Wednesday 17 October 2018 05:17 PM IST : By സ്വന്തം ലേഖകൻ

‘ഡിസംബറിന്റെ നഷ്ടം’; ഇന്ന് സ്മിത പാട്ടീലിന്റെ 63–ാം ജൻമദിനം

smitha-new

ഡിസംബറിന്റെ നഷ്ടമാണ് സ്മിത പാട്ടീൽ. മരണത്തിന്റെ മാറിൽ ചാഞ്ഞ് 30 വർഷം പിന്നിട്ടിട്ടും, ‘ഇപ്പോഴും ഏതൊരു ഇന്ത്യൻ നടിയും നാട്യമികവിൽ മത്സരിക്കുന്നത് സ്മിത അനശ്വരമാക്കിയ കഥാപാത്രങ്ങളൊടാണെന്ന’ വാചകം മതി ആ പ്രതിഭയുടെ ആഴമളക്കാൻ. ജീവിച്ചിരുന്നെങ്കിൽ ആ അഭിനയ പുഷ്പത്തിന് ഇന്ന് 63 വയസ്സ് തികയുമായിരുന്നു. മകൻ പ്രതീകിന് ജന്മം നല്‍കി ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ പ്രസവാന്തരമുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം സ്മിത മരണത്തിന് കീഴടങ്ങി. സ്മിത പാട്ടീൽ–രാജ് ബബ്ബർ ദമ്പതികളുടെ ഏക മകനായ പ്രതീക് ബബ്ബർ ഇപ്പോൾ ബോളിവുഡിലെ യുവനടൻമാരിൽ ശ്രദ്ധേയനാണ്. മകനെ കൺ നിറയെ കാണാനാകാതെ ആ അമ്മയും അമ്മയുടെ ജീവനുള്ള ഒരു ഓർമ്മ സൂക്ഷിക്കുവാൻ ഭാഗ്യം ലഭിക്കാതെ മകനും ഒരേ വിധിയുടെ രണ്ട് തുമ്പുകളായി.

“ഒരു ദിവസം, ഞാൻ വളർന്നു വലുതായി തലയുയർത്തി പിടിച്ച്, മനോഹരവും ആഴമേറിയതും കടുത്ത ചാരനിറവുമുള്ള നിങ്ങളുടെ ആ വലിയ മിഴികളിലേക്ക് നോക്കി പറയും: നിങ്ങളുടെ മകനാവാൻ ഞാൻ അർഹനായിരിക്കുന്നുവെന്ന്…. നിങ്ങളീ ലോകം മുഴുവൻ സ്വന്തമാക്കി. എന്റെ ലോകം നിങ്ങളാവാനാണ് ഞാനാഗ്രഹിച്ചത്. എന്റെ ജീവിതത്തിന്റെ പകുതിയോളം അമ്മയ്ക്ക് അഭിമാനം തോന്നുന്ന മകനാവാനാണ് ഞാൻ ശ്രമിച്ചത്”. അമ്മയുടെ ഓർമ്മകൾ നിറയുന്ന ദിനത്തിൽ ഈ കുറിപ്പെഴുതുമ്പോൾ പ്രതീകിന്റെ ഹൃദയം നൊമ്പരപ്പുഴ തൊട്ട് നനഞ്ഞിട്ടുണ്ടാകും.

ഇങ്ങനെയൊരു നടി ഇനി സാധ്യമല്ലെന്ന തരത്തിൽ ഒന്നിനൊന്ന് വ്യത്യസ്തവും പൂർണ്ണവുമായിരുന്നു സ്മിത ജീവനും രൂപവും പകർന്ന കഥാപാത്രങ്ങൾ. മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശിവാജിറാവു പാട്ടിലിന്റെ മകളാണ് സ്മിത. ദൂരദർശനിൽ അവതാരകയായിരുന്ന സ്മിതയെ ശ്യാം ബെനഗലാണ് ബോളിവുഡിലേക്ക് കൈ പിടിച്ച് നടത്തിയത്. 1974 ൽ, സുരേഷ് കുമാർ ശർമ്മ സംവിധാനം ചെയ്ത ‘മേരേ സാത് ചൽ’ ആദ്യ ചിത്രം. 1989 ൽ ‘ഗലിയോൺ കെ ബാദ്ഷാ’യാണ് അവസാന ചിത്രം.

വളരെ ശ്രദ്ധയോടെ മാത്രം സിനിമകൾ തിരഞ്ഞെടുത്ത സ്മിതയുടെ സൂക്ഷ്മത അതാത് സിനിമകളിലെ കഥാപാത്രങ്ങളിൽ കാണാം. മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരമുൾപ്പടെ അംഗീകാരങ്ങളുടെ ആശിർവാദം പല തവണ സ്മിതയെ തേടിയെത്തി. സത്യജിത് റായ്, മൃണാല്‍ സെന്‍, ശ്യാം ബെനഗല്‍, ഗോവിന്ദ് നിഹലാനി തുടങ്ങിയ ഇതിഹാസങ്ങളുടെ ആക്ഷനും കട്ടിനുമിടയിലാണ് സ്മിത അഭിനയത്തിന്റെ കടൽതാളമായത്. അർഥ്, ഭൂമിക, മിർച്ചി മസാല, ചക്ര, സുഭഹ്, ആഖിർ കോൻ, നമക് ഹലാൽ, ശക്തി, അനോഖ രിഷ്താ, അൻഗാരെ, നസ്രാന, അമൃത്, ഭീഗി പാല്‍ക്കന്‍, ആജ് കീ ആവാസ്, തുടങ്ങി 75 ലേറെ സിനിമകൾ സ്മിതയുടെതായുണ്ട്. ‘യഥാർത്ഥ നടി’ എന്ന് സംശയലേശമന്യേ വിളിക്കാവുന്ന പ്രതിഭയുടെ തൂക്കമായിരുന്നു അവർ. അതായത്, ശബാന ആസ്മിയോ സ്മിതാ പാട്ടീലോ എന്ന തർക്കത്തിൽ സ്മിതയുടെ തട്ട് എപ്പോഴും അൽപ്പം താന്ന് തന്നെയായിരുന്നു. 1985 ൽ ജി.അരവിന്ദന്റെ ‘ചിദംബരം’ എന്ന ചിത്രത്തില്‍ ശ്രീനിവാസനൊപ്പം മലയാളത്തിലും അവർ സാന്നിധ്യമറിയിച്ചു. 1986 ഡിസംബർ 13 ന് 31-ാം വയസ്സിൽ മരണത്തിന്റെ കരം പിടിക്കുമ്പോൾ അനാഥമായത് എത്രയെത്ര സാധ്യതകളാണ്, സ്മിതയ്ക്ക് പകരം വയ്ക്കാൻ സ്മിത മാത്രമെന്ന സത്യത്തിൽ മുങ്ങി...