Saturday 09 March 2019 04:08 PM IST

മലയാള സിനിമയിലെ ‘ഡ്രോൺ’! ആകാശത്തു നിന്ന് കാഴ്ചകൾ ഒപ്പിയെടുത്തത് 33 സിനിമകൾക്കു വേണ്ടി, ബിബിസി കേരളം പിടിക്കാൻ വന്നപ്പോഴും വിളിച്ചത് സൂരജിനെ

V.G. Nakul

Sub- Editor

s1

സൂരജ് ലൈവ് എന്ന ചെറുപ്പക്കാരനില്ലാതെ മലയാള സിനിമ ഇപ്പോൾ മുകളിൽ നിന്നുള്ള കാഴ്ചകളൊന്നും കാണില്ല. വിഷുവിന് തിയേറ്ററിലെത്തുന്ന സകല സിനിമകളിലും സൂരജിന്റെ സാന്നിധ്യമുണ്ട്. ഒന്നുമങ്ങോട്ട് പിടി കിട്ടിയില്ല, അല്ലേ... വ്യക്തമാക്കാം. മലയാള സിനിമയിലെ ‘ഡ്രോൺ മാനാ’ണ് സൂരജ് ലൈവ് എന്ന കോട്ടയംകാരൻ. ഇപ്പോൾ, ആകാശത്തു നിന്നുള്ള വിശാലമായ കാഴ്ചകൾ മലയാള സിനിമയ്ക്കു വേണ്ടി പകർത്തുന്നത് സൂരജാണ്.

കല്യാണ വീടുകളിലും പൊതു ചടങ്ങുകളിലുമൊക്കെ, അന്തരീക്ഷത്തിലേക്കു പൊങ്ങിപ്പറന്ന് വിശാലമായ കാഴ്ചകൾ ഒപ്പിയെടുക്കുന്ന ഡ്രോൺ എന്ന യന്ത്രപ്പറവയെ എല്ലാവർക്കും പരിചയമുണ്ടാകും. എന്നാൽ, കുതിരവട്ടം പപ്പു ഒരു സിനിമയിൽ പറഞ്ഞ പോലെ ‘അതൊക്കെ ചെറുത്...’ എന്നു തോന്നും സൂരജിന്റെ വിശേഷങ്ങൾ കേട്ടാൽ.

s3

സിനിമയില്‍ ഇപ്പോൾ വൈഡ് ആങ്കിളുകൾക്കു വേണ്ടി ഡ്രോൺ ഷോട്ടുകൾ ധാരാളമായി ഉപയോഗിക്കുന്നു. ഇൻട്രൊഡക്ഷൻ സീനുകൾക്കും, ഗാനരംഗങ്ങൾക്കുമൊക്കെ ഡ്രോൺ ഉപയോഗിച്ചുള്ള ഛായാഗ്രഹണം സർവസാധാരണമായി മാറി.

s5

ഈ മേഖലയിൽ മലയാള സിനിമ ഏറ്റവുമധികം ഉപയോഗിക്കുന്നത് സൂരജിനെയാണ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകൻമാരായ ‘ഷാജഹാനും പരീക്കുട്ടിയും’ മുതൽ, റിലീസിനൊരുങ്ങുന്ന ലൂസിഫറും മധുരരാജയും വരെ 33 സിനിമകൾക്ക് ആകാശക്കാഴ്ചയുടെ സൗന്ദര്യം പകര്‍ന്നിരിക്കുന്നത് സൂരജിന്റെ ക്യാമറാപ്പറവയാണ്.

‘‘അഞ്ച് വർഷത്തിനുള്ളിലേ ആയിട്ടുള്ളൂ, മലയാള സിനിമയിൽ ഡ്രോൺ സർവസാധാരണമായി ഉപയോഗിച്ചു തുടങ്ങിയിട്ട്. അതിനു മുൻപ് അത്തരം ഷോട്ടുകൾ ഹെലികോപ്റ്റർ ഉപയോഗിച്ച് വളരെ പണം മുടക്കിയാണ് ചിത്രീകരിച്ചിരുന്നത്. ഡ്രോണിന്റെ വരവോടെ ചീപ്പ് റേറ്റിൽ അവ ചിത്രീകരിക്കാമെന്നായി. ക്വാളിറ്റിയിലോ ക്ലാരിറ്റിയിലോ കുറവുണ്ടാകില്ല. മൂവി ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്ത പോലെയുണ്ടാകും ദൃശ്യങ്ങൾ’’.

തന്റെ ‘ഡ്രോൺ കഥകൾ’ സൂരജ് ‘വനിത ഓൺലൈനോ’ട് സംസാരിച്ചു തുടങ്ങിയതിങ്ങനെ.

s2

‘‘പല സിനിമകളിലും അധികം ഡ്രോൺ ഷോട്ടുകൾ ഉണ്ടാകില്ല. കുറച്ചു ദിവസത്തെ വർക്കേ കാണൂ. ‘കോടതി സമക്ഷം ബാലൻ വക്കീലി’ൽ പതിനഞ്ചു ദിവസമായിരുന്നു ജോലി. പക്ഷേ ലൂസിഫറിൽ 40 ദിവസമുണ്ടായിരുന്നു. ചിത്രത്തിൽ ധാരാളം ഡ്രോൺ ഷോട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്’’.

കോട്ടയം കഞ്ഞിക്കുഴിയിൽ സൂരജ് സ്വന്തമായി ഒരു എഡിറ്റിങ് ലാബ് നടത്തുന്നുണ്ട്. പക്ഷേ, ഇപ്പോൾ സിനിമയിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്.

ക്രാഫ്റ്റാണ് പ്രധാനം

പലപ്പോഴും നമ്മുടെ ഐഡിയ കൂടി പരിഗണിച്ചാകും ഇത്തരം ഷോട്ടുകൾ പ്ലാൻ ചെയ്യുക. ചില സംവിധായകര്‍ അഭിപ്രായം ചോദിക്കും. ഡ്രോൺ പറപ്പിക്കുന്ന ആളുടെ ക്രാഫ്റ്റ് പ്രധാനമാണ്. ക്വാളിറ്റിയിൽ പിഴവു വരുത്താതെ നല്ല ഔട്ട്പുട്ട് കൊടുക്കുകയാണ് പ്രധാനം. എന്തായാലും ഈ മേഖലയിൽ ഇപ്പോൾ വലിയ മത്സരമായിട്ടില്ല.

വർഷങ്ങൾക്കു മുമ്പ്, കേരളത്തിൽ ഡ്രോൺ സംവിധാനം ഉപയോഗിച്ചു തുടങ്ങിയിട്ടില്ലാത്ത കാലത്ത്, പാർട്സുകൾ കൊണ്ടു വന്ന് സ്വന്തമായി അസംബ്ലി ചെയ്ത് സൂരജ് ഒരു ഡ്രോൺ ഉണ്ടാക്കിയെടുക്കുകയായിരുന്നു. പത്രങ്ങളിലൊക്കെ ചിത്രങ്ങളെടുത്തായിരുന്നു തുടക്കം.

ഇത് ചെറിയ കളിയല്ല

2014 മുതലാണ് ഡ്രോൺ ഇവിടെ സാധാരണമായത്. ഡി.ജെ.ഐ യാണ് ഈ മേഖലയിലെ ടോപ്പ് കമ്പനി. അവരുടെ ‘ഇൻസ്പെയർ ടു എക്സ് സെവൻ’ എന്ന മോഡലാണ് ഞാൻ ഉപയോഗിക്കുന്നത്. 13 ലക്ഷം രൂപയാണ് വില. കല്യാണമുൾപ്പടെ ചെറിയ വർക്കുകൾക്കായി ധാരാളം ടീമുകൾ ഇപ്പോൾ സജീവമാണ്. ഒന്നും രണ്ടും ലക്ഷം രൂപ വിലവരുന്ന ചെറിയ മോഡലുകളാണ് അവർ ഉപയോഗിക്കുന്നത്.

s4

ഒരു സുഹൃത്ത് വഴിയാണ് ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലേക്ക് സൂരജിന് അവസരം ലഭിച്ചത്. തുടർന്ന് ഓരോരോ അവസരങ്ങളായി തേടിയെത്തിക്കൊണ്ടിരുന്നു. ബിബിസിയ്ക്കു വേണ്ടി കേരളാ ട്രാവൽ ഡോക്യുമെന്ററി ചിത്രീകരിച്ചതും സൂരജാണ്. വിഷുവിന് തിയേറ്ററിലെത്തുന്ന ലൂസിഫർ, മധുരരാജ, അതിരൻ, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, ചിൽഡ്രൻസ് പാർക്ക് തുടങ്ങി എല്ലാ ചിത്രങ്ങളിലും സൂരജിന്റെ സാന്നിധ്യമുണ്ട്.

റിസ്ക്കിന്റെ പറക്കൽ

വലിയ റിസ്ക്ക് ഇതിനോടൊപ്പമുണ്ട്. പതിമൂന്ന് ലക്ഷം രൂപയാണ് പറത്തി വിടുന്നത്. താഴേക്കു വരുമെന്ന് യാതോരു ഉറപ്പുമില്ല. താഴെ വീഴാനുള്ള സാധ്യതയും കൂടുതലാണ്. നടുക്കടലിലൊക്കെ ഷൂട്ട് ചെയ്യുമ്പോൾ റിസ്ക്ക് ഇരട്ടിയാണ്. കടുത്ത കാറ്റോ, ബാറ്ററിയുടെ പ്രശ്നമോ മതി, സംഗതി പാളാൻ. പണ്ടോരു ചെറിയ ഡ്രോൺ വെള്ളത്തിൽ പോയ അനുഭവമുണ്ട്. കാലവും ടെക്നോളജിയും മാറിയതോടെ കുറച്ചു കൂടി സേഫാണെന്നു മാത്രം...

പുതിയ സിനിമകളുടെ ആകാശക്കാഴ്ചകളിലേക്കു കണ്ണു നട്ട് സൂരജ് പറഞ്ഞു നിർത്തി.