Friday 02 November 2018 05:22 PM IST : By സ്വന്തം ലേഖകൻ

ഒറ്റവാക്കിൽ തീരില്ല, മലപ്പുറത്തിന്റെ കിസ്സ; സ്നേഹഫ്രെയിമുകളുടെ ഓർമയിൽ സുഡാനിയുടെ സംവിധായകൻ സക്കരിയ

zak ഫോട്ടോ: സമീർ എ. ഹമീദ്

എന്തൊക്കെ പറഞ്ഞാലും ഇജ്ജൊരു മലപ്പുറത്തുകാരനല്ലേടോ... അയിന്റെ നന്മേം സ്നേഹോം ഒക്കെ എപ്പോഴും അനക്കുണ്ടാകും’’

ഓരോ വഴികളിലേയും കൂട്ടുകാർ പല തവണ പറഞ്ഞിട്ടുള്ള സ്നേഹവും കരുതലും തൊട്ട വാക്കുകൾ. പലപ്പോഴായി ഒരു മലപ്പുറത്തുകാരനായി ജനിച്ചതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ... ആവശ്യപ്പെടാതെ ലഭിക്കുന്ന ഈ സ്നേഹത്തലോടൽ തന്നെയാണ് മലപ്പുറത്തെ എന്നും എനിക്ക് ഏറെ പ്രിയപ്പെട്ടതാക്കുന്നത്.

വാക്കുകൾ കൊണ്ട് പറഞ്ഞിടാൻ പറ്റാത്ത ആ ഭം ഗി അറിയാൻ മലപ്പുറത്തിന്റെ നാട്ടുവഴികളിലൂടെ ത ന്നെ നടക്കണം. അവിടുത്തെ സ്നേഹമുള്ള ‘മനുഷന്മാരെ’ കാണണം. അത് കാണാൻ ഇജ്ജൊരു വണ്ടി പിടിച്ച് വാ ചങ്ങായീ... കോയിക്കോടിനും പാലക്കാടിനും നടൂലുള്ള മ്മടെ പത്താം നമ്പർ ജില്ലേൽക്ക്...

‘ഇങ്ങള് മലപ്പുറത്തുകാര് നാട്ടാര്ക്ക് വേണ്ടി എന്താപ്പൊ ചെയ്യ്ന്നതെന്ന്’ ചോയ്ക്കന്നോരോട് ആദ്യം ചൂണ്ടിക്കാണിക്കണത് മൂന്നക്കൽ പള്ളിയെയാണ്. വളാഞ്ചേരിക്കടുത്ത് പൂക്കാട്ടിരിയിലുള്ള ഈ പള്ളി ഇരുപതു വർഷത്തിലധികമായി വിശക്കുന്നോന്റെ മനസ്സിൽ തെളിയണ കിനാവാണ്.

സമീപത്തെ മൂന്ന് പഞ്ചായത്തുകളിലെ പാവപ്പെട്ടവർക്ക് ആഴ്ചയിൽ റേഷൻപോലെ അരി വിതരണം നടക്കുന്നുണ്ട് ഇ വിടെ. പള്ളിയിലേക്ക് പലരും അരിയാണ് നേർച്ചയായിട്ട് കൊടുക്കുന്നത്. ഓരോരുത്തരും അവരുടെ വരുമാനത്തിനും കഴിവിനും അനുസരിച്ചാണ് അരി നൽകുക.

ഈ അരിയാണ് എല്ലാ ആഴ്ചയിലും വിവിധ വീടുകളിലെ അടുക്കളയിലേക്കെത്തുന്നത്. വെന്ത വയറുമായി ആരും ഉറങ്ങരുത് ഈ നാട്ടിലെന്ന ഒരു ചെറിയ നിർബന്ധം കൂടി ഞങ്ങൾ മലപ്പുറത്തുകാർക്ക് ഉണ്ടെന്ന് കൂട്ടിക്കോ. ‘നിങ്ങൾ എന്ത് ചെയ്തു’ എന്ന് ചോദിച്ചാൽ ഞങ്ങൾ ഇതൊക്കെ ചെയ്യുന്നു എന്ന് പൂർണ ബോധത്തോടെ ചൂണ്ടി കാണിച്ചു കൊടുക്കാൻ ഞങ്ങൾ മലപ്പുറം കാർക്കുള്ള പ്രിയപ്പെട്ട സ്ഥലം.

gir ഫോട്ടോ: സമീർ എ. ഹമീദ്

അരി മാത്രല്ല, ഇനി പൈസയാണെങ്കിലും ഒരത്യാവശ്യം വന്നാ ‘ഇങ്ങള് കൊണ്ടു പോയി കാര്യം നടത്തെന്ന്’ പറഞ്ഞ് എടുത്തു കൊടുക്കും. അങ്ങനെ നടന്ന നിക്കാഹ്കൾ, വീട്ടുകൂടലുകൾ, ആശുപത്രി അത്യാവശ്യങ്ങൾ...ഇന്നത്തെ കാലത്ത് ആർക്കും ഒന്നിനും സമയോം മനസുമില്ലെന്ന് കുറ്റപ്പെടുത്തുമ്പോൾ ഞാൻ ഓർക്കാറുണ്ട്, ഒരു തുണ്ട് പേപ്പറിൽ പോലും എഴുതിവയ്ക്കാതെ ലക്ഷങ്ങൾ കടംകൊടുക്കുന്ന ഞങ്ങളുടെ നാടിന്റെ നന്മയെ കുറിച്ച്. ആളുകൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെ മാതൃക. ഒരു നാടിന്റെ നന്മയും സ്നേഹവും ആ നാട്ടിലെ ജനങ്ങൾ തമ്മിലുള്ള മാനസിക അടുപ്പത്തിലാണുള്ളത്. പരസ്പരം വിശ്വസിച്ചാൽ മാത്രമല്ലേ ആ സ്നേഹം നിലനിൽക്കൂ. ആ വിശ്വാസം ഈ മലപ്പുറത്ത്ന്ന് മായൂല...

ഈ വിശ്വാസം സ്നേഹോം ആവേശോം എല്ലാത്തിലും ഉണ്ട്. കളിക്കളത്തിൽ പോലും. ഫുട്ബോൾ വിട്ടൊരു കളിയില്ല മോനേ ഞങ്ങക്ക്...

കളി പറഞ്ഞു കൊടുക്കല്ല മോനേ....

ഫുട്ബോൾ എന്നു പറയുമ്പോൾ തന്നെ ഞങ്ങളെ നാട്ടിൽ ചിരിയുടെ ഫ്ളഡ് ലൈറ്റ് ഒാണാവും. ആ പന്തിന്റെ ഉള്ളില് ഓരോ ‘ഫുട്ബോൾ പിരാന്തന്റെയും’ ജീവവായുവാണ്. ചിരിച്ചും ചിന്തിപ്പിച്ചും ഓർത്തെടുക്കാൻ കഴിയുന്ന അനുഭവങ്ങളുടെ ആർപ്പുവിളികൾ.

ചെറുപ്പത്തിൽ പല ഗ്രൗണ്ടുകളിലും ഫുട്ബോൾ മത്സരങ്ങൾ കാണാൻ പോയിട്ടുണ്ട്. വീട്ടിലെ എല്ലാ ആണുങ്ങൾക്കും ഒപ്പമായിരിക്കും ആ യാത്ര. കൂടെ ചങ്ങായിമാരുണ്ടാവും. പിന്നെ അയൽക്കാർ ഉണ്ടായിരിക്കും. ആകെ ഉത്സവമേളമാണ്. അങ്ങനെ ഫുട്ബോൾ മത്സര കാലത്ത് ഒരു കളി കാണാൻ പോയതാണ്.

ആ കളിയുടെ ആവേശപ്പെരുന്നാളെന്ന് പറയണത് കേരള ഫുട്ബോളിന്റെ ദൈവം െഎ. എം .വിജയൻ ആ ഗ്രൗണ്ടിൽ ക ളിക്കാനിറങ്ങുന്നു എന്നതായിരുന്നു. കളി കാണുന്നതിനേക്കാളും ഐ. എം .വിജയനെ കാണാനായി ആളോള് പാഞ്ഞെത്തി. ഗാലറിയിൽ ആകെ കച്ചറ. അഞ്ചു വയസുമുതൽ എൺപത് വയസ്സുവരെയുള്ള ആരാധകർ ആർത്തു വിളിക്കുന്നു.

അങ്ങനെ കളി തുടങ്ങി. എന്റെ അപ്പർത്തും ഇപ്പർത്തും ഇരിക്കുന്നത് അൽപം പ്രായമുള്ള ഇക്കാക്കമാരാണ്. കളി മുറുകിയതോടെ കമന്ററിയെക്കാൾ ഉറക്കെയുള്ള ആക്രോശങ്ങൾ കേൾക്കാം. അങ്ങോട്ട് തട്ട്, ഇങ്ങോട്ട് പായെടോ എന്നിങ്ങനെ. എല്ലാവരും പറയുന്നത് കേട്ട് ഞാനും പറഞ്ഞു. ‘വിജയേട്ടാ...അങ്ങനെ ചെയ്യ് ഇങ്ങനെ ചെയ്യ്’ എന്ന്. മുന്നിൽ എഴുപത്തിയഞ്ച് വയസോളം പ്രായം വരുന്ന ഉപ്പുപ്പ ഉണ്ടായിരുന്നു. മൂപ്പര് വേഗം തിരിഞ്ഞിട്ട് വളരെ കാര്യ ഗൗരവത്തോടെ എന്നോട് പറഞ്ഞു‘‘ഇയ്യെന്ത് പരിപാടിയാടോ ചെയ്യുന്നേ... ഓല്ക്ക് കളി പറഞ്ഞു കൊടുക്കല്ല. ’’

അന്ന് എനിക്ക് അതിൽ ഒളിഞ്ഞു കിടന്ന തമാശ മനസിലായിരുന്നില്ല. വർഷങ്ങൾക്കിപ്പുറം സൗഹൃദ കൂട്ടത്തിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു ‘‘ എ ന്നാലും ന്റെ ചെങ്ങായ്യേ ഇജ്ജ് ഐ. എം .വിജയന് കളി പറഞ്ഞു കൊടുത്ത മന്സനല്ലേ’’. ഇപ്പോഴും ഈ തമാശ ഞങ്ങളുടെ ഫു‍ട്ബോൾ ചർച്ചകളിൽ നിത്യ സാന്നിധ്യമാണ്. അന്ന് വളരെ ആത്മാർഥമായി വളരെ സീരിയസായി എന്നോട് അങ്ങനെ പറഞ്ഞ ആ ഉപ്പാപ്പാനെ ഇന്നും ഓർക്കാറുണ്ട്. മൂപ്പര് ശരിക്കും എതിർ ടീമായിരിക്കും അല്ലാണ്ടെ അത്ര ബേജാറാവില്ല.

ഫുട്ബോള് കാണുമ്പോഴുള്ള ഒത്തൊരുമയും കെട്ടിപ്പിടുത്തോം ഒക്കെ എന്നും ഉണ്ട്. മതമൈത്രി എന്ന കടിച്ചാപ്പൊട്ടാത്ത വാക്കൊന്നും പറയാൻ മലപ്പൊറത്തുകാർക്കു പറ്റ്ണ്ടാവില്ല. പക്ഷേ, അവരത് ജീവിതം കൊണ്ട് കാണിച്ചു തരും. വരീന്ന്... മ്മക്ക് അങ്ങാടിപ്പുറത്തേക്ക് പോവാം.

thuru ഫോട്ടോ: സമീർ എ. ഹമീദ്

നായരേട്ടൻ എന്ന ചങ്ക് ബ്രോ

പെരിന്തൽമണ്ണക്കടുത്താ അങ്ങാടിപ്പുറം. അവിടെ ഒരു വലിയ മതിൽകെട്ടിനുള്ളിൽ ഒരു അമ്പലവും ഒരു പള്ളിയും വർഷങ്ങളായി ആത്മ മിത്രങ്ങളെപോലെ നിലനിൽക്കുന്നു. അതൊരു സംസ്കാരമാണ്. മലപ്പുറത്തിന്റെ മുക്കിലും മൂലയിലും കാണുന്ന സംസ്കാരം. ആരെന്തൊക്കെ പറഞ്ഞാലും മനുഷന്മാരെ മനുഷന്മാരായി തന്നെയാ ഈ നാട്ടുകാർ കാണാറുള്ളത്.

തിരഞ്ഞെടുപ്പിലും കാണാം ഇത്. തിരഞ്ഞടുപ്പ് വരുമ്പോൾ മാത്രം മത്സരിച്ച് നിക്കുകയും അല്ലാത്തപ്പോൾ ഒന്നിച്ചു നിൽക്കുകയും ചെയ്യുന്ന ചില ‘രസകരമായ ആചാരങ്ങൾ’ കൂടിയുണ്ട് മലപ്പുറത്തിന് സ്വന്തമായിട്ട്. ഓരോ മത്സരവും അതിന്റെ അവസാന ദിവസത്തോടെ എല്ലവരുടേയും മനസ്സിൽ നിന്നും ഇറങ്ങി പോകും. പിന്നെയാ മനസ് അടുത്ത മത്സരത്തിന് മാത്രമേ തിരികെയെത്തൂ. നീയീ ജാതിയല്ലേ, അവർ നമ്മളെ ജാതിയല്ലല്ലോ.. ഇങ്ങനെയുള്ള വാക്കുകളൊന്നും ഒരിക്കൽപോലും ഞങ്ങൾ പരസ്പരം പറയാറോ കേൾക്കാറോ ഇല്ല. അന്റെ ജാതിയേതാ എന്നു ഒരു മലപ്പുറംകാരൻ ചോദിക്കൂല.

Prayer-Meet ഫോട്ടോ: സമീർ എ. ഹമീദ്

നോമ്പിന്റെ കാലമായാൽ ഭയങ്കര രസമാണ്. ഓരോ സംഘടനകളും നോമ്പ്തുറ സംഘടിപ്പിക്കും. അതിലിപ്പോൾ ഇസ്ലാംഎന്നോ ക്രിസ്ത്യൻ എന്നോ ഹിന്ദുവെന്നോ വ്യത്യാസമൊന്നുമില്ല. എല്ലാവരും എല്ലാത്തിലും പങ്കെടുക്കും. എല്ലാ ക്രിസ്മസിനും ഞങ്ങളുടെ വീട്ടിൽ ക്രിസ്മസ് കേക്ക് എത്തിയിരിക്കും.

ആ നാട്ടിൽ ജനിച്ചു വളർന്ന ഓരോ വ്യക്തിയ്ക്കുമറിയാം ഞങ്ങളുടെ ഭാഷ സ്നേഹമാണ്. അതാണ് സുഡാനിയിൽ കണ്ടത്. നാടും വീടും ഊരും അറിയാത്ത സാമുവലിനെ ഐഷുമ്മയും ബീയുമ്മയും സ്നേഹിക്കുന്നത് മനസ്സറിഞ്ഞാണ്. കളങ്കമില്ലാത്ത സ്നേഹമാണത്. എന്റെ കണ്ണുകളിൽ കയറിയിറങ്ങി പോയ എത്രയോ ഉമ്മമാരുണ്ട് അങ്ങനെ. അതുപോലെ തന്നെ നായരേട്ടനും. യഥാർഥത്തിൽ നായരേട്ടൻ ശരിക്കും ഒരു ‘നായരേട്ടൻ’ തന്നെയാണ്.

അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു ദിവസം എങ്ങനെയാണോ അത് സിനിമയിൽ കാണിച്ചു എന്ന് മാത്രമേയുള്ളൂ. നാടകവും സിനിമയും അഭിനയവും ഒപ്പം പശുവിനേയും നാട്ടുകാരേയും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട നായരേട്ടൻ. സിനിമ കണ്ടോരെല്ലാം പറഞ്ഞു ഇങ്ങനെയൊരു നായരേട്ടനെ ഞങ്ങൾക്കൊക്കെ അറിയാം. ശരിയാണ് എല്ലാ നാട്ടിലുമുണ്ടാകും. ന്റെ മലപ്പുറത്തെ ഓരോ പഞ്ചായത്ത് വാർഡിലും കാണും ഇങ്ങനെയൊരു നായരേട്ടൻ.

സ്നേഹം കാണിക്കാനുള്ളതാണെന്ന് മലപ്പൊറത്തു കാർക്കറിയാം. ഇങ്ങള് ഒരു വീട്ടില് ചെന്നാൽ ഒരു ഗ്ലാസ് കട്ടൻചായയെങ്കിലും തരാതെ അവരിങ്ങളെ വീടൂല.

എനിക്ക് മലപ്പുറം ശരിക്കും രണ്ട് ദേശങ്ങളുടെ കഥകളാണ്. പൊന്നാനിയിൽ ഉമ്മാന്റെ വീടും വളാഞ്ചേരിയിൽ ഉപ്പാന്റെ വീടും. മലപ്പുറത്തെ രണ്ട് സ്ഥലങ്ങളാണെങ്കിലും ഇവിടുത്തെ രീതികൾ തികച്ചും വ്യത്യസ്തമാണ്. മലപ്പുറത്തിന്റെ ചില ഭാഗങ്ങളിൽ രാവിലെ തന്നെ ബീഫ് വരട്ടിയതും കട്ടൻ ചായയും കഴിക്കുന്നവരുണ്ട്. പലഹാരങ്ങളുടെയെല്ലാം ഈറ്റില്ലം എന്ന് പറയുന്നത് പൊന്നാനിയാണ്.

രാവിലത്തെ ചായ മുതൽ തന്നെ പലഹാരങ്ങളുടെ വെറൈറ്റി തുടങ്ങും. ഇപ്പോഴും ഓർമയിൽ എത്തുന്ന രുചി അതിരാവിലെ വല്യുപ്പാ കൊണ്ടുതരുന്ന മുട്ട പത്തിരിയുടേതാണ്. പൊന്നാനിയിലെ മിക്ക കടകളിലും രാവിലെ തന്നെയുണ്ടാക്കുന്ന പലഹാരമാണിത്. നെയ്യപ്പം പോലിരിക്കും പക്ഷേ, നെയ്യപ്പത്തിന്റെ അത്ര നിറമില്ല. ഉണ്ടാക്കി വെച്ചാൽ പത്ത് മണിയാവും മുന്നേ എല്ലാം വിറ്റ് പോയിട്ടുണ്ടാകും.

രാവിലെ പള്ളി കഴിഞ്ഞ് വരുമ്പോഴാണ് വല്യുപ്പ മുട്ടപ്പത്തിരിയുടെ ഒരു പൊതി കയ്യിൽ കരുതുക. ഞങ്ങൾ കൊച്ചുമക്കളെല്ലാം തമ്മിൽ പിന്നെ, പൊരിഞ്ഞ പോരാട്ടമാണ്. ആദ്യം എണീക്കുന്നോർക്ക് ആദ്യം കിട്ടും. ഞാനൊക്കെ നേരത്തെ എണീറ്റ് റെഡിയായിട്ട് നിൽക്കുന്നുണ്ടാകും. രാവിലത്തെ ഇളം തണുപ്പിൽ ആ മുട്ടയും അരിയും ചേർത്ത് കുഴച്ച് എണ്ണയിൽ പൊരിച്ചെടുക്കുന്ന പത്തിരി കഷ്ണം വായിലിട്ട് കുറച്ച് കട്ടൻ ചായയും കൂടി അങ്ങ് കുടിച്ചാൽ മതി. ഇപ്പോഴും രുചിയുടെ പെരുന്നാളാ.

അതുപോലെ മലപ്പുറത്തിന്റെ മാത്രം പ്രിയപ്പെട്ട പലഹാരമാണ് പൂളാഫ്. പൂള എന്ന് പറഞ്ഞാൽ മലബാറിൽ കപ്പ (മരച്ചീനി) യാണ്. കപ്പയ്ക്കൊപ്പം ബീഫ് കൂടി ചേർത്ത് പ്രത്യേകം തയാറാക്കുന്ന ഒരു വിഭവമാണ് പൂളാഫ്. വൈകുന്നേരമാണ് മിക്കയിടത്തും പൂളാഫ് ഉണ്ടാക്കുന്ന സമയം. വഴിയോരത്തെ ചായക്കടകളിൽനിന്നെല്ലാം പൂളാഫിന്റെ മണം നിറഞ്ഞു പൊങ്ങും. നാട്ടിലെ പല സൗഹൃദങ്ങളും ചിന്തകളും ചർച്ചകളും മൊട്ടിട്ടു പൂവിടുന്നത് ഈ പൂളാഫിന്റെ എരിവിലും ചൂടിലുമായിരിക്കും. കൂട്ടുകാർക്കൊന്നിച്ച് വട്ടം കൂടി നിന്ന് ചായക്കൊപ്പം നുണഞ്ഞു കഴിക്കണം. ഒപ്പം ഒരു ചെറിയ മഴ കൂടിയുണ്ടെങ്കില്‍ അരങ്ങായിട്ട്ണ്ടാവും.

പൂളാഫിന്റെ മണം തിരഞ്ഞു പോയാൽ മതി നമ്മള് ഹോട്ടലിലെത്തും. ശരിക്കും പറഞ്ഞാ മലപ്പുറം കുറേ മണങ്ങളുടെ നാടാണ്. നല്ല അത്തറിന്റെ മണം, ഇടക്കിടെ നെയ്ച്ചോറിന്റെ മണം ഇങ്ങനെ കുറേ മണങ്ങൾ.... നല്ല ഗസലിന്റെ ഈണങ്ങളും, മാപ്പിളപ്പാട്ടിന്റെ ചേലും ഇവിടെയുണ്ട്.

പല വീടുകളിലും കാലങ്ങളായി കാത്ത് വയ്ക്കുന്ന സമ്പാദ്യങ്ങളാണ് കസറ്റുകളും ടേപ്പ് റെക്കാർഡറും. ഗൾഫ്കാര് നിരവധിയുള്ളതു കൊണ്ട് പാട്ട്പെട്ടിയുടെ പുതിയ രൂപങ്ങൾ എന്നും ഞങ്ങൾക്ക് സുപരിചിതമായിരുന്നു. ഗൾഫിൽന്ന് ആരു വന്നാലും ഒഴിവാക്കാനാവാത്ത ഒന്നുണ്ടാവും; ടേപ്പ് റിക്കോർ‌ഡർ. അതുള്ള വീട്ടിലെ ചെക്കന്മാരൊക്കെ വല്യ സുജായികളാണെന്നായിരുന്നു നാട്ടിലെ വിശ്വാസം.

KADALUNDI-RIVER-VIEW-FROM-COPTER ഫോട്ടോ: സമീർ എ. ഹമീദ്

ഒരു ചോന്ന ടേപ്പ് റെക്കോർഡ് മതി

ഉപ്പാന്റെ വീട്ടിലുണ്ടായിരുന്നു ഒരു കറുപ്പും സിൽവറും നിറത്തിലുള്ള ടേപ്പ് റെക്കോർഡർ. അതിന്റെ കാസറ്റിടുന്ന വശം ചെറുതും ബോക്സ് വലുതുമാണ്. വീട്ടിലെ സ്ത്രീകൾക്ക് ഓത്ത് കേൾക്കാനും പ്രഭാഷണം കേൾക്കാനും കൂടിയാണ് ഈ പാട്ടുപെട്ടി എത്തിക്കുന്നത്. ഏതു പാട്ടുകേട്ടാലും ഒാർമവരുന്നത് ആ ടേപ്പ് റെക്കോർഡറാണ്. പിന്നെ അടുക്കി അടുക്കി വച്ച കസറ്റ് പെട്ടികളും.

എന്റെ വല്യുമ്മയ്ക്ക് ടേപ്പ് റെക്കോർഡറിനോട് പെരുത്ത ആരാധനയായിരുന്നു. വല്യുമ്മാനെ പോലെ നാട്ടിലെ പല സ്ത്രീകളും ഏറ്റവും വിലപ്പെട്ട വസ്തുവായി കണ്ടിരുന്നതും ടേപ്പ് റെക്കോർഡറുകളെ തന്നെയായിരിക്കണം. ഇന്നും ഗൾഫിൽ നിന്ന് ആരെങ്കിലും വരുമ്പോൾ ‘എന്തേലും കൊണ്ടരണോ’ എന്ന് ചോദിച്ചാൽ വല്യുമ്മ പറയും ‘ഇയ്ക്ക് ഒരു ചോന്ന ടേപ്പ് റെക്കോർഡർ മതി.’

ഇത് കേട്ട് നമ്മള്, ‘‘വല്യുമ്മാ കാലമൊക്കെ മാറി ഇപ്പോ സിഡീന്റം പെൻഡ്രൈവിന്റെം ഒക്കെ കാലാ’’ എന്നു പറഞ്ഞാ വല്യുമ്മാന്റെ ഉത്തരം ഇങ്ങനെയാവും ‘‘ആയ്ക്കോട്ടെ അയ്നെന്താ ഇയ്യ് ഇനിക്ക് ആ സാധനൊക്കെ ഇടാൻ പറ്റിയ ഒരു ടേപ്പ് റെക്കോർഡർ കൊണ്ടോന്നോളീ..’’ ആരാപ്പ എ ടങ്ങേറായത്? ഇതുപോലെ ഒരുപാടു വല്യുമ്മമാരെ ‍ഞാൻ കണ്ടിട്ടുണ്ട്. പലരും ഒരു തിയറ്ററിൽ പോയി സിനിമ പോലും കണ്ടിട്ടുണ്ടാവില്ല.

സിലിമയൊന്നും അല്ലടോ, ജീവിതാ...

‘‘അത് സിനിമയൊന്നും അല്ല ചെങ്ങായീ കുറച്ചാളോളുടെ ജീവിതാ... ’’ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ വാക്കുകളാണിത്. ഇത് പറഞ്ഞത് എന്റെ ചങ്ങായീന്റെ എഴുപത്തിയഞ്ചു വയസ്സുള്ള ഉമ്മയാണ്.

ഒാര് ആദ്യമായിട്ടാ ടാക്കീസിൽ പോയി ഒരു സിനിമ കാണുന്നത്. പണ്ട് തൊട്ടേ കേട്ട കഥകളിൽ സിനിമയോട് പെരുത്ത് സ്നേഹമുണ്ടെങ്കിലും ‘അത് നമ്മക്കൊന്നും പറ്റില്ലാ’ എന്നൊരു ധാരണയായിരുന്നു മലപ്പൊറത്താകെ. മറ്റ് സ്ഥലങ്ങളിലെ പോലെ സ്ത്രീകള്‍ തിയറ്ററിൽ പോയി സിനിമ കാണുന്നതൊക്കെ നന്നേ ചുരുക്കമാണ്. എന്റെ സിനിമ തിയറ്ററിൽ എത്തിയപ്പോഴാണ് പല സ്ത്രീകളും സിനിമാ കൊട്ടകയും സ്ക്രീനും ഒക്കെ ആദ്യമായി കാണുന്നത് തന്നെ. അങ്ങനെ എന്റെ ചങ്ങായീടെ ഉമ്മയും സുഡാനി കാണാനായിട്ടാണ് ആദ്യമായി തിയറ്ററിൽ എത്തിയത്. തിരികെയെത്തിയപ്പോൾ അവരുടെ ഗൾഫിലുള്ള മൂത്ത മകൻ വിളിച്ചു ചോദിച്ചു ‘‘ ഉമ്മാ, നിങ്ങൾ പണ്ട് നമ്മളെയൊന്നും സിനിമ കാണാൻ വിടാതിരുന്നിട്ട് ഇപ്പോ വയസായപ്പോ ഇങ്ങള് സിനിമ കാണാനൊക്കെ ഇറങ്ങിയല്ലേ.’’

ഉമ്മ വളരെ ആത്മാർഥമായിട്ട് അതിനുള്ള മറുപടി നൽകി.‘‘ഏയ് അത് സിലിമയൊന്നും അല്ലടാ. മ്മടെ ചുറ്റുപാടുമുള്ള കുറച്ചാളോൾടെ ജീവിതാ...’’ എന്റെ മനസിനെ ഏറെ സ്പ ർശിച്ച അഭിപ്രായങ്ങളിൽ ഉമ്മയുടെ നെഞ്ചിൽ നിന്നും വന്ന ആ മറുപടിയുണ്ട്.

സ്ത്രീകളിൽ കുറച്ചു പേർക്ക് സിനിമ അകന്നു നിക്കുമ്പോഴും ഞങ്ങളെപ്പോലുള്ള കുറച്ച് ചെറുപ്പക്കാർക്ക് സിനിമ സ്വപ്നമാണ്. ആ സ്വപ്നം യാഥാർഥ്യമാക്കാൻ ആത്മാർഥമായി ഒപ്പം നിക്കുന്നവരാണ് ഓരോ മലപ്പുറത്തുകാരനും. കലാഭവൻ മണി അഭിനയിച്ച വാൽക്കണ്ണാടിയാണ് ആദ്യമായി തിയറ്ററിൽ പോയി കണ്ട സിനിമ. അത് ചെറുപ്പുളശ്ശേരിയിലെ ഒരു തിയറ്ററിലായിരുന്നു. ഇന്നിപ്പോ കേരളത്തിൽ ഏറ്റവും കൂടുതൽകളക്ഷൻ കിട്ടുന്നത് മലപ്പുറത്താണ് എന്ന് പറയുമ്പോൾ എന്തോ മനസിന് വല്ലാത്ത സന്തോഷം. വിദ്യാഭ്യാസവും പുതിയ ചിന്തകളും മലപ്പുറത്തിനെ ഏറെ മുന്നിലെത്തിച്ചിരിക്കുന്നു.

കാലുഷ്യം എവിടെ തലപൊക്കിയാലും അതിന്റെ അലയൊ ലികൾ ഉയരാതിരിക്കാനുള്ള വിവേകവും ജാഗ്രതയും ഓരോ മലപ്പുറത്തുകാരന്റേയും ശീലമാണ്. അതെപ്പോഴും കാണിക്കാറുമുണ്ട്. സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള മനസുണ്ട്. തുറന്നിട്ട വീടുകളും അടുക്കളകളുമാണ് ഞങ്ങൾ മലപ്പുറംകാരെ വേറിട്ടതാക്കുന്നത്.

സിനിമാ ചർച്ചകളുമായി കൊച്ചിയിലേക്ക് കുടിയേറിയപ്പോൾ സുഹൃത്ത് ഒരു ദിവസം പറഞ്ഞു, ‘‘ പണ്ടൊക്കെ കൊച്ചിയിലെ തിരക്കിനുള്ളിലൂടെ ഒരു കെ എൽ പത്ത് വണ്ടി പോകുന്നത് കണ്ടാൽ ‍ഞങ്ങൾ കളിയാക്കുമായിരുന്നു. എന്തുകൊണ്ടോ പൊന്നാനിയും മലപ്പുറവും എല്ലാം ഞങ്ങൾക്ക് ഒരു തമാശയായിരുന്നു. പക്ഷേ, ഒരു മലപ്പുറംകാരനെ പരിചയപ്പെട്ട് ക ഴിയുമ്പോഴാണ് ആനാടിനെ കുറിച്ചുള്ള ചിത്രം മാറുന്നത്.’’ അതെ ആ നന്മയെ തന്നെയാണ് സുഡാനി ഫ്രം നൈജീരയിയലൂടെ വരച്ചു കാട്ടിയത്.

ഇത്രേയുള്ളൂ ഞങ്ങൾ മലപ്പുറംകാർ.

ഇത്രമാത്രം...