Saturday 16 October 2021 04:12 PM IST : By സ്വന്തം ലേഖകൻ

‘വെള്ളം മുരളി’യായി ജീവിച്ച ജയസൂര്യ, ജെസിയുടെ നിസ്സഹായത പകർത്തി അന്ന: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയവര്‍

awrs

അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യ ആണ് മികച്ച നടൻ‌. അന്ന ബെൻ ആണ് മികച്ച നടി. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ആണ് മികച്ച ചിത്രം.

ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിന് ചലച്ചിത്ര അക്കാദമി ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പുരസ്കാര പ്രഖ്യാപനമാണിത്. തിയറ്ററുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും പ്രേക്ഷകര്‍ കണ്ടതും കാണാത്തതുമായ ചിത്രങ്ങളാണ് അന്തിമജൂറിയുടെ പരിഗണനയില്‍ എത്തിയത്. എല്ലാ വിഭാഗത്തിലും ഇത്തവണ കടുത്ത മല്‍സരം നടന്നു.

നടി സുഹാസിനി മണിരത്‌നം ആണ് അന്തിമ ജൂറിയുടെ അധ്യക്ഷ. കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരാണു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയം ആണ് ഇത്. ശേഷാദ്രിക്കും ഭദ്രനും പുറമേ ഛായാഗ്രാഹകൻ സി.കെ.മുരളീധരൻ,സംഗീത സംവിധായകൻ മോഹൻ സിത്താര, സൗണ്ട് ഡിസൈനർ എം.ഹരികുമാർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ.ശശിധരൻ എന്നിവരും അന്തിമ ജൂറിയിൽ അംഗങ്ങൾ ആണ്.

എഡിറ്റർ സുരേഷ് പൈ, ഗാനരചയിതാവ് ഡോ.മധു വാസുദേവൻ,നിരൂപകൻ ഇ.പി.രാജഗോപാലൻ എന്നിവരായിരുന്നു ശേഷാദ്രി അധ്യക്ഷനായ പ്രാഥമിക ജൂറിയിലെ അംഗങ്ങൾ. ഛായാഗ്രാഹകൻ ഷഹ്നാദ് ജലാൽ, എഴുത്തുകാരി ഡോ.രേഖ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവും ആയ ഷിബു ചക്രവർത്തി എന്നിവരാണു ഭദ്രന്റെ നേതൃത്വത്തിലുള്ള പ്രാഥമിക ജൂറിയിൽ ഉണ്ടായിരുന്നത്. രചനാ വിഭാഗം അവാർഡുകൾ നിശ്ചയിക്കുന്നതിനു നിരൂപകൻ ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയിൽ പ്രത്യേക സമിതിയെ നിയോഗിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആണ് എല്ലാ ജൂറികളുടെയും മെംബർ സെക്രട്ടറി.

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്‌നം, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പുരസ്‌കാരങ്ങള്‍ നേടിയവര്‍.

മികച്ച നടൻ - ജയസൂര്യ (ചിത്രം- വെള്ളം)
മികച്ച നടി - അന്ന ബെൻ (ചിത്രം- കപ്പേള)
മികച്ച ചിത്രം - ദ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം - ജിയോ ബേബി)
മികച്ച സംവിധായകൻ - സിദ്ധാർഥ് ശിവ (ചിത്രം - എന്നിവർ)
മികച്ച രണ്ടാമത്തെ ചിത്രം - തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം - സെന്ന ഹെ​ഗ്ഡേ)
മികച്ച നവാഗത സംവിധായകന്‍ - മുസ്തഫ (ചിത്രം - കപ്പേള)
മികച്ച സ്വഭാവ നടൻ - സുധീഷ് (ചിത്രം - എന്നിവർ, ഭൂമിയിലെ മനോഹ​ര സ്വകാര്യം)
മികച്ച സ്വഭാവ നടി - ശ്രീരേഖ (ചിത്രം - വെയിൽ)
മികച്ച ജനപ്രിയ ചിത്രം - അയ്യപ്പനും കോശിയും (സംവിധാനം - സച്ചി)
മികച്ച ബാലതാരം ആൺ - നിരഞ്ജൻ. എസ് (ചിത്രം - കാസിമിന്റെ കടൽ)
മികച്ച ബാലതാരം പെൺ - അരവ്യ ശർമ (ചിത്രം- പ്യാലി)

മികച്ച കഥാകൃത്ത് - സെന്ന ഹെഗ്‌ഡേ (ചിത്രം - തിങ്കളാഴ്ച്ച നിശ്ചയം)
മികച്ച ഛായാഗ്രാഹകന്‍ - ചന്ദ്രു സെല്‍വരാജ് (ചിത്രം - കയറ്റം)
മികച്ച തിരക്കഥാകൃത്ത് - ജിയോ ബേബി (ചിത്രം - ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)
മികച്ച ഗാനരചയിതാവ് - അന്‍വര്‍ അലി
മികച്ച സംഗീത സംവിധായകന്‍ - എം. ജയചന്ദ്രന്‍ (ചിത്രം - സൂഫിയും സുജാതയും)
മികച്ച പശ്ചാത്തല സംഗീതം - എം. ജയചന്ദ്രന്‍ (ചിത്രം - സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍ - ഷഹബാസ് അമന്‍
മികച്ച പിന്നണി ഗായിക - നിത്യ മാമന്‍ ഗാനം - വാതുക്കല് വെള്ളരിപ്രാവ് (ചിത്രം - സൂഫിയും സുജാതയും ).