Saturday 14 December 2019 01:59 PM IST

‘അങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്, ആഗ്രഹിച്ചത് രജിസ്റ്റർ മാര്യേജ്’! പ്രണയം പറയാതെ ഒന്നിച്ച കഥ പറഞ്ഞ് സ്നേഹ

V.G. Nakul

Sub- Editor

s1

മലയാളികൾക്ക്, ശ്രീകുമാറും സ്നേഹ ശ്രീകുമാറും മണ്ഡോധരിയും ലോലിതനുമാണ്. ചിരിയുടെ നായികാ നായകൻമാരായി, ‘മറിമായം’ എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ താരപദവി നേടിയ അഭിനേതാക്കൾ. സ്ക്രീനിലെ ജോഡികൾ ജീവിതത്തിലും ഒന്നിക്കുമ്പോൾ, നിറഞ്ഞ മനസ്സോടെയാണ് പ്രേക്ഷകർ ആ സന്തോഷം ഏറ്റെടുത്തത്.

മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തനതായ അഭിനയ ശൈലിയിലൂടെ തങ്ങളുടെ ഇടം സ്വന്തമാക്കിയവരാണ് ശ്രീകുമാറും സ്നേഹയും. ‘മഴവിൽ മനോരമ’യിലെ ‘മറിമായം’ എന്ന ജനപ്രിയ പരമ്പര ഇരുവരുടെയും കരിയറില്‍ എന്ന പോലെ, ജീവിതത്തിലും വഴിത്തിരിവായിരിക്കുന്നു.

വിവാഹത്തിന്റെ രണ്ടാം ദിവസം, വിവാഹ വിശേഷങ്ങളെക്കുറിച്ചു സംസാരിക്കാനായി സമീപിക്കുമ്പോൾ ‘മറിമായ’ത്തിന്റെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു സ്നേഹ.

‘‘ഇന്ന് ടൈറ്റ് ഷെഡ്യൂളാണ്. കുറച്ചു ദിവസത്തെ ബ്രേക്കിനു ശേഷമാണ് വീണ്ടും സെറ്റിലെത്തിയത്. ഷൂട്ട് കഴിഞ്ഞ്, നമുക്കു വൈകുന്നേരം സംസാരിക്കാം’’.– സ്നേഹ പറഞ്ഞു. തിരക്കു കാരണം സംസാരം പിറ്റേന്നത്തേക്കു നീണ്ടു. രാവിലെ വീണ്ടും വിളിക്കുമ്പോൾ, പനിയുടെ ക്ഷീണത്തിലും ഉൻമേഷം കൈവിടാതെ, വിവാഹ വിശേഷങ്ങളെക്കുറിച്ച് സ്നേഹ ‘വനിത ഓൺലൈനോ’ട് സംസാരിച്ചു തുടങ്ങി.

‘‘വിവാഹം കഴിഞ്ഞ് വീണ്ടും ഷൂട്ടിങ്ങിന്റെ തിരക്കിലായി. ‘മറിമായ’ത്തിലും ‘ത്രീ കുട്ടീസി’ലുമാണ് ഇപ്പോൾ അഭിനയിക്കുന്നത്. ഇനി രണ്ടു മൂന്നു ദിവസം ബ്രേക്ക് ഉണ്ട്. ഉടൻ വരാനുള്ള എപ്പിസോഡുകളാണ് കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്തത്. ശ്രീ ഈ ദിവസങ്ങളിൽ ഫ്രീ ആണ്. അതിനു ശേഷം പുതിയ നാടകത്തിന്റെ ജോലികളിലേക്കു കടക്കും. ജീവിതത്തിനു വേണ്ടി അഭിനയത്തിലോ അഭിനയത്തിനു വേണ്ടി ജീവിതത്തിലോ കോംപ്രമൈസില്ല’’.– ചിരിയോടെ സ്നേഹ പറഞ്ഞു തുടങ്ങി.

s3

വാർത്ത ആക്കണം എന്നില്ലായിരുന്നു

വിവാഹം ഒരു വാർത്ത ആക്കണം എന്നൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങളെ സംബന്ധിച്ച്, കുടുംബങ്ങളും വളരെ അടുത്ത ആളുകളും മാത്രം പങ്കെടുക്കുന്ന വളരെ ചെറിയ ഒരു ചടങ്ങായിരുന്നു താൽപര്യം. എന്നു വച്ച്, സീക്രട്ട് ആയി വയ്ക്കണം എന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഞങ്ങൾ പറയും മുമ്പേ വിവാഹ വാർത്ത പുറത്തു വന്നു.

s4

പ്രേക്ഷകരുടെ അനുഗ്രഹം

മലയാളികൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് സന്തോഷം. ‘മറിമായം’ ആണ് എന്റെ ആദ്യത്തെ ടെലിവിഷൻ ഷോ. ആ പരമ്പര പ്രേക്ഷകർ സ്വീകരിച്ചില്ലായിരുന്നു എങ്കിൽ സ്നേഹ എന്ന നടി ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്. ശ്രീയോടൊപ്പം ജീവിക്കാൻ തീരുമാനിച്ചപ്പോഴും പ്രേക്ഷകരുടെ അനുഗ്രഹം ലഭിച്ചു. ആ സ്നേഹം എപ്പോഴും ഉണ്ടാകണം എന്നാണ് പ്രാർത്ഥന.

അങ്ങനെ ഒരാളാണല്ലോ കൂടെ വേണ്ടത്

ഇഷ്ടമാണ് എന്നൊന്നും ഞാനും ശ്രീയും പരസ്പരം പറഞ്ഞിട്ടില്ല. പ്രൊപ്പോസ് ചെയ്യലും ഉണ്ടായിരുന്നില്ല. എല്ലാം കൃത്യമായി സംഭവിക്കുകയായിരുന്നു. ജീവിത സാഹചര്യങ്ങളുമായൊക്കെ ബന്ധപ്പെട്ട്, ഒന്നിച്ചു നിൽക്കാം എന്നു തോന്നുകയായിരുന്നു. അല്ലാതെ ആ തീരുമാനം എടുത്തത് ഏത് ദിവസമാണ്, ഏത് സമയത്താണ് എന്നൊന്നും പറയാൻ പറ്റില്ല. പ്രണയം ഉണ്ടായിരുന്നു. എന്നാൽ അതിനെക്കാൾ, നമ്മളെ മനസിലാക്കുന്ന ഒരാൾ, നമ്മുടെ കൂടെ നിൽക്കുന്ന ഒരാൾ എന്നതിനായിരുന്നു പരിഗണന. അങ്ങനെ ഒരാൾ തന്നെയാണല്ലോ കൂടെ വേണ്ടതും. അങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്. ഞങ്ങൾക്കിടയിൽ ആഴമുള്ള ഒരു സൗഹൃദമുണ്ട്. മറിമായം ടീം മൊത്തം അങ്ങനെയാണ്. മറിമായം ഒരു കുടുംബം പോലെയാണ്. എല്ലാവരും പരസ്പരം എല്ലാം തുറന്നു പറയാറുണ്ട്. എല്ലാവർക്കും എല്ലാവരുടെയും ജീവിതത്തെക്കുറിച്ച് അറിയാം.

s2

ആഗ്രഹിച്ചത് ചെറിയ ചടങ്ങ്

കല്യാണം കഴിക്കാം എന്നത് അടുത്ത കാലത്താണ് തീരുമാനിച്ചത്. കുറച്ചേ ആയുള്ളൂ. രജിസ്റ്റർ മാര്യേജ് എന്നതായിരുന്നു ഞങ്ങളുടെ പ്ലാൻ. പക്ഷേ, വീട്ടുകാരുടെ ആഗ്രഹവും താൽപര്യവും പരിഗണിച്ചാണ് താലി കെട്ടി, കല്യാണമായിട്ട് നടത്താം എന്നു തീരുമാനിച്ചത്. എന്നാൽ ചടങ്ങ് ചെറുതു മതി, ആർഭാടങ്ങളൊന്നും വേണ്ട എന്നു പറഞ്ഞിരുന്നു.