Wednesday 10 August 2022 09:36 AM IST : By സ്വന്തം ലേഖകൻ

‘അമ്മയേയും അച്ഛനേയും സഹായത്തിനു വീട്ടിലേക്ക് വിളിച്ചാൽ ഗുണവും ദോഷവുമുണ്ട്’: രസികൻ വിഡിയോ വൈറൽ

sudev-nair

ആദ്യചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടി, കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് സുദേവ് നായർ. ഇപ്പോൾ കരുത്താർന്ന കഥാപാത്രങ്ങളിലൂടെ സുദേവ് മലയാളസിനിമയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു.

ഇപ്പോൾ ഒരു അപകടത്തെ തുടർന്ന് വീട്ടിൽ വിശ്രമിക്കുന്ന സുദേവ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോ ആണ് വൈറൽ.

വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ നടക്കുന്ന സുദേവ് ഒരു അടിപൊളി പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതാണ് വിഡിയോയിൽ. സ്റ്റിക്കിന്റെ സഹായത്തോടെ വായുവിലേക്ക് ഉയർന്ന് ഡാൻസ് സ്റ്റെപ്പുകൾ കാണിക്കുന്ന സുദേവിനെ ചിരിയോടെ പ്രോത്സാഹിപ്പിക്കുന്ന അച്ഛനെയും കാണാം.

എന്നാൽ ഇതു കണ്ടുകൊണ്ടു വരുന്ന അമ്മ രണ്ടാളെയും ശാസിക്കുന്നതും വിഡിയോയിൽ കാണാം. ‘എന്താടാ കാണിക്കുന്നത് ? പോയി അകത്തുകിടക്ക്’ എന്ന് സുദേവിനെ അമ്മ ശാസിക്കുമ്പോൾ, ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ പത്രം പത്രം തലതിരിച്ചു പിടിച്ചു വായന തുടരുന്ന അച്ഛന്റെ മുഖഭാവങ്ങൾ ചിരിയുണർത്തും.

‘അമ്മയേയും അച്ഛനേയും സഹായത്തിനു വീട്ടിലേക്ക് വിളിച്ചാൽ ഗുണവും ദോഷവുമുണ്ട്’ എന്ന കുറിപ്പോടെയാണ് സുദേവ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.