ലോ. അങ്ങനൊരു ശ്രമാണ് ഈ സിനിമ. പേര് പോലെ തന്നെ ഒരു സ്ത്രീയുടെ കഥയാണ് സിനിമ പറയുന്നത്.

ഇതിന്റെ ഷൂട്ട്‌ ഒക്കെ തന്നെ വളരെ രസകരമായിരുന്നു. ബഹളങ്ങളൊന്നുമില്ലാതെ ചെയ്തെടുത്തൊരു സിനിമ. സംവിധായകരായ ഷിനോസ് റഹ്‌മാനും സാജസ് റഹ്‌മാനും അവരുടെ ആദ്യ സിനിമയായ കളിപ്പാട്ടക്കാരൻ നെറ്റ്ഫിക്സിൽ പോയതിന്റെയും മറ്റുമായി കിട്ടിയ പൈസ വച്ചാണ് ഈ പടം തുടങ്ങുന്നത്. പിന്നെ അവരുടെ രണ്ട് സുഹൃത്തുകളും ഷറഫുദീനും ഒക്കെ ഇതിൽ ഭാഗമായിട്ടുണ്ട്. അങ്ങനെ കറങ്ങി തിരിഞ്ഞാണ് ഞാൻ നിർമാണം ഏറ്റെടുക്കുന്നത്.

ഏകദേശം 2016 ൽ തുടങ്ങിയ സിനിമ പൂർത്തിയായത് 2019ലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് സിനിമയുടെ പ്രിവ്യൂ നടന്നത്. അന്നാണ് ശരിക്കും പറഞ്ഞാൽ ഒപ്പം ജോലി ചെയ്തവർ പോലും പൂർണമായി ഇത്‌ കാണുന്നത്. വളരെ  മികച്ച അഭിപ്രായങ്ങളും റിവ്യൂസും ഒക്കെ വന്നു. അവാർഡുകൾക്ക് അയക്കണം എന്നും എല്ലാവരും പറഞ്ഞു. സിനിമ ശ്രദ്ധിക്കപ്പെടണമെന്ന് അപ്പോൾ ഞങ്ങൾക്കും ആഗ്രഹമുണ്ടായിരുന്നു. ഇതിപ്പോൾ മൂന്ന് കാറ്റഗറിയിൽ (മികച്ച സിനിമ, മികച്ച സ്വഭാവ നടി, മികച്ച തിരക്കഥ) അവാർഡ് കിട്ടിയപ്പോ ട്രിപ്പിൾ ഹാപ്പിയാണ്! വീട്ടുകാർക്കൊക്കെ ഭയങ്കര സന്തോഷം... ഭാര്യ വീട്ടിലുണ്ട്, അമ്മ ദുബായിലാണ്. അപ്പന്റെ പേരിലാണ് എന്റെ പ്രൊഡക്ഷൻ കമ്പനി. അതുകൊണ്ട് ഞങ്ങൾക്ക് ഇച്ചിരി സന്തോഷം കൂടും..."

വരയൻ, ഇന്നുമുതൽ, ഉപചാരപൂർവം ഗുണ്ട ജയൻ, വാസന്തി... ഒക്കെയാണ് സിജു അഭിനയിച്ച് ഇനി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. റഹ്മാൻ ബ്രദേഴ്സിന്റെ അടുത്തൊരു തിരക്കഥ ആലോചനയിലുമുണ്ട്. ഇനിയും മികച്ച കോൺടെന്റ് ഉള്ള സിനിമകളിൽ തന്റെ നിർമാണത്തിൽ പുറത്ത് വരും എന്ന ഉറപ്പ് കൂടി ഇതോടൊപ്പം സിജു പ്രേക്ഷകർക്ക് നൽകുന്നു.

Tags:
  • Movies