Wednesday 14 November 2018 02:47 PM IST : By സ്വന്തം ലേഖകൻ

‘‘എന്റെ മകളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി, അങ്ങനെയല്ലെന്ന് ആര്‍ക്കും എന്നോടു പറയാനാവില്ല’’; സുഹാനയെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി ഷാരൂഖ്

suhana-new

ബോളിവുഡിന്റെ ‘ബാദ്ഷ’, ഇന്ത്യൻ സിനിമയുടെ ‘കിങ് ഖാൻ’ ഷാരൂഖിന്റെ മകൾ സുഹാന അഭിനയ രംഗത്തേക്കു കടന്നിട്ടില്ല എങ്കിലും ഇപ്പോഴേ മാധ്യമങ്ങളിൽ താരമാണ്. സാമൂഹിക മാധ്യമങ്ങളില്‍ സുഹാനയുടെ നിറത്തെയും വസ്ത്രധാരണത്തെയും പരിഹസിക്കുന്നവരും കുറവല്ല. എന്നാൽ തന്റെ മകളെക്കുറിച്ചുള്ള വിമർശനങ്ങൾ ഷാരൂഖ് ഖാനെ തളർത്തുന്നില്ല. തന്റെ ‘ചെല്ലക്കുട്ടി’ യെ കുറ്റപ്പെടുത്തുന്നവർക്ക് പരോക്ഷമായി മറുപടി പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ.

ഒരു അഭിമുഖത്തിൽ സുഹാന മുഖസൗന്ദര്യ ലേപനങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘‘എന്റെ ആരാധകരോട് ഞാന്‍ കള്ളം കാട്ടിയിട്ടില്ല. സത്യസന്ധമായാണ് പെരുമാറിയിട്ടുള്ളത്. ഞാനൊരിക്കലും പുറംമോടി നോക്കിയല്ല ആളുകളെ മനസ്സിലാക്കുക. ഞാന്‍ സുന്ദരനല്ല, നല്ല ശരീരമില്ല, നന്നായി നൃത്തം ചെയ്യാനറിയില്ല, നല്ല തലമുടിയില്ല, സിനിമയില്‍ എങ്ങനെ സൂപ്പര്‍താരമാകാം എന്ന് പറഞ്ഞു തരുന്ന വിദ്യാലയത്തില്‍ പഠിച്ചിട്ടുമില്ല. അങ്ങനെയുള്ള ഞാനെങ്ങനെ മറ്റുള്ളവരെ വിലയിരുത്തും. ഞാന്‍ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. അമാനുഷികമായ ശക്തികള്‍ ഒന്നും തന്നെയില്ല. എന്നിട്ടും സിനിമാ പോസ്റ്ററുകളില്‍ ഞാന്‍ നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍ അതു പുറംമോടി കണ്ടു മയങ്ങുന്ന ഒരു സമൂഹത്തിന്റെ ഭാഗമല്ലാത്തതു കൊണ്ടായിരിക്കും. സത്യസന്ധമായി ഞാന്‍ പറയും, എന്റെ മകള്‍ ഇരുണ്ടതാണ്. അവളാണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി. അങ്ങനെ അല്ലെന്ന് ആര്‍ക്കും എന്നോട് പറയാനാവില്ല’’.– ഷാരൂഖ് വ്യക്തമാക്കുന്നു.