Saturday 11 May 2019 09:10 AM IST : By സ്വന്തം ലേഖകൻ

‘ഇറ്റ്സ് എ ബോയ്’! മകന്റെ ചിത്രം പങ്കുവച്ച് സൗബിൻ

saubin-shahir

അച്ഛനായ സന്തോഷം പങ്കുവച്ച് ഏറെക്കഴിയും മുമ്പേ, മകന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട് സൗബിൻ ഷാഹിർ.

ഇന്നലെ വൈകുന്നേരത്തോടെയാണ് താന്‍ അച്ഛനായ വിവരം സൗബിൻ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. പിന്നാലെ ഭാര്യ ജാമിയയുടെ കൈയില്‍ ഇരിക്കുന്ന ആണ്‍കുഞ്ഞിന്റെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.

‘ഇറ്റ്സ് എ ബോയ്’ എന്നെഴുതിയ നീല ബലൂണുകളും പിടിച്ചു നിൽക്കുന്ന സൗബിന്റെ ചിത്രം സഹിതമാണ് ഈ സന്തോഷ വാർത്ത ആദ്യം ജനമറിഞ്ഞത്. പിന്നാലെ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രവും വന്നു.

2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും ജാമിയയുടെയും വിവാഹം. കോഴിക്കോട് സ്വദേശിനിയാണ് ജാമിയ. ദീർഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്.

സഹസംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയതാരമായത്. തുടർന്നു വന്ന മഹേഷിന്റെ പ്രതികാരം സൗബിന്റെ താരമൂല്യം ഉയർത്തി. സൗബിൻ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘പറവ’ വൻ വിജയമായിരുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സൗബിൻ സ്വന്തമാക്കി.