മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് സോണിയ ജോസ്. അഭിനയ ജീവിതത്തിന്റെ 25 വർഷം പിന്നിട്ട സോണിയ,‘പൂക്കാലം വരവായി’ എന്ന ജനപ്രിയ പരമ്പരയിലെ ശർമിള എന്ന കഥാപാത്രമായി കുടുംബസദസ്സുകളിൽ നിറഞ്ഞു നിൽക്കുകയാണ് ഇപ്പോൾ.
കഴിഞ്ഞ ദിവസം ‘വനിത ഓൺലൈനി’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തന്റെ അഭിനയ–വ്യക്തി ജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നപ്പോൾ, സിനിമയിൽ താൻ കൈവിട്ട വലിയ രണ്ട് അവസരങ്ങളെക്കുറിച്ചും സോണിയ തുറന്നു പറഞ്ഞിരുന്നു.
സിദ്ധിഖ്–ലാൽ സംവിധാനം ചെയ്ത്, മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘വിയറ്റ്നാം കോളനി’യിലെ നായികയായി സംവിധായകൻ ആദ്യം തീരുമാനിച്ചത് സോണിയയെ ആയിരുന്നു. എന്നാൽ, ചർച്ചകൾക്കിടെ വീട്ടിലെ എതിർപ്പ് കടുത്തപ്പോൾ ചിത്രത്തിൽ നിന്ന് സോണിയ പിൻമാറുകയായിരുന്നു. പിന്നീട് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് കനകയാണ്. ചിത്രം കനകയ്ക്ക് മലയാളത്തിൽ വൻ ബ്രേക്കായി.
ഈ സംഭവം സോണിയ വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സോണിയ നുണ പറയുന്നു എന്ന തരത്തിലായിരുന്നു അതിന് ചിലരുടെ കമന്റുകൾ. അതിൽ ചിലത് താരത്തെ പരിഹസിക്കുന്ന തരത്തിലുള്ളതായിരുന്നു. എന്നാൽ താൻ പറഞ്ഞതിൽ തരിമ്പും കള്ളമില്ലെന്ന്, തെളിവു സഹിതം സോഷ്യൽ മീഡിയയ്ക്ക് മറുപടി നൽകുകയാണ് ‘വനിത ഓൺലൈനി’ലൂടെ സോണിയ. ചിത്രത്തിന്റെ ചർച്ചകളുടെ ഭാഗമായി പകർത്തിയ, സിദ്ധിഖ് – ലാലിനൊപ്പം ഉള്ള തന്റെ ചിത്രങ്ങൾ താരം പ്രതികരണത്തിനൊപ്പം പങ്കുവയ്ക്കുന്നു.

‘‘ഞാൻ കള്ളം പറയുന്നു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ച. ഇങ്ങനെയൊക്കെ ആരെങ്കിലും നുണ പറയുമോ ? പറഞ്ഞിട്ട് എനിക്കെന്താണ് നേട്ടം ? ആ അവസരം നഷ്ടപ്പെട്ടതിൽ പോലും സങ്കടം തോന്നാത്ത ഞാൻ അങ്ങനെ ഒരു അവസരം കിട്ടിയെന്ന് നുണ പറഞ്ഞ് സന്തോഷിക്കുന്നതെന്തിന് ? അതുകൊണ്ടു മാത്രമാണ്, വിമർശകർ സത്യം മനസ്സിലാക്കുന്നതിന് വേണ്ടി ഈ ചിത്രങ്ങൾ ഇപ്പോൾ പങ്കുവയ്ക്കുന്നത്’’. – സോണിയ പറയുന്നു.
‘മലയാള മനോരമ ആഴ്ചപ്പതിപ്പി’ൽ വന്ന സോണിയയുടെ മുഖചിത്രം കണ്ടാണ് ‘വിയറ്റ്നാം കോളനി’യിലേക്ക് നായികയായി വിളിച്ചത്. പക്ഷേ, അച്ഛൻ സമ്മതിച്ചില്ല. അതേ സമയത്ത് ‘കമലദള’ത്തിലേക്കും ഒരു പ്രധാന വേഷത്തിനായി വിളിച്ചിരുന്നു. അതും വീട്ടിൽ സമ്മതിച്ചില്ല. അതിൽ സങ്കടമൊന്നും തോന്നുന്നില്ലെന്നും എല്ലാം നല്ലതിനു വേണ്ടി എന്നു ചിന്തിക്കുന്ന ആളാണ് താനെന്നുമാണ് അഭിമുഖത്തിൽ സോണിയ പറഞ്ഞത്. ഇതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായതും താരം മറുപടിയുമായി രംഗത്തെത്തിയതും.
‘‘അന്ന് വിയറ്റ്നാം കോളനിയുടെ ചർച്ചകളുടെ ഭാഗമായി തയാറാക്കിയ ആൽബത്തിലെ ചിത്രങ്ങളാണ് ഇവ. സിനിമയിൽ നിന്നു പിൻമാറിയപ്പോൾ അച്ഛൻ അത് തിരികെ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നു. അതെന്തായാലും ഇപ്പോൾ നന്നായി’’. – സോണിയ ചിരിയോടെ പറയുന്നു.

കോട്ടയം, മാങ്ങാനം സ്വദേശിയാണ് സോണിയ. ഡോക്യുമെന്ററികളിലൂടെയും ടെലിഫിലിമുകളിലൂടെയും അഭിനയ രംഗത്തെത്തിയ സോണിയ, വീട്ടിലെ എതിർപ്പു കുറഞ്ഞപ്പോൾ ‘കടൽ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. ഇതിനോടകം നാൽപ്പതിൽ അധികം സിനിമകളിൽ അഭിനയിച്ചു. ‘മാനത്തെ കൊട്ടാര’ത്തിൽ ഇന്ദ്രന്‍സിന്റെ ജോഡിയായി ചെയ്ത കോമഡി ക്യാരക്ടർ ഹിറ്റായിരുന്നു.