Friday 19 July 2019 04:56 PM IST : By സ്വന്തം ലേഖകൻ

രാംകുമാര്‍ തന്നെ ഭർത്താവ്, അമ്മയാകാനൊരുങ്ങി ശ്രുതി! വിവാദങ്ങൾക്കൊടുവിൽ, ഗർഭകാല ചിത്രം പങ്കുവച്ച് താരം

sruthi

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് തെന്നിന്ത്യൻ താരം ശ്രുതി ഹരിഹരൻ. തന്റെ ഗർഭകാല ചിത്രം പങ്കുവച്ച്, ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

നടനും നര്‍ത്തകനുമായ രാംകുമാറാണ് ശ്രുതിയുടെ ഭര്‍ത്താവ്.

മലയാളിയാണ് ശ്രുതി. ‘സിനിമാ കമ്പനി’ എന്ന മലയാള ചിത്രത്തിലൂടെ സിനിമയിലെത്തിയ അവർ ‘സോളോ’, തമിഴിൽ ‘നിപുണന്‍’ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

നടൻ അർജുനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത് ശ്രുതി അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ കേസിനിെടയാണ് നടി വിവാഹിതയാണെന്ന വാർത്ത സിനിമാലോകം അറിഞ്ഞത്.

സാമൂഹിക മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് മുന്‍പ് പ്രചരണം ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം ശ്രുതി നിരസിച്ചിരുന്നു.

അര്‍ജുനെതിരെ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിന്റെ പേര് രാം കുമാര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ആ വാർത്ത തന്നെ ഞെട്ടിച്ചെന്നായിരുന്നു അന്ന് ശ്രുതിയുടെ പ്രതികരണം.

രഹസ്യമായി വിവാഹംകഴിക്കേണ്ട ആവശ്യം തനിക്കില്ലെന്നും ബന്ധങ്ങള്‍ തുറന്നുപറയുന്ന ആളാണ് താനെന്നുമായിരുന്നു നടി നൽകിയ മറുപടി.

എന്നാൽ അത്തരം വാദങ്ങളെല്ലാം പിന്നീടു പൊളിയുകയും രാംകുമാറാണ് ശ്രുതിയുടെ ഭർത്താവെന്നു തെളിയുകയുമായിരുന്നു.