Saturday 06 April 2019 03:54 PM IST : By സ്വന്തം ലേഖകൻ

ഞാനോ അതോ നീയോ ? തമ്മിലടിച്ച് സൊനാക്ഷിയും പരിനീതിയും

sonakshi-new

കഥാപാത്രത്തിന്റെ പ്രാധാന്യത്തെച്ചൊല്ലി, ബോളിവുഡ് സുന്ദരിമാരായ സൊനാക്ഷി സിൻഹയും പരിനീതി ചോപ്രയും തമ്മിലടിക്കുന്നതായി റിപ്പോർട്ട്. ഇരുവരും നായികമാരായെത്തുന്ന പുതിയ ചിത്രമാണ് ‘ഭുജ്: ദ പ്രൈഡ് ഓഫ് ഇന്ത്യ’. എന്നാൽ ചിത്രത്തില്‍ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ ചൊല്ലി സൊനാക്ഷിയും പരിനീതിയും തമ്മില്‍ ശീതസമരത്തിലാണെന്നാണ് വാർത്ത. പരിനീതി ഇതു സംബന്ധിച്ച് അണിയറപ്രവര്‍ത്തകരോട് പരാതി പറഞ്ഞതായും കേൾക്കുന്നു.

ചിത്രത്തില്‍ താനാണ് നായികയെന്ന് സൊനാക്ഷി പറഞ്ഞതാണത്രേ പരിനീതിയെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് പരിനീതി പരാതി പറഞ്ഞത്. രണ്ടുപേരുടെയും കഥാപാത്രങ്ങള്‍ തുല്യ പ്രാധാന്യമുള്ളതാണെന്നാണ് പരിനീതി ചോപ്ര കരുതിയിരിക്കുന്നത്. അതിനാൽ താനാണ് നായിക എന്ന് സൊനാക്ഷി സിൻഹ പറയുന്നത് ശരിയല്ലെന്നും പരിനീതി പറയുന്നു.

അതേ സമയം രണ്ടുപേരും ഒരുമിച്ച് അഭിനയിക്കാൻ തയാറാകാത്തിടംവരെ കാര്യങ്ങള്‍ എത്തിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ വേഷത്തിലാണ് സോനാക്ഷി സിൻഹ ചിത്രത്തിൽ. പരിനീതി ലാഹോറിലെ ഇന്ത്യൻ ഏജന്റായുമെത്തുന്നു. അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തിലെ നായകൻ.