Wednesday 20 March 2019 11:42 AM IST : By സ്വന്തം ലേഖകൻ

‘ഞാൻ മദ്യപിക്കാറില്ല, പ്രചരിക്കുന്നതല്ല സത്യം’! വിശദീകരണവുമായി സുധീർ: വിഡിയോ

sudhir-actor

ആലപ്പുഴയിലെ ഒരു ബാറിനു മുന്നിൽ വച്ച് നടൻ സുധീർ പ്രദേശവാസികളുമായി തല്ലു കൂടിയതിന്റെ വാർത്തയും വിഡിയോയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി സുധീർ തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. താൻ മദ്യ ലഹരിയിലായിരുന്നു എന്ന വാർത്തകള്‍ നിഷേധിച്ച സുധീർ, താൻ മദ്യപിക്കുന്ന ആളല്ല എന്നും സ്വന്തം സഹോദരനെ കാരണമില്ലാതെ തല്ലുന്നതു കണ്ടപ്പോൾ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും ഫെയ്സ്ബുക്ക് വിഡിയോയിൽ പറഞ്ഞു.

‘‘ഞാൻ മദ്യപിക്കാറില്ല. സുഹൃത്തിനെയും കൂട്ടി ആലപ്പുഴയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് അവിടെ എത്തിയത്. രണ്ട് വണ്ടിയിലായിരുന്നു യാത്ര. എന്റെ കാറിൽ മൂന്നുപേർ. പുറകിലെ കാറിലും മൂന്നുപേർ. ആ ഹോട്ടലിൽ നിന്നു പുറത്തിറങ്ങിയപ്പോൾ ബാറിൽ നിന്നിറങ്ങിയ ഒരാൾ കുടിച്ച് ബോധമില്ലാതെ വണ്ടിക്ക് വിലങ്ങായി നിൽക്കുന്നു. ഹോണടിച്ചപ്പോൾ മാറാൻ പോലും കൂട്ടാക്കാതെ തിരിഞ്ഞുതന്നെ നിന്നു. രണ്ടാമതും ഹോണടിച്ചതോടെ വണ്ടിയുെട ബോണറ്റിൽ ഒറ്റയടി. ഇതുകണ്ടതും എന്റെ സുഹൃത്ത് മനോജ് വണ്ടിയിൽ നിന്നും ചാടിയിറങ്ങാൻ തുടങ്ങി. എന്നാൽ ഞാൻ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. കാരണം അയാൾ അത്രയ്ക്ക് ഫിറ്റായിരുന്നു. രണ്ട് മിനിറ്റ് നോക്കിയിട്ടും മാറാതായതോടെ മനോജ് വണ്ടിയിൽ നിന്നിറങ്ങി അയാളോട് മാറാൻ ആവശ്യപ്പെട്ടു. എന്നാൽ, ഇല്ലെങ്കിൽ നീ എന്തുചെയ്യും എന്നു ചോദിച്ച് അയാൾ അസഭ്യം പറയാൻ തുടങ്ങി. അതു പിന്നീട് ഉന്തും തളളുമായി. തൊട്ടടുത്തായി പൊലീസും നിൽക്കുന്നുണ്ടായിരുന്നു. അടി ഉണ്ടായതോടെ അവരും ഓടിയെത്തി. മദ്യപിച്ച ആളുടെ കൂടെ കുറേപേർ കൂടി. അത് വീണ്ടും ബഹളത്തിനിടയാക്കി. പൊലീസുകാർ എല്ലാവരെയും പിടിച്ച് പൊലീസ് ജീപ്പിൽ കയറ്റിയപ്പോഴാണ് വീണ്ടും തല്ലുണ്ടായത്. എന്റെ അനിയനെയും കൂട്ടുകാരനെയും തല്ലുന്നത് കണ്ടിട്ടാണ് ഞാൻ ഇടപെട്ടത്. കൂടെപിറപ്പ് തല്ലുകൊള്ളുന്നത് കണ്ട്, ഒരു നടനാണ്, മാനംപോകുമെന്ന് പറഞ്ഞ് നോക്കി നിൽക്കാൻ ഞാൻ അത്ര ചീപ്പല്ല. പൊലീസുകാരെയും ഇവർ അസഭ്യം പറഞ്ഞു. കള്ളുകുടിച്ചിട്ടാണ് ഞാൻ പ്രശ്നമുണ്ടാക്കിയതെങ്കിൽ പൊലീസ് എന്റെ മെഡിക്കൽ എടുക്കില്ലേ’’.– വിഡിയോയിൽ സുധീർ പറയുന്നു.