Saturday 11 April 2020 12:18 PM IST

ഞാൻ പറയുന്നത് വായനയിലൂടെ ലഭിച്ച അറിവ്, തെറ്റാണെങ്കിൽ പൊലീസ് കേസെടുക്കണം! ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് കരുതേണ്ടെന്ന് ശ്രീനിവാസൻ

V R Jyothish

Chief Sub Editor

sreenivasan656fdguegf

ഞാൻ ഒരു ശാസ്ത്രജ്ഞൻ അല്ല, സിനിമാക്കാരനാണ്. സ്വന്തമായി അഭിപ്രായം ഉള്ള ആളാണ് അതുകൊണ്ട് അഭിപ്രായങ്ങൾ തുറന്നു പറയുക തന്നെ ചെയ്യും. ഭീഷണിപ്പെടുത്തി വീട്ടിലിരുത്താം എന്ന് ആരും കരുതണ്ട. തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറയുകയാണ് നടൻ ശ്രീനിവാസൻ .

ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ് താങ്കളുടെ പ്രസ്താവനകൾ?

എന്താണ് അതിന്റെ കാരണം എന്ന് എനിക്കറിഞ്ഞുകൂടാ അടുത്തകാലത്ത് ഒരു പത്രത്തിൽ എന്റെ ഒരു അഭിമുഖം വന്നിരുന്നു അതായിരിക്കാം ചിലരെ ചൊടിപ്പിക്കുന്നത്.

മുമ്പെങ്ങുമില്ലാത്ത വിധിയിലുള്ള വിമർശനമാണ് താങ്കൾ ഇപ്പോൾ നേരിടേണ്ടിവരുന്നത് പ്രത്യേകിച്ച് ഈ കൊറോണ കാലത്ത്?

ഞാൻ മോഡേൺ സയൻസ് പഠിച്ചിട്ടുള്ള ആളല്ല പക്ഷേ മോഡേൺ സയൻസിനെ കുറിച്ച് ഞാൻ ധാരാളം വായിച്ചിട്ടുണ്ട്. ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് അതിൻറെ അടിസ്ഥാനത്തിൽ ആണ് ഞാൻ സംസാരിക്കുന്നത്. ഞാൻ പറയുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ പോലീസ് കേസെടുക്കണം എനിക്കെതിരെ അല്ല ഞാൻ ഈ പറഞ്ഞ ലേഖനങ്ങളെഴുതിയ ആൾക്കാർക്കെതിരെ .

എന്നാലും ശാസ്ത്ര സംബന്ധമായ കാര്യങ്ങൾ പറയുമ്പോൾ കുറച്ചുകൂടി ശാസ്ത്രീയത നമ്മൾ പുലർത്തേണ്ടതില്ലേ?

ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നും എൻറെ തലച്ചോറിൽ നിന്നും വരുന്നതല്ല. ഞാൻ കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ ആവർത്തിക്കുന്നു എന്നു മാത്രമേയുള്ളൂ അതുകൊണ്ട് ഞാൻ ഈ പറയുന്ന കാര്യങ്ങളിൽ ശാസ്ത്രീയത കുറവാണെങ്കിൽ ഉത്തരവാദി ഞാനല്ല ഈ ശാസ്ത്രം പറഞ്ഞവരാണ് ആണ് . ഞാൻ സ്വന്തമായി ഒരു ഗവേഷണവും നടത്തിയിട്ടില്ല. ഒരു ശാസ്ത്രീയ നിഗമനത്തിലും ഞാൻ ഇന്നേവരെ എത്തിച്ചേർന്നിട്ടുമില്ല

അത്യാവശ്യ ഘട്ടത്തിൽ അലോപ്പതി മരുന്നുകളെ ആശ്രയിക്കുകയും അതേസമയം അലോപ്പതിമരുന്നുകൾക്കെതിരെ സംസാരിക്കുകയും ചെയ്യുന്ന ഒരാളായിട്ടാണ് സോഷ്യൽ മീഡിയ താങ്കളെ ചിത്രീകരിക്കുന്നത്?

ഞാൻ അലോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നത് കൊണ്ട് ആർക്കാണ് ഇത്ര ബുദ്ധിമുട്ട് എന്ന് എനിക്കറിഞ്ഞുകൂടാ. നമ്മൾ ഒരു കാര്യവും വിമർശിക്കാൻ പാടില്ല അന്ധമായി അനുകരിക്കണം എന്ന് പറയുന്നത് ഒരുതരം ഫ്യൂഡൽ മനോഭാവമാണ്. എന്നാൽ നമ്മൾ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഹോമിയോപ്പതിയുടെ പിതാവായി അറിയപ്പെടുന്ന സാമുവൽ ഹാനിമാൻ ഒരു അലോപ്പതി ഡോക്ടർ ആയിരുന്നു എന്നതാണ് അലോപ്പതി ഡോക്ടർ ആയിരുന്ന സാമുവൽ ഹാനിമാൻ ഹോമിയോപ്പതി എന്ന് പറയുന്ന ചികിത്സാ വിഭാഗം രൂപപ്പെടുത്തിയത് എന്തുകൊണ്ട് എന്ന് നമ്മൾ ഒരു നിമിഷം ചിന്തിക്കുന്നത് നല്ലതായിരിക്കും. അലോപ്പതിയിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക മരുന്നുകൾക്കും സൈഡ് എഫക്ട് ഉണ്ട് എന്നുള്ള ഒരു ദുഃഖത്തിൽ നിന്നാണ് ഹനിമാൻ പുതിയ ഒരു ചികിത്സാ വിഭാഗത്തിന് രൂപം കൊടുത്തത്. ഇതിൽനിന്നൊക്കെ തന്നെ അലോപ്പതിക്ക് എന്തൊക്കെയോ തകരാറുകൾ ഉണ്ടെന്നുള്ള കാര്യം വ്യക്തമാണ്. എന്തുകൊണ്ട് അദ്ദേഹത്തിന് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നു എന്ന് ഇപ്പോൾ ചന്ദ്രഹാസമിളക്കുന്നവർ പറയട്ടെ അതിനുശേഷം ഞാൻ മറുപടി പറയാം.

ഈ രംഗത്തെ പ്രമുഖരും വിദഗ്ധരും ആണ് താങ്കൾക്കെതിരെ രംഗത്തുവന്നിരിക്കുന്നത്?

ഈയടുത്ത് രത്തൻ ടാറ്റയുടേതായി വന്നിട്ടുള്ള ഒരു വാട്സാപ്പ് മെസ്സേജ് വായിക്കുകയുണ്ടായി അതിൽ അദ്ദേഹം പറയുന്നത് വിദഗ്ധരുടെ അഭിപ്രായം കേട്ടിരുന്നെങ്കിൽ നമ്മുടെ ലോകം ഇതിനേക്കാൾ മോശം അവസ്ഥയിലേക്ക് എത്തുമായിരുന്നു എന്നാണ്. അതിൽ പറയുന്ന ഒരു പ്രധാനപ്പെട്ട കാര്യം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാൻ തകർന്നുപോകും എന്നാണത്രേ വിദഗ്ധർ അഭിപ്രായപ്പെട്ടത്. എന്നിട്ട് ജപ്പാന് എന്താണ് സംഭവിച്ചത് എന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് വിദഗ്ധ അഭിപ്രായത്തിൽ ഒന്നും പ്രത്യേകിച്ച് കാര്യമില്ല.

താങ്കൾ ഒരു അരാഷ്ട്രീയ വാദിയായി മാറി എന്ന് വിലപിക്കുന്ന പലരുമുണ്ട് ഇപ്പോൾ?

അന്നും ഇന്നും വ്യക്തമായ രാഷ്ട്രീയ നിലപാട് ഉള്ള ഒരാളാണ് ഞാൻ . നമ്മുടെ കക്ഷി രാഷ്ട്രീയം അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് നിറയുന്ന ഒരു ഘട്ടത്തിൽ ഈ രാഷ്ട്രീയം വേണ്ട എന്നു പറയുന്നത് അരാഷ്ട്രീയം ആണെങ്കിൽ ഞാൻ ഒരു അരാഷ്ട്രീയവാദിയാണ് ആണ് .

അലോപ്പതി മരുന്നുകൾ കടലിൽ അറിയണം എന്ന് താങ്കൾ പറഞ്ഞതായി ഒരു പ്രസ്താവന കണ്ടു ഇപ്പോഴും ഉറച്ചുനിൽക്കുകയാണോ ?

നിൽക്കുകയാണെങ്കിൽ ഉറച്ചു നിൽക്കണം എന്ന അഭിപ്രായക്കാരനാണ് ഞാൻ. അതുകൊണ്ട് അലോപ്പതിയെ കുറിച്ച് ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ എന്റെ നിലപാടിൽ വ്യത്യാസമില്ല. അലോപ്പതി മരുന്നുകൾ കടലിൽ എറിയണോ വേണ്ടയോ എന്ന് അവരവർ തീരുമാനിക്കട്ടെ .

പരിയാരം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറാണ് വൈറ്റമിൻ സി കോവിഡിന് നല്ലതാണ് എന്നു പറഞ്ഞതെന്ന് താങ്കൾ പറയുകയും ആ ഡോക്ടർ അത് നിഷേധിക്കുകയും ചെയ്തിട്ടുണ്ടല്ലോ?

ആ ഡോക്ടർ അത് നിഷേധിച്ചു ഇല്ലയോ എന്നുള്ളതല്ല കാര്യം ലോകാരോഗ്യസംഘടനയിലെ ചില ഡോക്ടർമാർ വൈറ്റമിൻ സി ഉൾപ്പെടുന്ന ഫലവർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധത്തിന് ഫലപ്രദമാണ് എന്നു പറഞ്ഞിട്ടുണ്ട് അതും ഇവിടെയുള്ള ആരോഗ്യവിദഗ്ധർ നിഷേധിക്കുമോ !

ജപ്പാന്റെ ആരോഗ്യരംഗത്തെ കുറിച്ച് പറഞ്ഞതും ഒരുപാട് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു?

ഈ ലോകത്ത് പ്രവർത്തിക്കുന്ന മാഫിയകളിൽ ഏറ്റവും പ്രബലമായത് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മാഫിയ ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത് അത് കൊണ്ട് അവർക്ക് എതിരെ വരുന്ന ഒരു ഒരു വിമർശനത്തെയും സഹിഷ്ണുതയോടെ അവർ കാണാൻ സാധ്യതയില്ല

കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?

അലോപ്പതിയെകുറിച്ച് പറഞ്ഞ എൻറെ നിലപാടിൽ മാറ്റമില്ല എങ്കിലും കേരളത്തിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് എന്റെ എല്ലാവിധ ആശംസകളും.

Tags:
  • Movies