Saturday 09 February 2019 03:40 PM IST : By സ്വന്തം ലേഖകൻ

പാച്ചുവിനു വേണ്ടി മാത്രം ജീവിക്കുന്ന ഒരമ്മയും ചേച്ചിയമ്മയും! ഹൃദയത്തിൽ തൊടും ഈ കുറിപ്പ്

peranbu

കണ്ടവരിലൊക്കെ ഹൃദയത്തിൽ കുത്തുന്ന ഒരു നീറ്റലവശേഷിപ്പിക്കുകയാണ് പേരൻപ്. ഭിന്നശേഷിക്കാരിയായ മകൾക്കു വേണ്ടി ജീവിക്കുന്ന അമുദവൻ എന്ന അച്ഛന്റെ കഥയാണ് ചിത്രം. മമ്മൂട്ടിയും സാധനയും തകർത്തഭിനയിച്ച ഈ തമിഴ് ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരും ഇരു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. റാമാണ് ചിത്രത്തിന്റെ സംവിധായകൻ.

പേരൻപ് റിലീസ് ചെയ്ത ശേഷം സമാനമായ ജീവിത സാഹചര്യമുള്ള നിരവധി പേർ തങ്ങളുടെ അനുഭവം വിവരിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുകളെഴുതുന്നുണ്ട്. അത്തരത്തിൽ നിരവധി കുറിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായത്. ഇതിലൊരു കുറിപ്പ് സ്വന്തം അനുജനെക്കുറിച്ച് ചേച്ചി എഴുതിയതാണ്.
പേരന്‍പിലെ പാപ്പായെപ്പോലെ തനിക്കും ഒരു കുഞ്ഞനുജന്‍ ഉണ്ടെന്നു പറഞ്ഞാണ് കവയത്രിയും കോളേജ് അധ്യാപികയുമായ സോയ ഒറിയോണിന്റെ കുറിപ്പ് തുടങ്ങുന്നത്.

സോയയ്ക്ക് പതിനേഴു വയസ്സുള്ളപ്പോള്‍ ജനിച്ച കൂടപ്പിറപ്പാണ് പാച്ചു. അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ രണ്ടാം വിവാഹം കഴിച്ചതോടെയാണ് കുഞ്ഞനുജനും മകനുമൊക്കെയായി പാച്ചുവിനെ കിട്ടിയതെന്ന് സോയ പറയുന്നു.

‘‘കഴിഞ്ഞ പതിനാലു വർഷങ്ങളായി അവൻ ഞങ്ങളുടെ കൂടെയുണ്ട്. നിഷ്കളങ്കമായി ചിരിച്ച്, പാട്ട് കേൾക്കാൻ മാത്രം വാശി പിടിച്ച്, ഒന്നും പറയാതെയും ചെയ്യാതെയും അവന്റെ സ്നേഹം ഞങ്ങളിൽ നിറക്കുന്ന എന്റെ കുട്ടി. ഉപാധികൾ ഇല്ലാത്ത സ്നേഹം എന്തെന്ന് അക്ഷരാർത്ഥത്തിൽ പറഞ്ഞു തരുന്ന സ്നേഹമാണ് പാച്ചുവിന്റേത്. അവൻ ഞാൻ കണ്ടിട്ടുള്ള ഏറ്റവും സന്തോഷവാനായ കുഞ്ഞാണ്. അവന്റെ ചുറ്റുമാണ് എന്റെ ലോകം എന്ന് എനിക്ക് നിസംശയം പറയാനാകും’’.– സോയ എഴുതുന്നു.

എന്നാല്‍ സോയയുടെ എഴുത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് മകനു വേണ്ടി സ്വന്തം ഇഷ്ടങ്ങളെ ഉപേക്ഷിച്ച അമ്മയാണ്.

‘‘പാച്ചുവിന്റെ ജനനത്തിനു ശേഷം സ്വയം ഒരു സുഖങ്ങളും സന്തോഷങ്ങളും വേണ്ട എന്ന് വെച്ച ഒരമ്മ. അവന് ടീവി കാണാൻ ഇഷ്ടമല്ലാത്തത് കൊണ്ട് തനിക്കും ഒന്നും വേണ്ടെന്ന് വച്ച ഒരമ്മ. എവിടെ പോയാലും അവന്റെ അടുത്ത് ഓടി എത്താൻ മാത്രം ആഗ്രഹിക്കുന്ന അമ്മ. മുപ്പത് കിലോ ഭാരമുള്ള അവനെ എന്തിനും ഏതിനും എടുത്ത് നടക്കുന്ന അമ്മ. രാപകൽ അവനെ കുറിച്ച് മാത്രം ചിന്തിക്കുന്ന അമ്മ’’. – സോയ കുറിക്കുന്നു.

സോയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

പേരന്പിലെ പാപ്പായെ പോലെ എനിക്ക് ഒരു കുഞ്ഞനുജൻ ഉണ്ട്. പാച്ചു. എനിക്ക് പതിനേഴ് വയസ്സുള്ളപ്പോൾ ആണ് അവൻ ജനിച്ചത്. എന്റെ അമ്മയുടെ മരണത്തിന് ശേഷം അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചു. (എനിക്ക് ഇരുപത്തിനാല് വയസ്സായപ്പോൾ അച്ഛനെയും ഞങ്ങൾക്ക് നഷ്ടപ്പെട്ടു.)അങ്ങനെ എന്റെ കുഞ്ഞനുജനും മകനും എല്ലാം ആയി പാച്ചുവിനെ എനിക്ക് കിട്ടി. കഴിഞ്ഞ പതിനാലു വർഷങ്ങളായി അവൻ ഞങ്ങളുടെ കൂടെയുണ്ട്. നിഷ്കളങ്കമായി ചിരിച്ച്, പാട്ട് കേൾക്കാൻ മാത്രം വാശി പിടിച്ച്, ഒന്നും പറയാതെയും ചെയ്യാതെയും അവന്റെ സ്നേഹം ഞങ്ങളിൽ നിറക്കുന്ന എന്റെ കുട്ടി. ഉപാധികൾ ഇല്ലാത്ത സ്നേഹം എന്തെന്ന് അക്ഷരാർത്ഥത്തിൽ പറഞ്ഞു തരുന്ന സ്നേഹമാണ് പാച്ചുവിന്റേത്. അവൻ ഞാൻ കണ്ടിട്ടുള്ള ഏറ്റവും സന്തോഷവാനായ കുഞ്ഞാണ്. അവന്റെ ചുറ്റുമാണ് എന്റെ ലോകം എന്ന്‌ എനിക്ക് നിസംശയം പറയാനാകും. പക്ഷേ, ഈ എഴുത്ത്‌ എന്നെ കുറിച്ചോ പാച്ചുവിനെ കുറിച്ചോ അല്ല. ഞങ്ങളുടെ ലോകത്തെ കുറിച്ചല്ല. ഇതിനിടയിൽ സ്വന്തം ലോകം ഇല്ലാതെ ആയ ഒരാളെ കുറിച്ചുള്ളതാണ്. ഞങ്ങളുടെ അമ്മയെ കുറിച്ച്.

പാച്ചുവിന്റെ ജനനത്തിനു ശേഷം സ്വയം ഒരു സുഖങ്ങളും സന്തോഷങ്ങളും വേണ്ട എന്ന് വെച്ച ഒരമ്മ. അവന് ടീവി കാണാൻ ഇഷ്ടമല്ലാത്തത് കൊണ്ട് തനിക്കും ഒന്നും വേണ്ടെന്ന് വച്ച ഒരമ്മ. എവിടെ പോയാലും അവന്റെ അടുത്ത് ഓടി എത്താൻ മാത്രം ആഗ്രഹിക്കുന്ന 'അമ്മ. മുപ്പത് കിലോ ഭാരമുള്ള അവനെ എന്തിനും ഏതിനും എടുത്ത് നടക്കുന്ന 'അമ്മ. രാപകൽ അവനെ കുറിച്ച് മാത്രം ചിന്തിക്കുന്ന 'അമ്മ. മാതൃത്വത്തെ മഹത്വൽക്കാരിക്കാൻ ഞാൻ ശ്രമിക്കുന്നതല്ല. സ്വന്തം സ്വത്വം തന്നെ മറന്ന് പോയ ഈ അമ്മയോട് ഞാൻ പറയാറുണ്ട് അല്പമെങ്കിലും മനസ്സിനെ ഒന്ന് വെറുതെ വിടൂ, ഒരു സിനിമയെങ്കിലും കാണൂ, ഞാനുണ്ടല്ലോ എന്ന്‌. ഒരു മാറ്റവും ആ വാക്കുകൾ ഉണ്ടാക്കുന്നില്ല. പാച്ചുവിന്റെ ന്യൂറോളജിസ്റ്റു പറയുന്നത് പോലെ, ഒരു പക്ഷെ മകൻ അമ്മയിൽ എന്നതിനേക്കാൾ ഉപരിയായി 'അമ്മ മകനിൽ ആയിരിക്കാം ഒരു പക്ഷേ കെട്ടിയിട്ടപ്പെട്ടിരിക്കുന്നത്.

അവൻ ഇനിയും വലുതാകുമെന്നും, അവന്റെ ആവശ്യങ്ങൾ ഞങ്ങൾ എങ്ങനെ നിറവേറ്റും എന്നും ഒക്കെ വലിയ വിഹ്വലതകൾ ഉണ്ട്. പക്ഷെ അതിനേക്കാൾ സങ്കടമാണ് എനിക്ക് അമ്മയുടെ ജീവിതം. അത് കൊണ്ട്, അവർ ഇടതടവില്ലാതെ ചെയ്യുന്ന പണികൾ കാണുന്നത് കൊണ്ട്, സ്വയം അവർ വേണ്ടെന്ന് വെക്കുന്ന സന്തോഷങ്ങളെ കണ്ടിട്ട്, അവരുടെ ഒപ്പം എന്തിനും ഉള്ളത് കൊണ്ടും ഇത്തരത്തിൽ ഉള്ള എല്ലാ അമ്മമാരെയും എനിക്ക് മനസ്സിലാകും. ചേർത്ത് പിടിക്കുന്നവർക്കും, ഉള്ള് പൊട്ടുന്നവർക്കും, ഉപേക്ഷിക്കുന്നവർക്കും എല്ലാം അവരുടേതായ കഥകൾ ഉണ്ട്, കണ്ണീരുണ്ട്.

പേരന്പു കാണാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. വീട്ടിലുണ്ടല്ലോ.❤️

Ps: എന്റെ വിവാഹശേഷം പാച്ചുവിനും അമ്മക്കും എന്താകും അവസ്‌ഥ എന്ന് ഒരു യുക്തിയുമില്ലാതെ ചോദിച്ച ബന്ധുക്കൾ ഉണ്ട്,അവനെ ഒന്ന് സ്നേഹത്തോടെ കാണാൻ പോലും വരാത്തവർ ഉണ്ട്, അവനെ കുറിച്ചോ അമ്മയെ കുറിച്ചോ ഒന്ന് ചോദിക്കുക പോലും ചെയ്യാത്തവരുണ്ട്. എല്ലാവരോടും ഒന്നേ പറയാനുള്ളു. വിവാഹം കഴിഞ്ഞെന്ന് വെച്ച് ഞാൻ അവന്റെ ചേച്ചി അല്ലാതായിട്ടില്ല. അവന് ഒരു ചേട്ടനെ കൂടെ കിട്ടിയിട്ടുണ്ട്. അവനെ ഞങ്ങൾ എല്ലാവരും പൊന്നു പോലെ നോക്കുന്നുണ്ട്. കൂടെയും തൊട്ടടുത്തും ഒക്കെ തന്നെയുള്ള അമ്മയുടെ ചേച്ചിമാരും, വീട്ടുകാരുമൊക്കെ അവരുടെ മകനെ പോലെ തന്നെയാണ് പാച്ചുവിനെ കാണുന്നത്.അവന് ഒരു കുറവും ഇല്ല. ഞങ്ങൾ ഇനിയും ജീവിക്കും. അവനെയും അമ്മയെയും ഒഴിവാക്കുന്ന, മറക്കുന്ന ആരോടും കൂടെ ഞാനില്ല. ഞങ്ങൾ തിരക്കിലാണ്. ഒരുപാട് ചെയ്യുവാനുണ്ട്.?