Tuesday 09 April 2019 03:11 PM IST

നിന്നെ ഇവിടുന്നു പറഞ്ഞു വിട്ടതല്ലേ, പിന്നെന്തിനാ വന്നേ? ഒരിക്കൽ ഇറക്കിവിട്ട സ്കൂളിൽ അതിഥിയായി എത്തിയ നിമിഷം കരഞ്ഞുപോയി ഞാൻ!

V.G. Nakul

Sub- Editor

s-1

സിയാദ് ഷാജഹാൻ എന്നു പറഞ്ഞാൽ പലർക്കും ആളെ മനസ്സിലാകണമെന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ രമണനായി പകർന്നാടി പ്രേക്ഷകരെ ചിരിപ്പിക്കുന്ന ചെക്കൻ എന്നു പറഞ്ഞാൽ ചിലപ്പോൾ ആളെ പിടികിട്ടിയേക്കും. ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാൽ ‘ആഡാറ് ലൗവി’ൽ അഡാറ് കോമഡിയുമായി എത്തിയ ഫ്രാൻസിസ് ജെ മണവാളൻ ആണ് സാക്ഷാൽ സിയാദ്.

ഡബ്സ്മാഷിലും ടിക് ടോക്കിലും ചിരിയുടെ വെടിക്കെട്ടു തീർക്കുന്നതിനിടെയാണ് സിനിമയിലേക്ക് ചാൻസൊത്തത്. ‘ഒരു അഡാർ ലവ്’ ലെ, മണവാളന്റെ മകനെ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. ഉഴപ്പൻ പ്ലസ് ടൂക്കാരന്റെ സകല നമ്പറുകളും കൈയിലുള്ള, ഫ്രാൻസിസ് ജെ മണവാളനായി തിയേറ്ററുകളിൽ ചിരിയുടെ പുതുമഴ പെയ്യിച്ച സിയാദിന് പക്ഷേ, അത്ര സന്തോഷകരമായ ഒരു സ്കൂൾ കാലമല്ല ഓർമയിലുള്ളത്. അത് പറഞ്ഞു തുടങ്ങുമ്പോഴേ സിയാദിന്റെ ശബ്ദം പതറി, ഓർമ്മകളുടെ ഏതോ തുരുത്തിൽ പെട്ട പോലെ കുറേ നേരം നിശബ്ദനായി.

‘‘മുണ്ടക്കയത്തിനടുത്ത് പെരുവന്താനമാണ് എന്റെ നാട്. സാധാരണ കുടുംബം. ഉപ്പ ഷാജഹാന് വിദേശത്താണ് ജോലി. അമ്മ നൂർജഹാൻ. എനിക്കൊരു ചേട്ടൻ കൂടിയുണ്ട്. ചെറുപ്പം മുതലേ ഞാനൊരു സിനമാ കമ്പക്കാരനാണ്. പഠനത്തിലൊക്കെ പിന്നോട്ടായിരുന്നു. സിനിമ കാണുക, അതിലെ കഥാപാത്രങ്ങളെ അനുകരിച്ച് കൂട്ടുകാരുടെ മുന്നിൽ തമാശ കാണിക്കുക, ഒക്കെയായിരുന്നു പ്രധാന പരിപാടികൾ. വീട്ടുകാര്‍ക്കും ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞാൻ പഠനത്തിൽ എങ്ങുമെത്താൻ പോകുന്നില്ലെന്നു മനസ്സിലായിരുന്നു’’. കടന്നു വന്ന വഴിയേക്കുറിച്ചു ‘വനിത ഓൺലൈനോട്’ സിയാദ് മനസ്സു തുറന്നു.

s2

തുടക്കം ഡബ്സ്മാഷില്‍

ഡബ്സ്മാഷിലാണ് തുടക്കം. അന്നൊക്കെ ഒരു നല്ല മൊബൈൽ ഫോൺ പോലും സ്വന്തമായുണ്ടായിരുന്നില്ല. ആദ്യം ഞാന്‍ ഒറ്റയ്ക്കാണ് വിഡിയോ ചെയ്തിരുന്നത്. പിന്നീട് കൂട്ടുകാരും ചേർന്നു. ഡബ്സ്മാഷിന്റെ സമയ ദൈർഘ്യത്തിലൊതുങ്ങി ചെയ്യാൻ പറ്റില്ല എന്നു മനസ്സിലായതോടെ, ആദ്യം വിഡിയോ ഷൂട്ട് ചെയ്ത ശേഷം അതിൽ വോയ്സ് എഡിറ്റ് ചെയ്ത് ചേർക്കാൻ തുടങ്ങി. അത് ശ്രദ്ധിക്കപ്പെട്ടു. ആളുകൾ നല്ലത് പറഞ്ഞു തുടങ്ങിയപ്പോൾ ആവേശമായി. ചെയ്യുന്ന സീനിൽ കഥാപാത്രങ്ങൾക്കനുസരിച്ചുള്ള കോസ്റ്റ്യൂമൊക്കെ റെഡിയാക്കാൻ തുടങ്ങിയത് അങ്ങനെയാണ്.

വേദനയുടെ ചാൻസ്

സിനിമയോടുള്ള കൊതി കൂടെയുണ്ടെങ്കിലും ജനിച്ചു വളർന്നതൊക്കെ ഒരു നാട്ടുമ്പുറത്തായതിനാൽ പരിമിതികളുണ്ടായിരുന്നു. അതിനിടെ നാടിനടുത്ത് ഒരു സിനിമാ ഷൂട്ടിങ് നടന്നു. അതിന്റെ ലൊക്കേഷൻ മാനേജർ എന്റെ പരിചയക്കാരനായിരുന്നു. അദ്ദേഹം സഹസംവിധായകനെ പരിചയപ്പെടുത്തി. അങ്ങനെ ഒരു ചെറിയ സീനിൽ അവസരം കിട്ടി. മുടിയൊക്കെ വെട്ടി അഭിനയിക്കാൻ തയാറായെങ്കിലും അവസാന നിമിഷം ഒഴിവാക്കി.

വീണ്ടും വേദന

എന്റെ ഡബ്സ്മാഷ് വിഡിയോകളൊക്കെ ഒരുമാതിരി വൈറലായപ്പോൾ, തിരുവനന്തപുരത്ത് നിന്ന് ഒരു സീരിയലിൽ അഭിനയിക്കാൻ വിളിച്ചു. ഞാൻ കടമൊക്കെ വാങ്ങി തിരുവനന്തപുരത്തെത്തിയെങ്കിലും അവർ വഞ്ചിച്ചു. ഞാനവിടെയെത്തി, ആ നമ്പരിൽ വിളിച്ചപ്പോൾ ഫോണെടുക്കുന്നില്ല. നിരശനായി മടങ്ങി വന്ന് നമുക്ക് ഡബ്സ്മാഷും ടിക്ടോക്കുമൊക്കെ മതിയെന്നു തീരുമാനിച്ചിരിക്കെയാണ് ‘കിടു’ എന്ന ചിത്രത്തിലും സുധി കോപ്പ ചേട്ടന്‍ പറഞ്ഞിട്ട് ‘നോൺസെന്‍സ്’ എന്ന ചിത്രത്തിലും ചെറിയ വേഷങ്ങൾ കിട്ടിയത്.

s3

ഒരു അഡാർ ചാൻസ്

‘ഒരു അഡാർ ലവ്’ ന്റെ ഓഡിഷന് പത്തുമൂവായിരം പേരുണ്ടായിരുന്നു. അപ്പോഴേ എന്റെ കോൺഫിഡന്‍സ് തകർന്നു. എന്തൊക്കെയോ കാട്ടിക്കൂട്ടി. പക്ഷേ രണ്ടാമത്തെ ഓഡിഷൻ കഴിഞ്ഞപ്പോൾ എന്നെ തിരഞ്ഞെടുത്തു. ഒമറിക്ക എന്റെ വിഡിയോ നേരത്തേ കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞത്. ലൊക്കേഷൻ അടിപൊളിയായിരുന്നു. രണ്ടാമത്തെ ഷെഡ്യൂളായപ്പോഴേക്കും എല്ലാവരും കമ്പനിയായി. സിനിമ റിലീസായ ശേഷം നാട്ടിലൊക്കെ എല്ലാവർക്കും വലിയ കാര്യമാണ്. മുൻപും നാട്ടുകാരൊക്കെ വലിയ സപ്പോർട്ടായിരുന്നു.

ഇറക്കി വിട്ടിടത്ത് അതിഥിയായി മടങ്ങി വരവ്

മുണ്ടക്കയത്തെ പബ്ലിക് സ്കൂളിലാണ് ഞാൻ പഠിച്ചിരുന്നത്. പത്താം ക്ലാസിൽ നൂറു ശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്കൂളാണ്. പക്ഷേ, എന്റെ കാര്യത്തിൽ യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. അതോടെ ഏഴാം ക്ലാസ് ആയപ്പോൾ എന്നോട് സ്കൂൾ മാറണമെന്ന് ആവശ്യപ്പെട്ടു. ഞാൻ സമ്മതിച്ചില്ല. എന്റെ കൂട്ടുകാരൊക്കെ അവിടെയാണ്. എനിക്കവിടം വിട്ടു പോകുക ചിന്തിക്കാനാകുമായിരുന്നില്ല. ഉമ്മ കാല് പിടിച്ചു പറഞ്ഞപ്പോൾ അവർ വഴങ്ങി. പക്ഷേ എട്ടാം ക്ലാസിൽ നിർബന്ധപൂർവം എന്നെ പറഞ്ഞു വിട്ടു. അതെനിക്ക് താങ്ങാനായില്ല. പുതിയ സ്കൂളിൽ ഞാൻ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

പഴയ സ്കൂളിലെ വാർഷിക ദിവസം വലിയ ആഘോഷമാണ്. അങ്ങനെ ഞാൻ വാർഷികം കാത്തിരിക്കാൻ തുടങ്ങി. ആ വർഷം വാർഷിക ദിവസം കൂട്ടുകാരെ കാണാനും ആഘോഷങ്ങളിൽ പങ്കെടുക്കാനുമുള്ള കൊതിയോടെയാണ് ഞാൻ സ്കൂളിലെത്തിയത്. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ഒരു ടീച്ചർ അടുത്തു വന്ന്, ‘‘നിന്നെ ഇവിടുന്നു പറഞ്ഞു വിട്ടതല്ലേ, പിന്നെന്തിനാ വന്നേ’’ എന്നും ചോദിച്ച് ദേഷ്യപ്പെടാൻ തുടങ്ങി. എനിക്കത് താങ്ങാനായില്ല. കരഞ്ഞു കൊണ്ടാണ് അന്നവിടെ നിന്നിറങ്ങിപ്പോന്നത്.

s4

സിനിമയിൽ എത്തിയ ശേഷം, ഈ വർഷത്തെ വാർഷിക ആഘോഷത്തിന് എന്നെ അവിടെ അതിഥിയായി ക്ഷണിച്ചു. വലിയ സ്വീകരണമായിരുന്നു. ഞാൻ സംസാരിക്കുന്നതിനിടെ പഴയ അനുഭവം പറഞ്ഞു. അപ്പോഴും കണ്ണുകൾ നിറഞ്ഞു. പരിപാടിക്കു പോകും മുമ്പ്, ‘നീയിത് അവിടെ പറയണം’ എന്ന് എന്റെ ചേട്ടനും പറഞ്ഞിരുന്നു.

ഉമ്മയ്ക്കൊരു സമ്മാനം

പ്ലസ് ടൂ കഴിഞ്ഞ് ഗ്രാഫിക്സ് ഡിസൈനിങ് പഠിക്കുന്നതിനിടെയാണ് ‘ഒരു അഡാർ ലവ്’ ൽ അവസരം ലഭിച്ചത്. വീട്ടിൽ എല്ലാവരും വലിയ സപ്പോർട്ടാണ്. ഇവൻ ഇതിലെങ്കിലും ഒന്നു രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയാണ് അവർക്ക്. ഡബ്സ്മാഷ് ചെയ്യാൻ, ഉമ്മ അയൽ കൂട്ടത്തിൽ നിന്ന് കടം വാങ്ങിയാണ് എനിക്കൊരു നല്ല ഫോൺ വാങ്ങിത്തന്നത്. സിനിമയിൽ നിന്ന് പ്രതിഫലം കിട്ടിയപ്പോൾ ഞാൻ ഉമ്മയ്ക്കൊരു വള വാങ്ങിക്കൊടുത്തു... അപ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.