Wednesday 16 January 2019 09:30 AM IST : By സ്വന്തം ലേഖകൻ

‘ശ്രീദേവി ബംഗ്ലാവ്’ വിവാദമാകുന്നു! നിയമ നടപടിയുമായി ബോണി കപൂർ

sreedevi-new

മലയാളത്തിന്റെ യുവനായിക പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ വിവാദത്തിലേക്ക്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നതു മുതൽ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ ബഹളമായിരുന്നു. യൂട്യൂബിൽ ലൈക്കുകളേക്കാൾ ഡിസ് ലൈക്കുകളാണ് ട്രെയിലറിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിനെതിരെ ബോളിവുഡ് നിർമ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ രംഗത്തെത്തിയിരിക്കുന്നു.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ‘ശ്രീദേവി ബംഗ്ലാവ്’ നടി ശ്രീദേവിയുടെ ജീവിതകഥയാണെന്ന് അഭ്യൂഹങ്ങളുണ്ട്. ശ്രീദേവിയുടെ മരണത്തിനു സമാനമായ ചില രംഗങ്ങൾ ട്രെയിലറിലുണ്ടെന്നതും അതിനു കരുത്തായി. അതെത്തുടർന്നാണ് ചിത്രത്തിനെതിരെ ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് ദുബായിലെ ഒരു ഹോട്ടൽ മുറിയിൽ, ബാത്ത് ടബ്ബിൽ വീണ് ശ്രീദേവി മരിച്ചത്. ശ്രീദേവിയുടെ മരണം അപകടമോ കൊലപാതകമോ എന്ന ചോദ്യമുയർത്തി, നിരവധി ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഡയലോഗുകളിലും മേൽവിവരിച്ച ദൃശ്യങ്ങളിലുമുൾപ്പടെ ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ചിത്രത്തിനുള്ള സാമ്യതകളാണ് ബോണി കപൂറിനെ നിയമനടപടികളുമായി മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചിരിക്കുന്നത്.

“ബോണി കപൂർ ചിത്രത്തിനെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങളതിനെ അഭിമുഖീകരിക്കാൻ തയാറാണ്. എന്റെ ചിത്രം ഒരു സസ്പെൻസ് ത്രില്ലറാണ്. ശ്രീദേവി എന്നത് ഒരു കോമൺ നെയിം ആണെന്നും നായികയാവുന്ന ഒരു കഥാപാത്രമാണ് എന്റേതെന്നും ഞാൻ ബോണി കപൂറിനോട് പറഞ്ഞിട്ടുണ്ട്. എന്തായാലും പ്രശ്നത്തെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം,”

ബോണിയുടെ വക്കീൽ നോട്ടീസ് ലഭിച്ച വിവരം സ്ഥിരീകരിച്ച് പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.

“ചിത്രത്തെ കുറിച്ച് ഞാനിപ്പോൾ ഒന്നും പറയുന്നില്ല. അതു നിങ്ങൾ തിയേറ്ററിൽ പോയി കണ്ട് അറിയേണ്ടതാണ്.എന്റെ ചിത്രത്തിൽ ശ്രീദേവി എന്നത് ഒരു കഥാപാത്രവും നടിയുമാണ്. കഥാപാത്രത്തിന്റെ പേരാണത്. ആർക്കും ശ്രീദേവി എന്ന പേരുണ്ടാകാം. ശ്രീദേവിയുടെ ജീവിതത്തിൽ സംഭവിച്ച ചില പ്രത്യേക സംഭവങ്ങൾ ഈ കഥയിലുമുണ്ട്. ഇതൊരു സസ്പെൻസ് ത്രില്ലറാണ്. കൂടുതലൊന്നും സംസാരിക്കുന്നില്ല”– സംവിധായകൻ വ്യക്തമാക്കുന്നു.