Thursday 16 May 2019 12:22 PM IST : By സ്വന്തം ലേഖകൻ

‘എന്തായാലും നന്ദി, പാഠം പഠിച്ചു’! ശ്രേയയോട് മാപ്പ് പറഞ്ഞ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

sreya-new

സംഗീത പ്രേമികളുടെ പ്രിയ ശബ്ദമാണ് യുവഗായിക ശ്രേയാ ഘോഷാൽ. ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച് കേരളക്കരയുടെ ഇഷ്ടം നേടിയ ശ്രേയ, നിരവധി ഹിറ്റുഗാനങ്ങളിൽ പങ്കാളിയായി.

ഇപ്പോഴിതാ ശ്രേയയുടെ ഒരു ട്വീറ്റ് ആസ്വാദക ലോകം ചർച്ചചെയ്യുന്നു.

ലോകം മുഴുവന്‍ തന്റെ ലൈവ് പ്രോഗ്രാമുകളുമായി യാത്ര ചെയ്യാറുണ്ട് ശ്രേയ. അതിന്റെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഒരു സംഗീത യാത്രയുമായി ബന്ധപ്പെട്ട് ശ്രേയ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്, യാത്രയ്ക്കിടെ തന്റെ ഒരു സംഗീത ഉപകരണത്തിന് എയര്‍ലൈന്‍സിന്റെ അനാസ്ഥ കാരണം കേടു വന്നു എന്നാണ്.

“സിംഗപ്പൂര്‍ എയര്‍ലൈന്‍സുകാര്‍ക്ക് സംഗീതജ്ഞരോ അല്ലെങ്കില്‍ അമൂല്യമായ ഉപകരണങ്ങള്‍ കൈവശമുള്ളവരോ തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍ താത്പര്യമില്ലെന്നാണ് തോന്നുന്നത്. എന്തായാലും നന്ദി. പാഠം പഠിച്ചു”.–ശ്രേയ ട്വിറ്ററില്‍ കുറിച്ചു.

ശ്രേയയുടെ ട്വീറ്റിന് പിന്നാലെ സംഭവത്തില്‍ ക്ഷമാപണവുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സും രംഗത്തെത്തി. ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു എന്നും ശ്രേയയില്‍ നിന്നു പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുമെന്നും അവർ ഉറപ്പ് നല്‍കി.

ശ്രേയയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. അതേ സമയം ഇത്തരം കാര്യങ്ങള്‍ ശ്രേയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യരുത് എന്നാണ് മറ്റു ചിലരുടെ അഭിപ്രായം.