Wednesday 12 September 2018 04:26 PM IST

‘അനിയനിൽ നിന്ന് അമ്മാവനിലേക്ക്...’ സുധീഷ് അങ്ങനെ ‘സീനിയർ’ ലിസ്റ്റിലെത്തി

Roopa Thayabji

Sub Editor

sudheesh-cover

നിർത്താതെ പുകവലിക്കുന്നവരെ ‘ചെയിൻ സ്മോക്കർ’ എന്നു വിളിക്കും. അപ്പോൾ ഈ ചെയിനും ട്രെയിനിലെ ചങ്ങലയും തമ്മിൽ വല്ല ബന്ധവുമുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു തികഞ്ഞ പുകവലിക്കാരന്റെ കഥപറഞ്ഞ് തിയറ്ററുകൾ തകർത്തോടുന്ന ‘തീവണ്ടി’ക്ക് കയ്യടി കിട്ടുമ്പോൾ അങ്ങ് കോഴിക്കോട്ടെ വീട്ടിലിരുന്നു ഒരാൾ ചിരിക്കുകയാണ്. നായകന്റെ സഹപാഠി, നായികയുടെ അനിയൻ, നാട്ടിലെ കൂട്ടുകാരൻ എന്നിങ്ങനെ ‘ജൂനിയർ’ റോളുകളിൽ നിന്ന് നായകന്റെ അമ്മാവനായി ‘സീനിയർ’ ലിസ്റ്റിൽ ഇടം കിട്ടിയ സന്തോഷത്തിൽ നടൻ സുധീഷ് വനിത ഓൺലൈനോടു സംസാരിച്ചു. ‘‘അഭിമുഖത്തിനു മുമ്പ് നിയമപരമായ മുന്നറിയിപ്പ്, പുകവലി ആരോഗ്യത്തിനു ഹാനികരം.’’

∙ ‘തീവണ്ടി’ തകർത്തോടുകയാണല്ലോ ?

ആദ്യദിവസം തന്നെ 18 ഷോ കളിച്ച സിനിമയെന്നൊക്കെ കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ട്. വർഷങ്ങളായി എനിക്കു കിട്ടിക്കൊണ്ടിരുന്ന ഒരേ ഇമേജ് കഥാപാത്രങ്ങളിൽ നിന്നൊരു മാറ്റം കാത്തിരിക്കുകയായിരുന്നു. അതിലേക്ക് ‘തീവണ്ടി’ എനിക്കും ഗ്രീൻ സിഗ്നൽ തന്നു. മുമ്പ് നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെന്നൊക്കെ ഇന്നത്തെ ആളുകൾക്ക് അറിയില്ലല്ലോ. സിനിമയിലെ എന്റെ ഇൻട്രോ സീൻ പറഞ്ഞുകേട്ടപ്പോൾ തന്നെ ത്രില്ലടിച്ചു പോയി. അതിലെ സസ്പെൻസ് കണ്ടുതന്നെ അറിയണം.

∙ ‘തീവണ്ടി’യുടെ അമ്മാവനാകാൻ വേണ്ടി എത്രയെണ്ണം പുകച്ചു ?

വിളിക്കുമ്പോൾ തന്നെ പറഞ്ഞിരുന്നു, പുകവലിക്കാരന്റെ വേഷമാണെന്ന്. ഞാനൊരു പുകവലിക്കാരനല്ല. പണ്ട് അച്ഛൻ പുകവലിക്കുന്നത് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. െചറിയ കുട്ടിയായിരുന്നപ്പോൾ അച്ഛനോടു ഇതുപറഞ്ഞ് വഴക്കുണ്ടാക്കും. അച്ഛനെ പുകവലിക്കാൻ അനുവദിക്കണമെങ്കിൽ എനിക്കൊരു മിഠായി തരണമെന്നായിരുന്നു കണ്ടീഷൻ. ഓരോ സിഗരറ്റിനും അച്ഛൻ ഓരോ മിഠായി തരും. അങ്ങനെ കഴിച്ച മിഠായിക്ക് കണക്കൊന്നുമില്ല. എന്റെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല, മരിക്കുന്നതിനു 12 വർഷം മുമ്പ് അച്ഛൻ പുകവലി ശീലം നിർത്തി. പക്ഷേ, അച്ഛന്റെ നാടകസംഘത്തോടൊപ്പം കുറേ വർഷങ്ങൾ ചെലവഴിച്ചതു കൊണ്ട് ഇരുത്തം വന്ന പല പുകവലിക്കാരുടെയും മാനറിസങ്ങൾ അറിയാമായിരുന്നു. അത് പുകവലിക്കാരുടെ ആശാനായ ‘തീവണ്ടി’യിലെ അമ്മാവൻ റോളിലേക്ക് എടുത്തുപയോഗിച്ചു എന്നുമാത്രം.

ഷൂട്ടിങ് തുടങ്ങും വരെ താടി വടിക്കരുത് എന്നാണ് ഫെല്ലിനി പറഞ്ഞിരുന്നത്. അപ്പോഴും താടിയൊന്നും നരയ്ക്കാത്ത അമ്മാവനാകും എന്നാണ് കരുതിയത്. പക്ഷേ, നായകനായ ടോവിനോയുടെ ബാല്യവും കൗമാരവും യൗവനവും കാണിക്കുമ്പോഴെല്ലാം മൂന്നു ഗെറ്റപ്പിൽ അമ്മാവനുമുണ്ട്. ശരിക്കും മേക്ക് ഓവറായിരുന്നു എനിക്ക്. നാട്ടിൽ നടക്കുന്ന വലിയ കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ, പുക വലിച്ചും കള്ളുകുടിച്ചും അങ്ങനെ ജീവിച്ചു പോകുന്ന നാട്ടുമ്പുറത്തുകാരൻ. സിനിമ കണ്ടിട്ട് ‘അമ്മാവൻ തകർത്തു’വെന്നു പറഞ്ഞ് നിർത്താതെ ഫോൺ ബെല്ലടിക്കുമ്പോൾ ഇതുവരെയില്ലാത്ത സന്തോഷമുണ്ട്.

sudheesh-1

∙ സിനിമയുടെ തിളക്കങ്ങൾക്കിടയിൽ നടൻ സുധീഷും അങ്ങനെ ജീവിച്ചുപോകുകയായിരുന്നു ?

അഭിനയത്തോടുള്ള ഇഷ്ടം കൊണ്ട് സിനിമയിലേക്ക് വന്നയാളാണ് ഞാൻ. അച്ഛൻ ടി. സുധാകരന്റെ നാടക കൂട്ടായ്മകൾ തന്ന അഭിനയത്തോടുള്ള ഇഷ്ടവും സ്നേഹവും. ബാലതാരമായി സിനിമയിലെത്തിയതും അച്ഛന്റെ ബന്ധങ്ങളുടെ കൈപിടിച്ചാണ്. ‘അനന്തര’ത്തിൽ അഭിനയിക്കാൻ ചെല്ലും മുമ്പ് അടൂർ ഗോപാലകൃഷ്ണൻ സാർ പറഞ്ഞിരുന്നു നീന്തലും സൈക്കിളും പഠിക്കണമെന്ന്. ആ സിനിമയ്ക്കു വേണ്ടി ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ നീന്തൽ പഠിച്ചത്. ലൊക്കേഷനിൽ ചെല്ലുമ്പോഴാണ് മതിലിനു മുകളിൽ നിന്ന് കുളത്തിലേക്ക് എടുത്തുചാടുന്ന സീനുണ്ടെന്ന് അറിയുന്നത്. ഞാനാകെ പേടിച്ചു. ആ സീൻ ഷൂട്ട് ചെയ്യാൻ രാവിലെ ഏഴിന് പ്ലാൻ ചെയ്തതാണ്. ഓരോ തവണയും ഓടിവന്ന് മതിലിനറ്റത്തെത്തുമ്പോൾ നിൽക്കും. അവസാനം വൈകുന്നേരം മൂന്നരയ്ക്കാണ് ഞാൻ ചാടിയത്.

അന്നു മുതലിങ്ങോട്ട് അനിയൻ, കോളജ് പയ്യൻ, കൂട്ടുകാരൻ തുടങ്ങിയ സ്ഥിരം റോളുകളിൽ സിനിമയിലെ രണ്ടുമൂന്ന് തലമുറയ്ക്കൊപ്പം ഒതുങ്ങി നടക്കുകയായിരുന്നു. 30 വർഷമാകുന്നു സിനിമയിൽ. ‘മണിച്ചിത്രത്താഴി’ലെ കിണ്ടിക്കു ശേഷം ‘തീവണ്ടി’ മറ്റൊരു ബ്രേക് തന്നു.

sud-2

∙ അഭിനയത്തിന്റെ വഴിയേ മകൻ രുദ്രാക്ഷുമുണ്ട് ?

അച്ഛന്റെ ഒടുവിലെ നാടകമായ ‘വൃദ്ധവൃക്ഷങ്ങ’ളിൽ ചെറിയ അഭിനയം രുദ്രാക്ഷ് കാഴ്ചവച്ചിരുന്നു. നാടകം നടക്കുമ്പോൾ സദസ്സിലിരുന്ന് ഒരു കുട്ടി കരയണം, അപ്പോൾ സ്റ്റേജിൽ നിന്ന് ആ കതാപാത്രം ഇറങ്ങിവന്ന് സമാധാനിപ്പിക്കും. ഇത് നാടകത്തിന്റെ ഭാഗമാണെന്ന് ആരുമറിയുകയുമില്ല. അങ്ങനെ കരഞ്ഞിരുന്ന സദസ്സിലെ കുട്ടി രുദ്രാക്ഷായിരുന്നു.

ഞാനും സംവിധായകൻ സിദ്ധാർഥ് ശിവയും തമ്മിൽ അച്ഛന്മാരുടെ കാലത്തേയുള്ള സൗഹൃദമാണ്. അങ്ങനെയാണ് കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‍ലോയിലേക്ക് സിദ്ധാർഥ് മോനെ വിളിക്കുന്നത്. അഭിനയം എന്ന പ്രൊഫഷന്റെ സുഖവും ബുദ്ധിമുട്ടും ആ സിനിമയുടെ 50 ദിവസത്തെ ഷൂട്ടിങ് കൊണ്ട് മോൻ അറിഞ്ഞിട്ടുണ്ട്. എന്നിട്ടും ഈ കരിയർ ഇഷ്ടപ്പെടുന്നത് രക്തത്തിൽ ആ ജീനുള്ളതുകൊണ്ടല്ലേ. അവൻ അഭിനയിക്കുന്നത് കണ്ട് ഏറെ സന്തോഷിക്കുന്നയാൾ അച്ഛനാകും. ഉദയാ നിർമിക്കുന്ന സിനിമയിലേക്ക് രുദ്രാക്ഷ് അഡ്വാൻസ് വാങ്ങിയ വിവരമൊക്കെ അച്ഛൻ അറിഞ്ഞിയിരുന്നു. പക്ഷേ, സിനിമ റിലീസായപ്പോൾ അച്ഛൻ ഉണ്ടായില്ല. 2016 ജനുവരിയിലാണ് അച്ഛൻ മരിച്ചത്. അപകടമരണമായിരുന്നു.

രുദ്രാക്ഷ് കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ഇളയവൻ മാധവിന് മൂന്നര വയസ്സായി. കൊച്ചൗവ പൗലോയിൽ രുദ്രാക്ഷിന്റെ ചെറുപ്പം അഭിനയിച്ചത് മാധവാണ്.

sudheesh-vanitha ചിത്രം; സരിൻ രാംദാസ്