Saturday 22 June 2019 03:13 PM IST

നൃത്ത വേദിയിൽ വീണു പരുക്കേറ്റു, സീരിയലിൽ നിന്ന് ഇടവേള എടുത്തു! ആ കഥ പങ്കുവച്ച് സിനി

V.G. Nakul

Sub- Editor

s

മലയാളികളുടെ ടെലിവിഷൻ കാഴ്ചകളിൽ പരിചിത മുഖമാണ് സിനി വർഗീസ്. ‘കൂട്ടുകാരി’യിലെ അമ്പിളിയെയും ‘സ്ത്രീധന’ത്തിലെ മയൂരിയെയുമൊന്നും പ്രേക്ഷകർ അത്ര പെട്ടെന്നു മറക്കില്ല. പക്ഷേ, കുറച്ചു കാലം സിനി മിനിസ്ക്രീനിൽ നിന്നു മാറി നിന്നു. ഇപ്പോഴിതാ ‘സീതാകല്യാണ’ത്തിലൂടെ വീണ്ടും പ്രക്ഷകരുടെ പ്രിയങ്കരിയായി മാറുകയാണ്. ഇടവേളയെക്കുറിച്ചും പുതിയ വിശേഷങ്ങളെക്കുറിച്ചുമെല്ലാം സിനി വർഗീസ് ‘വനിത ഓൺലൈനോ’ട് സംസാരിക്കുന്നു.

മടങ്ങിവരവ്

കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷമാണ് ‘സീതാകല്യാണ’ത്തിലൂടെ വീണ്ടും അഭിനയിക്കാൻ തുടങ്ങിയത്. ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ജോലിയിൽ നിന്ന് വിട്ടുനിന്നത്. അഡ്വഞ്ചർ മേഖലയിൽ താൽപര്യമുള്ള ആളാണ് ഞാൻ. അങ്ങനെ കുറച്ചു പരുക്കുകളൊക്കെ പറ്റിയിട്ടുണ്ട്. അതോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ സ്റ്റേജിൽ ഒന്നു വീഴുക കൂടി ചെയ്തപ്പോള്‍ ചെറിയ പ്രശ്നമായി. അങ്ങനെ, ചികിത്സയുടെ ഭാഗമായി ഇടവേളയെടുക്കുകയായിരുന്നു. അപ്പോഴും അഭിനയവും ഡാൻസുമൊന്നും പൂർണ്ണമായും നിർത്തിയിരുന്നില്ല. ഇടയ്ക്കൊക്കെ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ പൂർണമായും സുഖം പ്രാപിച്ചു. ഹെൽത്ത് ഓക്കെയാണ്. അതിനാൽ സജീവമായി അഭിനയരംഗത്തേക്കു മടങ്ങി വന്നിരിക്കുകയാണ്.

s3

അഭിനയത്തിനൊപ്പം പഠനവും

കാസർഗോഡാണ് എന്റെ നാട്. അച്ഛൻ വർഗീസ് ഇലക്ട്രീഷ്യനാണ്. അതിന്റെ കോൺട്രാക്ട് ജോലികൾ ചെയ്യുന്നു. അമ്മ ഷിജി നഴ്സാണ്. അനിയൻ സിബിൻ റസ്ലറാണ്. ദേശീയ തലത്തിലൊക്കെ കേരളത്തെ പ്രതിനിധീകരിച്ചു മത്സരങ്ങൾക്കു ഇറങ്ങുന്നുണ്ട്. കുട്ടിക്കാലം മുതൽ ഞാൻ നൃത്തത്തിൽ സജീവമാണ്. സ്കൂളിലൊക്കെ പഠിക്കുമ്പോൾ ധാരാളം സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. അങ്ങനെയാണ് സീരിയലിൽ അവസരം ലഭിച്ചത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ആദ്യ സീരിയലായ ‘കൂട്ടുകാരി’യിൽ അഭിനയിച്ചു. അതിൽ അമ്പിളി എന്ന നായികാ കഥാപാത്രമാണ് ചെയ്തത്. പിന്നീട് തുടർച്ചയായി അവസരങ്ങൾ ലഭിച്ചു തുടങ്ങി. ഇതിനോടകം പത്തിലേറെ സീരിയലുകളിൽ അഭിനയിച്ചു. അഭിനയത്തിനൊപ്പം പഠനവും മുന്നോട്ടു കൊണ്ടു പോകുന്നതിനാൽ ഒരു സമയം ഒരു സീരിയൽ മാത്രമാണ് ചെയ്തിരുന്നത്. അതാണ് എണ്ണം കുറയാൻ കാരണം.

s5

നൃത്തം തന്നെ ജീവിതം

‘സ്ത്രീധന’ത്തിൽ മയൂരി എന്ന നെഗറ്റീവ് റോൾ ശ്രദ്ധിക്കപ്പെട്ടു. അതേ പോലെ ‘വെള്ളാനകളുടെ നാട്ടി’ലെ സൂസു എന്ന കോമഡി കഥാപാത്രവും ഹിറ്റായി. ഞാനിപ്പോൾ ബി.എ ഭരതനാട്യം കംപ്ലീറ്റ് ചെയ്തു. നൃത്തമാണ് പാഷൻ. അതിൽ തന്നെ തുടരണം കൂടുതൽ പഠിക്കണം എന്നാണ് ആഗ്രഹം. നൃത്തം പഠിപ്പിക്കണമെന്നുമുണ്ട്. ‘സ്പൈഡർ ഹൗസ്’ എന്ന സിനിമയിൽ നായികയായി. പിന്നീട് ‘അപ്പോത്തിക്കിരി’യിൽ അഭിനയിച്ചു. ഇതിനിടയിൽ ഒരു തമിഴ് സിനിമയും ചെയ്തു.

s2

ഞാനൊരു മടിച്ചിയല്ല

ഞാനൊരു മടിച്ചിയൊന്നുമല്ല. വെറുതേയിരിക്കുന്ന ശീലമേയില്ല. വീട്ടിലുള്ളപ്പോൾ എന്തെങ്കിലുമൊക്കെ എപ്പോഴും ചെയ്തുകൊണ്ടിരിക്കും. ആഭരണങ്ങളുണ്ടാക്കാനും മെഴുകുതിരി നിർമാണവുമൊക്കെ വലിയ ഇഷ്ടമാണ്. നല്ല കേൾവിക്കാരെ കിട്ടിയാൽ വർത്തമാനം പറയാനും വലിയ താൽപര്യമാണ്.

s1

പ്രണയം പിന്നെ വിവാഹം

ഭർത്താവ് ആന്റണി മാത്യു കട്ട സപ്പോർട്ടാണ്. പ്രണയ വിവാഹമായിരുന്നു. ഇപ്പോൾ മൂന്നര വർഷം കഴിഞ്ഞു. ഞങ്ങൾ ഒന്നിച്ചു പഠിച്ചതാണ്. അദ്ദേഹത്തിന് ഫൊട്ടോഗ്രാഫിയിലാണ് കമ്പം. ഇപ്പോൾ ബെംഗളുരുവിൽ ജോലി ചെയ്യുന്നു.

വർക്കൗട്ട്

ഞാൻ നന്നായി വർക്കൗട്ട് ചെയ്യും. പക്ഷേ ഇടയ്ക്ക് ശരീര ഭാരം വല്ലാതെ കൂടി. ധാരാളം വർക്കൗട്ട് ചെയ്തിട്ടും കുറയാൻ പാടായിരുന്നു. ഇപ്പോൾ, കഴിഞ്ഞ ഒരു വർഷത്തെ കഠിനമായ വർക്കൗട്ടിലൂടെ പത്തു കിലോയിലധികം കുറച്ചു. പണ്ട് ഞാൻ വളരെ മെലിഞ്ഞ ഒരാളായിരുന്നു കേട്ടോ. പുതിയ പ്രൊജക്ടുകൾ പലതും വന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നാലെ പറയാം.

s4