Friday 01 February 2019 05:55 PM IST : By സ്വന്തം ലേഖകൻ

‘ശരീരം കാണിക്കുന്ന വസ്ത്രം ധരിച്ചു വന്നാല്‍ മാത്രമേ അവസരം തരികയുള്ളൂ എന്നാണോ’! പുതിയ നായികമാരെ വിമർശിച്ച് എസ്.പി ബാലസുബ്രഹ്മണ്യം

spb-new

സിനിമാ താരങ്ങളുടെ വസ്ത്രധാരണം ഒരു സ്ഥിരം വിവാദ വിഷയമാണ്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ കാലാകാലങ്ങളായി ഈ ചർച്ചയിൽ പങ്കെടുത്തിട്ടുമുണ്ട്. ഇപ്പോഴിതാ പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്ന സിനിമാ നടിമാരുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് പ്രശസ്ത ഗായകനും നടനുമായ എസ്.പി ബാലസുബ്രഹ്മണ്യവും രംഗത്തെത്തിയിരിക്കുന്നു.

ഹൈദരബാദില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് നടിമാരുടെ വസ്ത്രധാരണത്തെ കടുത്ത ഭാഷയില്‍ എസ്.പി.ബി വിമർശിച്ചത്. നടന്മാര്‍ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എതിരേയും അദ്ദേഹം തന്റെ നീരസം പ്രകടിപ്പിച്ചു.

‘‘സിനിമ സംബന്ധമായ ചടങ്ങുകളില്‍ എങ്ങനെയുള്ള വസ്ത്രധാരണത്തോടെ പങ്കെടുക്കണമെന്ന് ഇപ്പോഴുള്ള നടിമാര്‍ക്ക് അറിയില്ല. അവരുടെ രീതികളെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ല. ശരീരം കാണിക്കുന്ന വസ്ത്രം ധരിച്ചു വന്നാല്‍ മാത്രമേ സംവിധായകരും നായകന്മാരും തങ്ങള്‍ക്ക് അവസരം തരികയുള്ളൂ എന്നാണോ നടിമാര്‍ കരുതുന്നത്?’’.– അദ്ദേഹം ചോദിക്കുന്നു.

തന്റെ വാക്കുകള്‍ നായികമാരെ രോഷം കൊള്ളിക്കുന്നുണ്ടെങ്കില്‍ അതു താന്‍ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.