Tuesday 08 January 2019 06:45 PM IST : By സ്വന്തം ലേഖകൻ

‘മക്കളുമായി സൗഹൃദത്തിലാണെങ്കിലും ഇത്തരം കാര്യങ്ങൾ അവരുടെ മുന്നിൽ ചർച്ച ചെയ്യാറില്ല’; വൈറലായി ഷാരൂഖിന്റെ വാക്കുകൾ

srk-new

ബി ടൗണിലെ ‘ഡാഡി കൂളാ’ണ് കിങ് ഖാൻ ഷാരൂഖ്. മക്കൾ ആര്യനുമായും സുഹാനയുമായും സുഹൃത്തിനെപ്പോലെയാണ് താരത്തിന്റെ ഇടപഴകൽ. ഇളയ മകൻ അബ്രാമുമായുള്ള ഷാരൂഖിന്റെ കുട്ടിക്കളികൾ പലപ്പോഴായി സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. എന്നാൽ മക്കളുടെ മുന്നിൽ വച്ച് തനിക്ക് ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് സംസാരിക്കാൻ മടിയാണെന്നും താനതിൽ വളരെ ലജ്ജാലുവാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡിന്റെ ബാദ്ഷ. ഒരു അഭിമുഖത്തിലാണ് ഷാരൂഖ് ഇതിനെക്കുറിച്ച് പറഞ്ഞത്.

‘‘മക്കളുമായി ഞാൻ നല്ല സൗഹൃദത്തിലാണ്. പക്ഷേ, ഇത്തരം കാര്യങ്ങൾ അവരുടെ മുന്നിൽ വച്ചു ചർച്ച ചെയ്യാറില്ല. വ്യക്തിപരമായി ഞാൻ വളരെയേറെ ലജ്ജാലുവാണ്. അതാകാം കാരണം’’.– താരം വ്യക്തമാക്കുന്നു.

അച്ഛന്റെ പിന്നാലെ അഭിനയ രംഗത്തേക്കാണ് മകൾ സുഹാനയുടെയും വരവെന്നാണ് ബോളിവുഡിൽ നിന്നുള്ള വാർത്തകൾ. നാടകത്തിൽ സജീവമാണ് സുഹാന. മകളുടെ പ്രകടനം കാണാൻ ഷാരൂഖും ഭാര്യ ഗൗരിയും ലണ്ടനിലേക്കു പോയതും മകളെ അഭിനന്ദിച്ച് ഷാരൂഖ് സോഷ്യൽ മീഡിയയിൽ കുറിച്ചതുമൊക്കെ വലിയ വാർത്തയായിരുന്നു.